Skip to main content

ഭരണഘടനയുടെ അന്തസത്ത ഉൾക്കൊണ്ട് നിയമങ്ങൾ നടപ്പിലാക്കണം: ചീഫ് സെക്രട്ടറി

നിയമങ്ങൾ നടപ്പിലാക്കുന്നതും വ്യാഖ്യാനിക്കുന്നതും ഭരണഘടനയുടെ അന്തസത്ത ഉൾക്കൊണ്ടാകണമെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ പറഞ്ഞു. സെക്രട്ടേറിയറ്റ് ശ്രുതി ഹാളിൽ നിയമവകുപ്പ് സംഘടിപ്പിച്ച അഖിലകേരള ഭരണഘടനാപ്രസംഗ മത്സരമായ വാഗ്മി 2024 ന്റെ ഫൈനൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി.

വിവിധ വ്യാഖ്യാനങ്ങളിൽ കൂടിയും ഭേദഗതികളിൽ കൂടിയും ഭരണഘടനയിൽ കാലാനുസൃതമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. മൗലികാവകാശങ്ങളിൽ ഉൾപ്പെടെ വന്ന  മാറ്റങ്ങൾ നമുക്ക് ഉൾക്കൊള്ളാൻ കഴിയണം. കേരളത്തെ ഏറ്റവും സ്വാധീനിച്ച തദ്ദേശഭരണ സംവിധാനവുമായി ബന്ധപ്പെട്ട 73, 74 ഭരണഘടനാ ഭേദഗതികൾ ഇതിനു മികച്ച ഉദാഹരണമാണ്. ഭരണഘടനയുടെ അടിസ്ഥാന ഘടനയും തത്വങ്ങളും അടിസ്ഥാനമാക്കിയാണ് നിയമനിർമാണവും  ഭേദഗതികളും നടപ്പിലാക്കുന്നത്.  നമ്മുടെ ഭരണ സംവിധാനങ്ങൾ നിലനിൽക്കുന്നത് നിയമവാഴ്ച ഉറപ്പാക്കാനാണ്. എല്ലാവർക്കും ഒരുപോലെ സ്റ്റേറ്റിന്റെ വിഭവങ്ങളും സംരക്ഷണവും ലഭ്യമാകണം. സമൂഹത്തിലെ പാർശ്വവൽകൃതരെ പരിഗണിക്കാനും അവർക്കുവേണ്ടി നിയമത്തെ വ്യാഖ്യാനിക്കാനും കഴിയണമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.

ഭരണഘടനാദിനാഘോഷങ്ങളുടെ ഭാഗമായി നിയമ വകുപ്പിന്റെ ഔദ്യോഗികഭാഷാ പ്രസിദ്ധീകരണ വിഭാഗം ഭരണഘടനയെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്തെ  കോളജ് വിദ്യാർത്ഥികൾക്കായി പ്രസംഗമത്സരം സംഘടിപ്പിച്ചത്. വാഗ്മി-2024 മേഖലാമത്സരങ്ങളിലെ വിജയികളായായ ഫൈനലിസ്റ്റുകൾക്ക് കേരള ഔദ്യോഗികഭാഷ (നിയമനിർമാണ) കമ്മീഷൻ പ്രസിദ്ധീകരിച്ചിട്ടുള്ള ഭരണഘടനയുടെ പതിപ്പും സാക്ഷ്യപത്രവും മെമന്റോയും സമ്മാനിച്ചു.  

നിയമ (ഭരണ) വകുപ്പ് അഡീഷണൽ നിയമസെക്രട്ടറി എൻ ജീവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ നിയമ സെക്രട്ടറി കെ ശശിധരൻ നായർ, ഔദ്യോഗികഭാഷ-പ്രസിദ്ധീകരണ സെൽ വിഭാഗം  അഡീഷണൽ നിയമസെക്രട്ടറി ഷിബു തോമസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

പി.എൻ.എക്സ്. 5277/2024

date