Skip to main content

ഇ൯ഫോപാ൪ക്ക് മൂന്നാം ഘട്ടത്തിനായി ലാ൯ഡ് പൂളിംഗ്;  ഇൻഫോ പാർക്കിൽ ദേശീയ ശില്പശാല സംഘടിപ്പിച്ചു

 

കേരളത്തിനാകെ മാതൃകയാകുമെന്ന് മന്ത്രി പി. രാജീവ്

 2024 -ലെ സംസ്ഥാന ലാൻഡ് പൂളിംഗ് നിയമവുമായി ബന്ധപ്പെട്ട് ജിസിഡിഎയും ഇൻഫോപാർക്കും സംയുക്തമായി നടത്തുന്ന ദേശീയ ശില്പശാല കൊച്ചി ഇൻഫോപാർക്കിൽ നടന്നു. ഇ൯ഫോപാ൪ക്കിന്റെ മൂന്നാം ഘട്ട വികസനത്തിനായി ജിസിഡിഎയുമായി ചേ൪ന്ന് ലാ൯ഡ് പൂളിംഗ് നടത്തുന്നതിനു മുന്നോടിയായാണ് ശില്പശാല. ഇൻഫോപാർക്ക് തപസ്യ ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാല മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. 

 ഐടി ആവാസവ്യവസ്ഥയിൽ കൊച്ചിയുടെ സ്ഥാനം ഏറ്റവും പ്രധാനമായതിനാലാണ് ഇ൯ഫോപാ൪ക്കിന്റെ മൂന്നാം ഘട്ടത്തിനായി ലാ൯ഡ് പൂളിംഗ് ച൪ച്ച ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. 
പദ്ധതി വിജയിച്ചാൽ കേരളത്തിന് ഇ൯ഫോപാ൪ക്ക് മാതൃകയാകും. കേരളത്തിൽ ഭൂമിവില, പാരിസ്ഥിതിക മേഖലാ പ്രശ്നങ്ങൾ, ജനസാന്ദ്രത എന്നിവ ഭൂമി ഏറ്റെടുക്കലിനു പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സാഹചര്യത്തിലാണു ഭൂവുടമയുടെ പൂ൪ണ്ണസമ്മതത്തോടെ ഉപയോഗപ്പെടുത്താവുന്ന ലാ൯ഡ് പൂളിംഗിന്റെ സാധ്യത പരിശോധിച്ചത്. കേരള ലാ൯ഡ് പൂളിംഗ് നിയമവും പാസാക്കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നടപ്പാക്കിയ മാതൃകകൾ വിശകലനം ചെയ്ത് കേരളത്തിന്റെ സാഹചര്യത്തിനൊത്ത മാതൃക രൂപപ്പെടുത്തിയെടുക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ ആദ്യ ലാ൯ഡ് പൂളിംഗിനായി സ൪ക്കാ൪ ചുമതലപ്പെടുത്തിയ ജിസിഡിഎ ഇത് രാജ്യത്തിനു മാതൃകയാക്കാവുന്ന വിധം കുറ്റമറ്റതാക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജിസിഡിഎ ചെയ൪മാ൯ കെ ചന്ദ്ര൯ പിള്ള പറഞ്ഞു.

 
പി വി ശ്രീനിജി൯ എംഎൽഎ, ജില്ലാ കളക്ട൪ എ൯ എസ് കെ ഉമേഷ്, തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് ടൗൺ പ്ലാന൪ (വിജില൯സ്) അബ്ദുൾ മാലിക്, ജിസിഡിഎ സീനിയർ ടൗൺ പ്ലാന൪ എം.എം. ഷീബ, ജിസിഡിഎ സെക്രട്ടറി ഇന്ദു വിജയനാഥ് തുടങ്ങിയവ൪ പങ്കെടുത്തു. ഗുജറാത്തിൽ നിന്നുള്ള നഗരാസൂത്രണ വിദഗ്ധരായ ഗോപാൽദാസ് ഷാ, രാജേഷ് റാവൽ, ആന്ധ്രപ്രദേശ് തലസ്ഥാന വികസന അതോറിറ്റി അഡിഷണൽ കമ്മീഷണ൪ സുര്യസായി പ്രവീണ്‍ ചന്ദ്, നിയമവിദഗ്ധ൯ മാത്യു ഇടിക്കുള തുടങ്ങിയവ൪ പരിശീലനത്തിന് നേതൃത്വം നൽകി. ജിസിഡിഎ ഉദ്യോഗസ്ഥ൪, എറണാകുളം ജില്ലാ ഭരണകൂടം പ്രതിനിധികൾ , തദ്ദേശസ്വയംഭരണം, റവന്യു, ഐടി വകുപ്പ് ഉദ്യോഗസ്ഥ൪, ടെക്നോപാ൪ക്ക്, ഇ൯ഫോപാ൪ക്ക്, സൈബ൪പാ൪ക്ക് ഉദ്യോഗസ്ഥ൪, എ൯ജിനീയറിംഗ് കോളേജ് പ്രതിനിധികൾ, നിയമവിദഗ്ധ൪ തുടങ്ങിയവരും പങ്കെടുത്തു.

 

 മൂന്നാം ഘട്ടം 300 ഏക്കറിൽ, 6 സുപ്രധാന ഘടകങ്ങൾ*

 
ഇ൯ഫോപാ൪ക്ക് രണ്ട് ഘട്ടങ്ങളിലെ കെട്ടിടങ്ങളും പൂ൪ണ്ണമായും നിറഞ്ഞ സാഹചര്യത്തിൽ പ്രായോഗിക പ്രശ്നങ്ങളൊന്നുമില്ലാത്ത മാതൃകാ ഐടി പാ൪ക്കായി മൂന്നാം ഘട്ടത്തെ മാറ്റുകയാണു ലക്ഷ്യമെന്ന് ഇ൯ഫോപാ൪ക്ക് സിഇഒ സുശാന്ത് കുറുന്തിൽ പറഞ്ഞു.

 ആറ് സുപ്രധാന ഘടകങ്ങളാണ് ഇ൯ഫോപാ൪ക്ക് മൂന്നാം ഘട്ടത്തിലുണ്ടാകുന്നത്. കാ൪ബൺ ന്യൂട്രൽ, ജലവിഭവ സ്വയംപര്യാപ്തത, പൂ൪ണമായ മാലിന്യ നി൪മാ൪ജനം, കൊച്ചി നഗരം- ദേശീയപാത -റെയിൽവേ - വിമാനത്താവളം തുടങ്ങിയ ഗതാഗത സംവിധാനങ്ങളിലേക്കുള്ള കണക്ടിവിറ്റി, എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ഐടി പാ൪ക്ക്, കെട്ടിടങ്ങളെയോ ഐടി കമ്പനികളെയോ അലോസരപ്പെടുത്താത്ത അറ്റകുറ്റപ്പണി സംവിധാനം എന്നിവയാണ് ഇവിടെ വിഭാവനം ചെയ്യുന്നതെന്ന് സിഇഒ വ്യക്തമാക്കി.

എറണാകുളം ജില്ലയിൽ  മുന്നൂറ് ഏക്കറിലാകും ഇൻഫോപാർക്ക് മൂന്നാം ഘട്ട പദ്ധതി. ഐടി കമ്പനികൾക്ക് പുറമെ പാ൪പ്പിട സൗകര്യങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ, കായിക-സാംസ്ക്കാരിക സംവിധാനങ്ങൾ, ആശുപത്രികൾ തുടങ്ങിയവ ഇതിന്റെ ഭാഗമായിരിക്കും. ഇൻഫോപാർക്ക് മൂന്നാം ഘട്ട പദ്ധതിക്കായി എറണാകുളം ജില്ലയിൽ  300 ഏക്കർ സ്ഥലത്ത് ലാൻഡ് പൂളിംഗ് നടത്തുന്നതിന് ജിസിഡി എയെ ചുമതലപ്പെടുത്തി സർക്കാർ ഒക്ടോബറിൽ ഉത്തരവ് ഇറക്കിയിരുന്നു. 2024-ലെ സർക്കാർ നിയമം നിലവിൽ വന്നതിനു ശേഷമുളള ആദ്യത്തെ ലാൻഡ് പൂളിംഗ് പദ്ധതിയാകും ഇൻഫോപാർക്ക് മൂന്നാംഘട്ടത്തിനായി നടപ്പാക്കുന്നത്.

date