സഹാനുഭൂതി പകരാന്‍ നിര്‍മിതബുദ്ധിയും; ലിറ്റില്‍ കൈറ്റ്സ് ഉപജില്ലാ ക്യാമ്പുകള്‍ക്ക് തുടക്കമായി
നിര്‍മിതബുദ്ധി ഉപയോഗപ്പെടുത്തി സഹജീവികള്‍ക്ക് സഹാനുഭൂതി പകരുന്നതടക്കമുള്ള വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളുമായി ലിറ്റില്‍ കൈറ്റ്സ് ഉപജില്ലാ ക്യാമ്പുകള്‍ക്ക് ജില്ലയില്‍ തുടക്കമായി. ഭിന്നശേഷി കുട്ടികള്ക്ക്കൈത്താങ്ങാകുവാനുള്ളപ്രോഗ്രാം തയ്യാറാക്കുക, പരിസ്ഥിതി സംരക്ഷണ ബോധവല്‍ക്കരണത്തിനായി അനിമേഷന്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുക തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് ക്യാമ്പുകളില്‍ സംഘടിപ്പിക്കുന്നത്.
പൊതുവിദ്യാലയങ്ങളില്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'ലിറ്റില്‍ കൈറ്റ്സ്' പദ്ധതിയുടെ ഭാഗമായിട്ടാണ്ദ്വിദിന ഉപജില്ലാ ക്യാമ്പുകള്‍ ജില്ലയില്‍ സംഘടിപ്പിച്ചിരിക്കുന്നത്. യൂണിസെഫിന്റെ സഹായത്തോടെയാണ് ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍.
നിര്‍മ്മിത ബുദ്ധി (എഐ)സംവിധാനങ്ങള്‍ ഉപയോഗിച്ച് ഭിന്നശേഷി കുട്ടികള്‍ക്ക് കൈത്താങ്ങാകുവാനുള്ള പ്രോഗ്രാം തയ്യാറാക്കലാണ് ഈ വര്‍ഷത്തെ ക്യാമ്പുകളുടെ ഒരു പ്രധാന പ്രവര്‍ത്തനം. സംസാരിക്കാനും കേള്‍ക്കാനും പ്രയാസം നേരിടുന്ന കുട്ടികള്‍ക്ക് ആംഗ്യഭാഷയില്‍ സംവദിക്കാന്‍ കഴിവുള്ള പ്രോഗ്രാമുകള്‍ എഐ ഉപയോഗിച്ച് തയ്യാറാക്കും. ഇത് ആംഗ്യഭാഷ പഠിക്കാന്‍ മാത്രമല്ല ഭിന്നശേഷി കുട്ടികളോട് സംവദിക്കാന്‍ പ്രേരിപ്പിക്കുകയും പ്രാപ്തമാക്കുകയും ചെയ്യുന്ന വിധത്തിലാണ് മൊഡ്യൂള്‍. സമൂഹത്തിന്റെ ക്ഷേമത്തിനായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണമെന്ന വിശ്വാസം യുവമനസ്സുകളില്‍ വളര്‍ത്താനും ഈ പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നു.
പരിസ്ഥിതി സംരക്ഷണ ബോധവല്‍ക്കരണത്തിനുള്ള അനിമേഷന്‍ ഷോട്ട്ഫിലിമുകളും ക്യാമ്പുകളില്‍ തയ്യാറാക്കും.സ്വതന്ത്ര സോഫ്റ്റുവെയറുകളായ ഓപ്പണ്‍ടൂണ്‍സ്, ബ്ലെന്‍ഡര്‍ തുടങ്ങിയവ ഉപയോഗിച്ചാണ്കുട്ടികള് ഇത് തയ്യാറാക്കുന്നത്. നഗരവല്‍ക്കരണത്തിലൂടെ നശിപ്പിക്കപ്പെട്ട പ്രദേശം രണ്ടു പക്ഷികളുടെ പ്രയത്നത്തിലൂടെ ഹരിതാഭമാക്കുന്നതെങ്ങനെ എന്ന ആശയത്തിലാണ് കുട്ടികള്‍ അനിമേഷന്‍ ചിത്രങ്ങള്‍ തയ്യാറാക്കുക. മനുഷ്യരുടെ അമിതമായ ചൂഷണം മൂലം നഷ്ടപെട്ട പ്രകൃതിയുടെ പ്രതാപം വീണ്ടെടുക്കാന്‍ ഓരോരുത്തരും വഹിക്കേണ്ട പങ്കിനെക്കുറിച്ച് അവബോധം നല്‍കുക എന്ന ലക്ഷ്യമാണ് ഈ പ്രവര്ത്തനത്തിനത്തിലുടെ മുന്നോട്ടു വെക്കുന്നത്.
ജില്ലയില്‍144 ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളിലായി 13547 അംഗങ്ങളാണുള്ളത്. സ്കൂള്‍തല ക്യാമ്പുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 969 കുട്ടികളാണ് ഉപജില്ലാ ക്യാമ്പുകളില്‍ പങ്കെടുക്കുന്നത്. വിവിധ ബാച്ചുകളായാണ് ക്യാമ്പുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ക്യാമ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന 80 കുട്ടികളെ ഡിസംബറില്‍ നടക്കുന്ന ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കും.
- Log in to post comments