Skip to main content

സർക്കാർ പദ്ധതികളുടെ ഗുണഫലം അർഹയാരവർക്ക് ഉദ്യോഗസ്ഥർ   ഉറപ്പാക്കണം: കെ.സി.വേണുഗോപാൽ എംപി

-വിദ്യാഭ്യാസ വായ്പയുടെ ഉദ്ദേശ്യ ലക്ഷ്യത്തെയില്ലാതാക്കുന്ന മാനദണ്ഡങ്ങൾ അംഗീകരിക്കാനാവില്ല

സർക്കാർ പദ്ധതികളുടെ ഗുണഫലങ്ങൾ അർഹരായവരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന്  കെ.സി വേണുഗോപാൽ എം.പി പറഞ്ഞു.
ആലപ്പുഴ ഡിസ്ട്രിക്ട് ഡവലപ്പ്‌മെന്റ് കോർഡിനേഷൻ ആൻറ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ)  കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ചെയർമാൻ കൂടിയായ അദ്ദേഹം. കോ-ചെയർമാൻ കൊടിക്കുന്നിൽ സുരേഷ് എം.പിയും യോഗത്തിൽ പങ്കെടുത്തു.

വിദ്യാഭ്യാസ,കയർ,ഫിഷറീസ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട അപേക്ഷകരുടെ വായ്പകൾ ബാങ്കുകൾ നിസ്സാരകാര്യങ്ങൾ ചൂണ്ടിക്കാട്ടി നിഷേധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് എംപി പറഞ്ഞു. സാധാരണക്കാരുടെ  വായ്പകൾ മാനുഷിക പരിഗണനയോടെ സമീപിക്കണമെന്നും അതിന് വേണ്ട നിർദ്ദേശം ബാങ്കുകൾക്ക് ലീഡ് ബാങ്ക് മാനേജർമാർ നൽകണമെന്നും എംപി  പറഞ്ഞു. സ്വകാര്യ,ഷെഡ്യൂൾ ബാങ്കുകൾ അനാവശ്യ നിബന്ധനകൾ ഏർപ്പെടുത്തുന്നുയെന്ന ആക്ഷേപം പരിശോധിക്കും. വിദ്യാഭ്യാസ വായ്പയുടെ ഉദ്ദേശ്യലക്ഷ്യത്തെ തകിടം മറിക്കുന്ന തരത്തിൽ പദ്ധതിയുടെ പരിധിയിലില്ലാത്ത മാനദണ്ഡങ്ങൾ ബാങ്കുകൾ തന്നിഷ്ടപ്രകാരം ആവിഷ്‌കരിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും എംപി ചൂണ്ടിക്കാട്ടി .

ആലപ്പുഴ നഗരത്തിലേയും സമീപപ്രദേശങ്ങളിലേയും കുടിവെള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കി ജനങ്ങൾക്ക് ശുദ്ധജല  ലഭ്യത ഉറപ്പാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണം. ജലജീവൻ പദ്ധതിപ്രകാരം കുടിവെള്ള കണക്ഷൻ പരമാവധി നൽകുന്നതിന് വാട്ടർ അതോറിറ്റി കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കണം.
 
തൊഴിലുറപ്പ് പദ്ധതിയിൽ മറ്റു ജില്ലകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ തൊഴിൽദിനങ്ങൾ നൽകിയ ജില്ലയായിരുന്നു ആലപ്പുഴ. എന്നാൽ മുൻകാലങ്ങളെ അപേക്ഷിച്ച് തൊഴിൽ ദിനങ്ങൾ നൽകുന്നതിൽ  ജില്ലയിൽ ഇത്തവണ ഗണ്യമായ കുറവുണ്ടായി.ഇത് പരിഹരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജയുടെ ഭാഗമായി നിർമ്മിക്കുന്ന റോഡുകളുടെ പണി എത്രയും വേഗത്തിലാക്കണം.പിഎംഎവൈ പദ്ധതിയുടെ ഗുണം കൂടുതൽ പേരിലെത്തിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കൂടുതൽ ഫലപ്രദമായി ഇടപെടണം.ഗ്രാമങ്ങളിലേക്ക് ബ്രോഡ്ബാന്റ് കണക്റ്റിവിറ്റി എത്തിക്കുന്ന ഭാര്ത് നെറ്റ് പദ്ധതി തുടരാൻ കഴിയാത്ത സാഹചര്യം പരിശോധിക്കും. ആലപ്പുഴയിൽ 5 ജി സേവന തടസ്സം നീക്കുന്നതിന് ബിഎസ്എൻഎല്ലിന് എംപി നിർദ്ദേശം നൽകി.

കേന്ദ്രാവിഷകൃത പദ്ധതികൾ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുവാൻ എല്ലാവരും ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് യോഗത്തിൽ പങ്കെടുത്തുകൊണ്ട്  കൊടിക്കുന്നിൽ സുരേഷ്  എംപി പറഞ്ഞു.  പദ്ധതികളുടെ ഗുണ ഫലം സാധാരണക്കാരിലേക്കു എത്തിക്കുവാൻ  ഉദ്യോഗസ്ഥർ താഴെ തട്ടിലേക്ക് ഇറങ്ങി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

 യോഗത്തില്‍​ ജില്ലാ​ കളക്ടര്‍​ അലക്സ്​ വർഗീസ്​, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ പ്രദീപ് കുമാര്‍​, ​ദാരിദ്ര്യ ലഘൂകരണ യൂണിറ്റ് പ്രോജക്ട് ഡയറക്ടര്‍ ഫിലിപ്പ് ജോസഫ്, ​തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷൻമാർ​, വിവിധ വകുപ്പുകളുടെ ജില്ല തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

ഫോട്ടോ )ജില്ലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ദിശ (ഡിസ്ട്രിക്ട് ഡവലപ്പ്‌മെന്റ് കോർഡിനേഷൻ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി) യോഗത്തില്‍ ചെയര്‍മാന്‍ കെ.സി. വേണുഗോപാല്‍ എം.പി സംസാരിക്കുന്നു. കൊടിക്കുന്നില്‍ സുരേഷ്. എം. പി, ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് എന്നിവര്‍ സമീപം

date