ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പുകൾ തുടങ്ങി
പൊതുവിദ്യാലയങ്ങളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്സ്' പദ്ധതിയുടെ ഭാഗമായി യൂണിസെഫ് സഹായത്തോടെ സംഘടിപ്പിക്കുന്ന ദ്വിദിന ഉപജില്ലാ ക്യാമ്പുകൾ തുടങ്ങി. എ.ഐ സംവിധാനങ്ങൾ ഉപയോഗിച്ച് ഭിന്നശേഷി കുട്ടികൾക്ക് കൈത്താങ്ങു നൽകാൻ സഹായിക്കുന്ന പ്രോഗ്രാം തയ്യാറാക്കലാണ് ഈ വർഷം ക്യാമ്പുകളുടെ പ്രത്യേകത. ഒപ്പം പരിസ്ഥിതി സംരക്ഷണ ബോധവത്കരണത്തിനുള്ള അനിമേഷൻ പ്രോഗ്രാമുകളും സ്വതന്ത്ര സോഫ്റ്റ്വെയറുകളായ ഓപ്പൺ ടൂൺസ്, ബ്ലെൻഡർ തുടങ്ങിയവ ഉപയോഗിച്ച് ക്യാമ്പിൽ കുട്ടികൾ തയ്യാറാക്കും. സംസാരിക്കാനും കേൾക്കാനും പ്രയാസം നേരിടുന്ന കുട്ടികൾക്ക് ആംഗ്യ ഭാഷയിൽ സംവദിക്കാൻ കഴിവുള്ള പ്രോഗ്രാമുകൾ എ ഐ ഉപയോഗിച്ച് തയ്യാറാക്കുന്നത് ആംഗ്യ ഭാഷ പഠിക്കാൻ മാത്രമല്ല, ഇത്തരം കുട്ടികളോട് സംവദിക്കാൻ പ്രേരിപ്പിക്കുകയും പ്രാപ്തമാക്കുകയും ചെയ്യുന്ന വിധത്തിലാണ് മൊഡ്യൂൾ.
ഇതിനായുള്ള വീഡിയോ ക്ലാസുകളും ക്യാമ്പിൽ പരിചയപ്പെടുത്തും. നഗരവത്കരണത്തിലൂടെ നശിപ്പിക്കപ്പെട്ട പ്രദേശം രണ്ടു പക്ഷികളുടെ പ്രയത്നത്തിലൂടെ വീണ്ടും ഹരിതാഭമാക്കുന്നതെങ്ങനെ എന്ന ആശയത്തിലാണ് കുട്ടികൾ അനിമേഷൻ ചിത്രങ്ങൾ ക്യാമ്പിൽ തയ്യാറാക്കുക. ആനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗത്തിലായി പങ്കെടുക്കുന്ന പ്രോജക്ട് പ്രവർത്തനങ്ങൾ ആരംഭിച്ചു.
ജില്ലയിൽ 208 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലായി 19170 അംഗങ്ങളുള്ളതിൽ സ്കൂൾതല ക്യാമ്പുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 1306 കുട്ടികൾ ഉപജില്ലാ ക്യാമ്പുകളിൽ പങ്കെടുക്കും. അധ്യയന ദിവസങ്ങൾ നഷ്ടപ്പെടാതെയാണ് ഇന്നു (24)മുതൽ വിവിധ ബാച്ചുകളിലായി ക്യാമ്പുകൾ ക്രമീകരിച്ചിട്ടുള്ളത്. ജില്ലയിൽ നടക്കുന്ന ഉപജില്ലാ ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവക്കുന്ന 106 കുട്ടികളെ ഡിസംബറിൽ നടക്കുന്ന ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കും.
- Log in to post comments