Skip to main content

ആന്റി മൈക്രോബിയല്‍ പ്രതിരോധ വാരാചരണസമാപനം സംഘടിപ്പിച്ചു

ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ആന്റി മൈക്രോബിയല്‍ പ്രതിരോധ വാരാചരണത്തിന്റെ സമാപനസമ്മേളനം ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ സംഘടിപ്പിച്ചു. പുതിയ ഒപി ബ്ലോക്കിലെ സെമിനാര്‍ ഹാളില്‍ നടന്ന സമ്മേളനം എച്ച്.സലാം എംഎല്‍എ ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് ഡോ. സന്ധ്യ ആര്‍ അധ്യക്ഷത വഹിച്ചു. ഡോ.സുമന്‍ സൂസന്‍ ജേക്കബ്ബ് വിഷയാവതരണം നടത്തി. ആര്‍എംഒ ഡോ. ആഷ എം. പ്രതിജ്ഞ ചൊല്ലികൊടുത്തു. ഡെപ്യൂട്ടി ഡിഎംഒ ഡോ. ആനന്ദ് മോഹന്‍, സൂപ്രണ്ട് ഡോ. സന്ധ്യ ആര്‍. എന്നിവര്‍ ബോധവത്കരണ ക്ലാസുകള്‍ നയിച്ചു. പൊതുജനങ്ങള്‍ക്കുള്ള ബോധവത്കരണ പോസ്റ്ററുകള്‍ എച്ച്. സലാം എംഎല്‍എ പ്രകാശനം ചെയ്തു. എആര്‍എംഒ ഡോ. പ്രിയദര്‍ശന്‍ സി.പി., നഴ്‌സിങ് സൂപ്രണ്ട് റസി പി ബേബി തുടങ്ങിയവര്‍ സംസാരിച്ചു.
വാരാചരണത്തിന്റെ ഭാഗമായി കൂട്ടനടത്തം, ബോധവത്കരണ ക്ലാസ്സുകള്‍, ഫ്‌ളാഷ് മോബ് എന്നിവ നടത്തി. അത്യാഹിതവിഭാഗത്തിന്റെ മുമ്പില്‍നിന്നും ആരംഭിച്ച കൂട്ടനടത്തം പുതിയ ഒപി ബ്ലോക്കിനു മുമ്പില്‍ സമാപിച്ചു. വാരാചരണത്തോടനുബന്ധിച്ച് ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി ബോധവത്കരണ റീല്‍സ് മത്സരം, പോസ്റ്റര്‍ രചനാമത്സരം എന്നിവയും സംഘടിപ്പിച്ചു.
സ്മാര്‍ട്ട് ഹോസ്പിറ്റല്‍ ചുവടുവെയ്പിന്റെ ഭാഗമായി കൃത്യമായി പ്രിസ്‌ക്രിപ്ഷന്‍ ഓഡിറ്റ് നടത്തുവാനും അണുനശീകരണപ്രക്രിയകള്‍ നടപ്പിലാക്കാനും തീരുമാനിച്ചു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് കഴിക്കുന്നതിനെതിരെ ബോധവത്കരണം നടത്താനും ഉപയോഗം കഴിഞ്ഞ ആന്റിബയോട്ടിക്കുകള്‍ കീല്‍ വഴി ശേഖരിക്കാനും തീരുമാനിച്ചു.

date