ലിറ്റില്‍ കൈറ്റ്സ് ഉപജില്ലാ ക്യാമ്പുകള്‍ക്ക് തുടക്കം
കൈറ്റിന്റ നേതൃത്വത്തില്‍ പൊതുവിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന 'ലിറ്റില്‍ കൈറ്റ്സ്'പദ്ധതിയുടെ ഭാഗമായി യൂണിസെഫ് സഹായത്തോടെ സംഘടിപ്പിക്കുന്ന 23 ദ്വിദിന ഉപജില്ലാ ക്യാമ്പുകള്‍ തുടങ്ങി. എ.ഐ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഭിന്നശേഷി കുട്ടികള്‍ക്ക് കൈത്താങ്ങാകാന്‍ സഹായിക്കുന്ന പ്രോഗ്രാം തയ്യാറാക്കലാണ് ഈ വര്‍ഷത്തെ പ്രത്യേകത. ഒപ്പം പരിസ്ഥിതി ബോധവല്‍ക്കരണത്തിനുള്ള അനിമേഷന്‍ പ്രോഗ്രാമുകളും സ്വതന്ത്ര സോഫ്റ്റ്വെയറുകളായ ഓപ്പണ്‍ടൂണ്‍സ്, ബ്ലെന്‍ഡര്‍ തുടങ്ങിയവ ഉപയോഗിച്ച് കുട്ടികള്‍ തയ്യാറാക്കും.
ആംഗ്യഭാഷ പഠിക്കാന്‍ മാത്രമല്ല, ഭിന്നശേഷി കുട്ടികളോട് സംവദിക്കാന്‍ പ്രേരിപ്പിക്കുകയും പ്രാപ്തമാക്കുകയും ചെയ്യുന്ന വിധത്തിലാണ് എഐ ആംഗ്യഭാഷ പ്രോഗ്രാമുകള്‍ തയ്യാറാക്കുന്നത്. ഇതിനായുള്ള വീഡിയോ ക്ലാസുകളും ക്യാമ്പില്‍ പരിചയപ്പെടുത്തും. അനിമേഷന്‍ ചിത്രങ്ങള്‍ കുട്ടികള്‍ ക്യാമ്പില്‍ തയ്യാറാക്കും. ആനിമേഷന്‍, പ്രോഗ്രാമിംഗ് വിഭാഗത്തിലായി പങ്കെടുക്കുന്ന പ്രോജക്ട് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ജില്ലയില്‍ 180 ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളിലായി 5444 അംഗങ്ങളുള്ളതില്‍ സ്കൂള്‍തല ക്യാമ്പുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 1158 കുട്ടികള്‍ ഉപജില്ലാക്യാമ്പുകളില്‍ പങ്കെടുക്കും. അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെടാതെയാണ് വിവിധ ബാച്ചുകളിലായി ക്യാമ്പുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ജില്ലയില്‍ നടക്കുന്ന ഉപജില്ലാ ക്യാമ്പില്‍ മികച്ച പ്രകടനം കാഴ്ചവക്കുന്ന 110 കുട്ടികളെ ഡിസംബറില്‍ നടക്കുന്ന ജില്ലാക്യാമ്പിലേക്ക് തെരഞ്ഞെടുക്കും.
- Log in to post comments