ആന്റിമൈക്രോബിയല്‍ പ്രതിരോധ പോരാട്ടത്തിന് 'അമരവുമായി ആലപ്പുഴ; ജില്ലാതല ഉദ്ഘാടനം ഇന്ന് (23)
*മന്ത്രി പി പ്രസാദ് ഉദ്ഘാടനം നിര്‍വഹിക്കും
ആരോഗ്യവകുപ്പ് ആലപ്പുഴ ജില്ലാ ഓഫീസ് പൊതുജനപങ്കാളിത്തത്തോടെ നടത്തുന്ന സാമൂഹ്യാധിഷ്ഠിത ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് നിയന്ത്രണ, അവബോധ പരിപാടിയായ അമരത്തിന്റെ ജില്ലാതല ഉദ്ഘാടനം മുഹമ്മ ഗ്രാമപഞ്ചായത്തില്‍ ശനിയാഴ്ച രാവിലെ 10 മണിക്ക് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് നിര്‍വഹിക്കും. ആലപ്പുഴ മോഡല്‍ ഓഫ് ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് അവയര്‍നെസ് ആന്റ് മിറ്റിഗേഷന്‍ എന്നതിന്റെ ചുരുക്കരൂപമാണ് അമരം.
തദ്ദേശീയമായ ഇടപെടലുകളിലൂടെ ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് നിയന്ത്രണ രംഗത്ത് മാതൃക തീര്‍ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് അമരത്തിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്. മുഹമ്മ ആര്യക്കര ഗൗരിനന്ദനം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷത വഹിക്കും.
അമരത്തോടനുബന്ധിച്ച് ബോധവത്ക്കരണ സന്ദേശ റാലി, എക്സിബിഷന്, ബോധവത്കരണ ക്ലാസ്സ്, ഗോ ബ്ലൂ ക്യാമ്പയിന് തുടങ്ങി വൈവിധ്യങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ആര്യാട് ബ്ലോക്ക് പഞ്ചായത്ത്, മുഹമ്മ ഗ്രാമപഞ്ചായത്ത്, സി എച്ച് സി മുഹമ്മ, ആരോഗ്യ വകുപ്പ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ആരോഗ്യമേഖലയ്ക്ക് പുറമേ മൃഗങ്ങളുടെ ആരോഗ്യം, കൃഷി, ഭക്ഷ്യസുരക്ഷ, സാമ്പത്തികവികസനം തുടങ്ങിയ സമഗ്ര മേഖലകളെയും ബാധിക്കുന്ന വിഷയമാണ് ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ്. ആന്റിബയോട്ടിക്ക് സ്മാര്‍ട്ട് ആശുപത്രികള്‍, ആന്റിബയോട്ടിക്ക് സ്മാര്ട്ട്പഞ്ചായത്ത് എന്നിവ സാധ്യമാക്കുന്നതിന് ആദ്യഘട്ടത്തില്‍ 12 ഗ്രാമപഞ്ചായത്തുകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഓരോ ബ്ലോക്കില്‍ നിന്നും ഒരു ഗ്രാമപഞ്ചായത്തിനെയാണ് പദ്ധതിക്കായി ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്തത്. വീയപുരം, മാരാരിക്കുളം സൗത്ത്, എഴുപുന്ന,പാണാവള്ളി, മുഹമ്മ, അമ്പലപ്പുഴ സൗത്ത്, തകഴി, വള്ളികുന്നം, ചെട്ടികുളങ്ങര, ദേവികുളങ്ങര, നീലംപേരൂര്‍, മാന്നാര്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ പദ്ധതി നടപ്പിലാക്കും.
തദേശ സ്വയംഭരണസ്ഥാപനങ്ങള്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തിനുള്ള ഫണ്ട് വിനിയോഗിച്ച്കൊണ്ട് മെഡിക്കല്‍ ഓഫീസര്‍ നിര്‍വഹണ ഓഫീസറായാണ് പദ്ധതി നടപ്പിലാക്കുക.
ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് ഫലപ്രദമായി നേരിടാന്‍ അണുബാധ നിയന്ത്രണത്തോടൊപ്പം തന്നെ മരുന്നുകളുടെ ദുരുപയോഗം തടയുന്നതിനുള്ള നടപടികള്‍, ഏകാരോഗ്യം എന്ന ആശയത്തില്‍ അധിഷ്ഠിതമായി ജന്തുജന്യ രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ ശുചിത്വ ശീലങ്ങളുടെ പാലനം ഉറപ്പാക്കുന്നതിനുള്ള സംവിധാനങളും പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു.
ഏകാരോഗ്യത്തിലധിഷ്ഠിതമായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ വിവിധ മേഖലകളിലുള്ള ഇടപെടല്‍ ഉറപ്പാക്കാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് അമരം നടപ്പിലാക്കുന്നത്. സാമൂഹിക തലത്തിലുമുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സിന്റെ പ്രാധാന്യത്തെ കുറിച്ച് ജനപ്രതിനിധികള്‍ക്കും വിവിധ വകുപ്പുകള്‍ക്കും പരിശീലനങ്ങള്‍ നല്‍കും. ആരോഗ്യശുചിത്വശീലങ്ങള് മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടല്‍, ആന്റിബയോട്ടിക് സാക്ഷരത കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, പ്രദേശത്തെ സ്വകാര്യ ആശുപത്രികള്‍, ക്ലിനിക്കുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവ കേന്ദ്രീകരിച്ച് എഎംആര്‍ പ്രവര്‍ത്തനങ്ങള്‍, കൃഷി, മൃഗസംരക്ഷണം, ഫിഷറീസ്, ക്ഷീരവികസന വകുപ്പുകളുമായി സഹകരിച്ച് ആന്റി മൈക്രാബിയല്സിന്റെ ദുരുപയോഗം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍, ഫാര്‍മസി,ലാബ്, ഹാച്ചറി,ഫാം എന്നിവിടങ്ങളില്‍ സംയുക്തപരിശോധന, പൊതുഅവബോധം മെച്ചപ്പെടുത്തുന്നതിനായി സ്കൂളുകള്‍, അങ്കണവാടികള്‍ കുടുംബശ്രീ, റെസിഡന്‍സ് അസോസിയേഷന് എന്നിവ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, പ്രൗഡ് പ്രോഗ്രാമിന്റെ ഭാഗമായി ഉപയോഗിക്കാത്ത മരുന്നുകള്‍, കാലാവധി കഴിഞ്ഞ മരുന്നുകള്‍ എന്നിവയുടെ ശേഖരണം, സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം എന്നിങ്ങനെ വിപുലമായ കര്‍മ്മപരിപാടികളാണ് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നടപ്പിലാക്കുന്നത്.
- Log in to post comments