Skip to main content

വി പി രാമചന്ദ്രന്‍ ജന്മശതാബ്ദി ആഘോഷത്തിന്  ഇന്ന് (21.11.2024) തുടക്കം

 

പ്രശസ്ത മാധ്യമ സാരഥി വി.പി രാമചന്ദ്രന്റെ ജന്മശതാബ്ദി  ആഘോഷത്തിന് ഇന്ന് (21)  തുടക്കമാകും. ഒരുവര്‍ഷത്തെ വ്യത്യസ്ത പരിപാടികളോടെ  കേരള മീഡിയ അക്കാദമിയുടെ  നേതൃത്വത്തിലാണ് ആഘോഷം. പ്രശസ്ത നിരൂപകയും മാധ്യമ അധ്യാപികയുമായ ഡോ. എം ലീലാവതി, പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ ശശികുമാര്‍, തോമസ് ജേക്കബ്, പി രാജന്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍, അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു, എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് ആര്‍. ഗോപകുമാര്‍ എന്നിവര്‍ വി പി ആറിന്റെ  പേരിലെ അക്ഷരങ്ങളുള്ള  തൈകള്‍ വേദിയില്‍ സ്ഥാപിച്ച് ഉദ്ഘാടനം നിര്‍വഹിക്കും.  ശശികുമാര്‍ ഉദ്ഘാടനം പ്രഭാഷണം  നടത്തും. തോമസ് ജേക്കബ് മുഖ്യാതിഥിയായിരിക്കും. നവംബര്‍ 21-ന് വൈകുന്നേരം 3.30ന് കാക്കനാട് മീഡിയ അക്കാദമി ഓഡിറ്റോറിയത്തിലാണ്  ഉദ്ഘാടന സമ്മേളനം. വിപിആറിന്റെ മകള്‍ ലേഖ ചന്ദ്രശേഖര്‍, അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍ എന്നിവര്‍  പങ്കെടുക്കും.  
 ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തന മേഖലയില്‍ സവിശേഷ  മാധ്യമ പ്രവര്‍ത്തന പാരമ്പര്യത്തിനു തുടക്കം കുറിച്ച വി പി രാമചന്ദ്രന്‍ എന്ന വെട്ടത്ത് പുത്തന്‍വീട്ടില്‍ രാമചന്ദ്രന്‍ അന്തരിച്ചിട്ട് രണ്ടുവര്‍ഷം. കേരള മീഡിയ അക്കാദമിയുടെ മുന്‍ ചെയര്‍മാനും അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടറും ആയിരുന്നു.  മാതൃഭൂമി പത്രാധിപരായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം വിവിധ ന്യൂസ് ഏജന്‍സികളുടെ മേധാവിയുമായിരുന്നു. അടിയന്തരാവസ്ഥയെ നിര്‍ഭയം  എതിര്‍ത്ത് പത്രപ്രവര്‍ത്തനത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിച്ച വി.പി ആറിന്റെ ജന്മശതാബ്ദി വര്‍ഷമാണ് 2024.  
 ഇന്ത്യന്‍ പത്രപ്രവര്‍ത്തന മേഖലയിലെ സമഗ്ര സംഭാവനക്ക് ഒരു ലക്ഷം രൂപയുടെ അവാര്‍ഡ് വി.പി.ആറിന്റെ സ്മരണക്കായി  ഏര്‍പ്പെടുത്തുകയാണെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു അറിയിച്ചു. എല്ലാവര്‍ഷവും അദ്ദേഹത്തിന്റെ ജന്മ മാസമായ ഏപ്രിലില്‍ അവാര്‍ഡ് സമ്മാനിക്കും. പുരസ്‌കാരത്തിനുള്ള തുക  വി.പി രാമചന്ദ്രന്റെ കുടുംബം അക്കാദമിയെ ഏല്‍പ്പിക്കും.

date