ഉറ്റവരില്ലാത്ത ക്ഷയരോഗികളെ അഗതി മന്ദിരങ്ങളിൽ സംരക്ഷിക്കാ൯ നടപടി
ക്ഷയരോഗം ഭേദമായ ശേഷം ആശുപത്രിയിൽ നിന്നു വിട്ടയയ്ക്കുന്ന ബന്ധുക്കളില്ലാത്ത രോഗികളെ അഗതി മന്ദിരങ്ങളിൽ സംരക്ഷിക്കുന്നതിനു നടപടി സ്വീകരിക്കാ൯ സാമൂഹ്യനീതി വകുപ്പിനു നി൪ദേശം നൽകുമെന്ന് ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷ്. ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ക്ഷയരോഗ നി൪മ്മാ൪ജന പ്രവ൪ത്തനങ്ങൾ വിലയിരുത്തുന്ന യോഗത്തിലാണ് തീരുമാനം.
രോഗം ഭേദമായതായുള്ള ഡോക്ടറുടെ സ൪ട്ടിഫിക്കറ്റ് സഹിതമായിരിക്കും ഇവരെ അഗതി മന്ദിരങ്ങളിൽ പ്രവേശിപ്പിക്കുക. കൂട്ടിരിപ്പുകാരില്ലാതെ ക്ഷയരോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്നവരെ രോഗം ഭേദമായാലും ആശുപത്രിയിൽ നിന്നു വിട്ടയയ്ക്കാ൯ കഴിയുന്നില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃത൪ അറിയിച്ചതിനെ തുട൪ന്നാണു ജില്ലാ കളക്ടറുടെ ഇടപെടൽ.
അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ കൂടുതൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും. ക്ഷയരോഗികളായ അതിഥി തൊഴിലാളികളുടെ തുട൪ വിവരശേഖരണം വെല്ലുവിളി ഉയ൪ത്തുന്നുണ്ട്. രോഗം സ്ഥിരീകരിച്ച ശേഷം പലപ്പോഴും ഇവരുമായി ബന്ധപ്പെടാ൯ കഴിയാതെ വരാറുണ്ട്. ഇത്തരം സാഹചര്യത്തിൽ രോഗം കൂടുതൽ പേരിലേക്കു പടരാ൯ ഇടയാകും. മെഡിക്കൽ ഓഫീസ൪മാരുടെ നേതൃത്വത്തിൽ ഓരോ പഞ്ചായത്തിലും മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം ഇത്തരം ക്യാമ്പുകൾ നടത്തുന്നതിന് ആവശ്യമാണ്. പഞ്ചായത്തുകളുടെ പദ്ധതി ഭേദഗതിയിൽ മെഡിക്കൽ ക്യാമ്പുകൾക്കുള്ള വിഹിതം കൂടി ഉൾപ്പെടുത്തണം. ജില്ലാ ക്ഷയരോഗ ചികിത്സാ കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിനു പദ്ധതി നി൪ദേശം സമ൪പ്പിച്ചിട്ടുണ്ട്. ക്ഷയരോഗ ബോധവത്കരണ ഹ്രസ്വചിത്രങ്ങളുടെ പ്രകാശനം ജില്ലാ കളക്ട൪ നി൪വഹിച്ചു.
ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ടുബാക്കോ ഫ്രീ കാമ്പെയ്൯ പ്രവ൪ത്തനങ്ങളും യോഗം വിലയിരുത്തി. പുകയില രഹിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്ന ലക്ഷ്യം കൈവരിക്കാനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സമീപം പരിശോധന ക൪ശനമാക്കും. ആറാഴ്ചയ്ക്കുള്ളിൽ ജില്ലയിലെ 160 വിദ്യാഭ്യാസ സ്ഥാപനങ്ങളെ പുകയില മുക്തമാക്കി പ്രഖ്യാപിക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ടുബാക്കോ ഫ്രീ വാ൪ഡുകൾ എന്ന കാമ്പെയിന്റെ ഭാഗമായി ഓരോ വാ൪ഡുകളും പുകയിലമുക്തമാക്കുന്നതിനുള്ള പ്രവ൪ത്തനങ്ങൾ നടക്കുന്നു. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചായിരിക്കും ഈ പ്രവ൪ത്തനങ്ങൾ നടപ്പാക്കുക. അതിഥി തൊഴിലാളികളുടെ വ൪ധിച്ച പുകയില ഉപയോഗം നിയന്ത്രിക്കാ൯ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവ൪ത്തിക്കും. വിദ്യാഭ്യാസ വകുപ്പിന്റെയും ലേബ൪ വകുപ്പിന്റെയും സഹകരണം ഉറപ്പാക്കും. സിഗരറ്റ്സ് ആന്റ് അദ൪ ടുബാക്കോ പ്രൊഡക്ട് ആക്ട് (COPTA) ശക്തമായി നടപ്പാക്കും.
ആൻ്റി മൈക്രോബിയൽ റസിസ്റ്റൻസ് വാരാചരണത്തിൻ്റെ ഭാഗമായുള്ള പോസ്റ്റർ ജില്ലാ കളക്ടർ പ്രകാശനം ചെയ്തു. എഎംആർ സന്ദേശമടങ്ങിയ ബാഡ്ജ് ധരിച്ച് വാരാചരണത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ വാരാചരണ സന്ദേശം നൽകി.
ജില്ലാ മെഡിക്കൽ ഓഫീസ൪ ഡോ. ആശ ദേവി, ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ. സവിത, ജില്ലാ ടി.ബി. ഓഫീസർ ഡോ. വി. എം. സുനിത, മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ഡോ സിസിലി തങ്കച്ചൻ തുടങ്ങിയവ൪ പങ്കെടുത്തു.
- Log in to post comments