ഭിന്നശേഷി സൗഹൃദം; പുരസ്കാര നിറവില്‍ ആലപ്പുഴ
ദൈനംദിന ജീവിതത്തില്‍ പലവിധ വെല്ലുവിളികള്‍ നേരിടുന്ന ജില്ലയിലെ ഭിന്നശേഷിക്കാരെ സഹാനുഭൂതിയോടെ ചേര്‍ത്തുപിടിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ ഭിന്നശേഷി പുരസ്കാരത്തിന് ആലപ്പുഴ ജില്ലാ പഞ്ചായത്തിനെ അര്‍ഹമാക്കിയത്. ഭിന്നശേഷി സൗഹൃദപ്രവര്ത്തനങ്ങളില് സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട ആലപ്പുഴക്ക് ഒരു ലക്ഷം രൂപയുടെ പുരസ്കാരമാണ് ലഭിക്കുന്നത്. ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദുവാണ് വെള്ളിയാഴ്ച തിരുവനന്തപുരത്ത് പുരസ്കാരപ്രഖ്യാപനം നടത്തിയത്.
ഭിന്നശേഷിക്കാരുടെ വ്യത്യസ്തമായ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അവരെ ചേര്‍ത്തുപിടിക്കാനായി ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് ഇക്കാലയളവില്‍ ജില്ലാ പഞ്ചായത്ത് നടത്തിയതെന്ന് പ്രസിഡന്റ് കെ ജി രാജേശ്വരി പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കായി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഫണ്ട് വിനിയോഗിച്ച ജില്ലാ പഞ്ചായത്ത് ആലപ്പുഴയാണ്. ജില്ലാ പഞ്ചായത്തിന്റെ പരിധിയിലുള്ള ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സ്കോളര്‍ഷിപ്പും ബത്തയും നല്‍കുന്നതിനായി മാത്രം 72 പഞ്ചായത്തുകള്‍ക്ക് 92,59,928 രൂപയാണ് അനുവദിച്ചു നല്‍കിയത്. കാഴ്ചപരിമിതിയുള്ള വിദ്യാര്‍ഥികള്‍ക്കായി ടോക്കിങ് ഹിയറിങ് സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത കമ്പ്യൂട്ടറുകള്‍ നല്കി അവരെ സ്വയംപര്യാപ്തരാക്കാനും ജില്ലാ പഞ്ചായത്തിന് കഴിഞ്ഞു. ചലനശേഷി നഷ്ടപ്പെട്ട 44 പേര്‍ക്ക് 55 ലക്ഷം രൂപ ചെലവഴിച്ച് ഇലക്ട്രോണിക് വീല്‍ചെയറുകളും കഴിഞ്ഞ സാമ്പത്തികവര്‍ഷം വിതരണം ചെയ്തു.
സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഠിക്കാന്‍ താല്പര്യമുള്ള 15 ഭിന്നശേഷിക്കാരെ കണ്ടെത്തി തുല്യതാ പരീക്ഷ എഴുതുന്നതിനുള്ള സഹായങ്ങള്‍ നല്കി. ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്ക് സ്വകാര്യമേഖലയില്‍ തൊഴില്‍ കണ്ടെത്തി നല്‍കുന്നതിന്റെ ഭാഗമായി അഭ്യസ്തവിദ്യരായ 6165 ഭിന്നശേഷിക്കാരുടെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കി. ഭിന്നശേഷി പുനരധിവാസകേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. വികലാംഗ കോര്‍പ്പറേഷന്റെ സഹകരണത്തോടെ ജില്ലയിലെ ഭിന്നശേഷിക്കാരെ പുനഃസംഘടിപ്പിച്ച് തൊഴില്‍പരിശീലനം നല്കി അവരെ സ്വയംപര്യാപ്തരാക്കുന്നതിനുള്ള പദ്ധതികളും ഈ വര്‍ഷവും ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ചതായി പ്രസിഡന്റ് കെ ജി രാജേശ്വരി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, വൈസ് പ്രസിഡന്റ് എന്‍ എസ് ശിവപ്രസാദ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അഡ്വ. ടി എസ് താഹ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ആര് ദേവദാസ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എ ഒ അബീന് എന്നിവരാണ് ഭിന്നശേഷി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
- Log in to post comments