ഡിജിറ്റൽ സർവ്വേ: 14 വില്ലേജുകളിൽ കരട് റിക്കാർഡ് പ്രസിദ്ധീകരിച്ചു
കണ്ണൂർ ജില്ലയിൽ ഡിജിറ്റൽ റീസർവ്വേ ഒന്നാം ഘട്ടത്തിൽ ഉൾപ്പെട്ട 14 വില്ലേജുകളിൽ മുഴുവൻ ഫീൽഡ് ജോലി പൂർത്തീകരിച്ച് 9 (2) കരട് റിക്കാർഡ് പ്രസിദ്ധീകരിച്ചു. രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ട 14 വില്ലേജുകളിലും ഫീൽഡ് ജോലി ആരംഭിച്ചു. ഇതിൽ രണ്ട് വില്ലേജുകളുടെ 9 (2) കരട് റിക്കാർഡ് പ്രസിദ്ധീകരിച്ചു.
ഒന്നാം ഘട്ടത്തിൽ 30,000 ഹെക്ടറും രണ്ടാം ഘട്ടത്തിൽ 26,000 ഹെക്ടറും ഉൾപ്പെടെ ആകെ 56,000 ഹെക്ടർ ഭൂമിയാണ് ഡിജിറ്റൽ റീസർവ്വേ ചെയ്യാനുള്ളത്. ഇതിൽ 52,000 ഹെക്ടർ ഭൂമിയുടെ സർവ്വേ പൂർത്തിയാക്കി. 3,26,000 കൈവശങ്ങളാണ് നാളിതുവരെ അളന്ന് തിട്ടപ്പെടുത്തിയിട്ടുള്ളത്.
മൂന്നാം ഘട്ടത്തിൽ 14 വില്ലേജുകളിലാണ് ഡിജിറ്റൽ സർവ്വേ നടത്തുക. ഇതിൽ നടുവിൽ, ചെറുവാഞ്ചേരി വില്ലേജുകളുടെ ഡിജിറ്റൽ സർവ്വേ ഇതിനകം ആരംഭിച്ചിട്ടുണ്ട്. എരുവേശ്ശി വില്ലേജിലെ ഡിജിറ്റൽ സർവ്വേ തുടങ്ങി.
ഡിജിറ്റൽ സർവ്വേ പ്രവർത്തനം സമയബന്ധിതമായും കുറ്റമറ്റ രീതിയിലും പൂർത്തീകരിക്കുന്നതിന് മുഴുവൻ കൈവശക്കാരുടെയും സഹകരണം അത്യന്താപേക്ഷിതമാണെന്ന് സർവ്വേ വകുപ്പ് അറിയിച്ചു. സർവ്വേ ജീവനക്കാർ ആവശ്യപ്പെടുന്ന മുറയ്ക്ക് കൈവശഭൂമിയുടെ രേഖ ഹാജരാക്കിയും അതിരുകളിലെ കാടുകൾ വെട്ടി തെളിയിച്ച് നൽകിയും സർവ്വേ പ്രവർത്തനവുമായി പൂർണമായും സഹകരിച്ചാൽ മാത്രമേ കുറ്റമറ്റ രീതിയിലുള്ള സർവ്വേ റിക്കാർഡുകൾ തയ്യാറാക്കാൻ കഴിയൂ. ഓരോ കൈവശവും പ്രത്യേകം പ്രത്യേകം അളന്ന് റിക്കാർഡുകൾ തയ്യാറാക്കുന്നതിന് ഭൂമിയിൽ തർക്കമറ്റ അതിർത്തി സ്ഥാപിക്കേണ്ടത് ഭൂവുടമകളുടെ ഉത്തരവാദിത്തമാണെന്നും അറിയിച്ചു. സർവ്വേ പൂർത്തിയാക്കി റിക്കാർഡുകൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പായി കൈവശക്കാർക്ക് റിക്കാർഡുകൾ പരിശോധിക്കാനും തെറ്റുകളുണ്ടെങ്കിൽ പരിഹരിക്കുന്നതിനും അവസരം ലഭിക്കുമെന്നും അറിയിച്ചു.
എരുവേശ്ശി വില്ലേജിലെ ഡിജിറ്റൽ സർവ്വേ സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എരുവേശ്ശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ, റീസർവ്വേ അസിസ്റ്റന്റ് ഡയറക്ടർ സുനിൽ ജോസഫ് ഫെർണാണ്ടസ്, പയ്യന്നൂർ റീസർവ്വേ സൂപ്രണ്ട് കെ ബാലകൃഷ്ണൻ, തളിപ്പറമ്പ് താലൂക്ക് ഭൂരേഖാ തഹസിൽദാർ കെ ചന്ദ്രശേഖരൻ, ഹെഡ് സർവ്വേയർമാരായ റോയ് തോമസ്, ബിനേഷ് ടി എന്നിവർ സംസാരിച്ചു.
- Log in to post comments