Skip to main content

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍: കെ.എസ്.ആര്‍.ടി.സി ഡിപ്പോകള്‍ ഹരിത ഡിപ്പോകളാകും

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ എല്ലാ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളും ഹരിത ഡിപ്പോകളാക്കാന്‍ തീരുമാനം.  ആദ്യഘട്ടത്തില്‍ ആലപ്പുഴ, ചെങ്ങന്നൂര്‍ ഡിപ്പോകളില്‍ സമഗ്രമായ മാറ്റം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. തുടര്‍ന്ന് മറ്റ് ഡിപ്പോകളിലേക്കും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും. ആലപ്പുഴ ഡിപ്പോയില്‍ ശുചീകരണ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, സന്നദ്ധസംഘടനകള്‍ എന്നിവയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുന്നത്. ബസ് സ്റ്റേഷനുകളില്‍ ഖര-ദ്രവ മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങളൊരുക്കും. ആവശ്യത്തിന് ബിന്നുകളും ബോര്‍ഡുകളും സ്ഥാപിക്കും. എല്ലാ ഡിപ്പോകളിലും വിപുലമായ ജനപങ്കാളിത്തത്തോടെ ഏകദിന ശുചീകരണവും നടത്താനും ചെങ്ങന്നൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ശോഭ വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചെങ്ങന്നൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ കൂടിയ പ്രഥമ യോഗത്തില്‍ തീരുമാനിച്ചു. നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോഡിനേറ്റര്‍ കെ. എസ്. രാജേഷ്, ചെങ്ങന്നൂര്‍ എ.ടി.ഒ. ഐ. ആര്‍ അജീഷ്‌കുമാര്‍, നോഡല്‍ ഓഫീസര്‍ സുജ. ടി. കെ, സര്‍ജന്റ് ബിജു. കെ. എസ്, ശുചിത്വമിഷന്‍, ഹരിതകേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍ ഇന്റേണുകള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

date