Skip to main content

തടി ലോറികളിൽ അമിത ഭാരം ഒഴിവാക്കണം: എ൯ഫോഴ്സ്മെന്റ് ആ൪ടിഒ

പെരുമ്പാവൂർ -മുവാറ്റുപുഴ മേഖലയിൽ എം സി റോഡിലെയും പരിസര പ്രദേശങ്ങളിലെയും പ്ലൈവുഡ് മില്ലുകളിലേക്കു മറ്റ് ജില്ലകളിൽ നിന്ന് തടി കയറ്റി വരുന്ന വാഹനങ്ങൾ അമിത ഭാരവും അപകടകരമായ വിധത്തിൽ ലോറിക്കു പുറത്തേക്കു തടികൾ തള്ളി നിൽക്കുന്നതും ഒഴിവാക്കണമെന്നു എറണാകുളം എ൯ഫോഴ്സ്മെന്റ് ആ൪ടിഒ നിർദേശിച്ചു. കോതമംഗലം പെരുമ്പാവൂർ, -മൂവാറ്റുപുഴ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന പ്ലൈവുഡ് കമ്പനികളിലേക്കായി ദിവസവും തടിയുമായി എം സി റോഡ് വഴി അഞ്ഞൂറിലധികം റോളം ഭാരവാഹനങ്ങൾ എത്തുന്നുണ്ട്. ഇവ പെരുമ്പാവൂരിലെ മാർക്കറ്റുകളിലെ വെയ്ബ്രിഡ്ജുകളിൽ തൂക്കം നോക്കി വില നിശ്ചയിച്ചു കഴിഞ്ഞ ശേഷമാണു കമ്പനികളിൽ എത്തുന്നത്. ഈ വാഹനങ്ങൾ അപകടകരമായ രീതിയിൽ പുറത്തേക്കു തള്ളി നിൽക്കുന്നതും അമിതഭാരം കയറ്റുന്നതുമായി ബന്ധപ്പെട്ട് പരാതികൾ ലഭിച്ചതിനെ തുട൪ന്നാണ് ആ൪ടിഒയുടെ നി൪ദേശം. വാഹനത്തിൽ ലോഡ് കയറ്റുമ്പോൾ ഇവ സുരക്ഷിതമായി പരിചയ സമ്പത്ത് ഉള്ളവരെ കൊണ്ട് ബലമുള്ള കയറുകളാൽ ബന്ധിച്ചു സുരക്ഷിതമാക്കണം. കയറുകൾ വാഹനത്തിന്റെ അരികുകളിൽ ഉരഞ്ഞു പൊട്ടുന്നത് ഒഴിവാക്കാൻ ഇടയ്ക്കിടെ വാഹനം നിർത്തി പരിശോധിക്കണം. തടി കയറ്റി വരുന്ന വാഹനങ്ങൾ റോഡിൽ വലിയ തിരക്കുള്ള സമയം ഒഴിവാക്കണം. ടിപ്പർ ലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് പോലെ ഈ വാഹനങ്ങൾക്കും സമയ നിയന്ത്രണം ഏർപ്പെടുത്താവുന്നതുമാണ്. വാഹനത്തിന്റെ കാബിൻ ലെവലിൽ മുകളിലേക്കും വശങ്ങളിലേക്കും തടി തള്ളി നിൽക്കുന്നത് ഒഴിവാക്കണം. വാഹനം കുഴികളിൽ ചാടുമ്പോഴും ബ്രേക്ക് ചെയ്യുമ്പോഴും അമിതമായി ഉലയുകയും ബാലൻസ് നഷ്ടപ്പെടാനും കെട്ടു പൊട്ടാനും സാധ്യത കൂടുതലാണ്. വാഹനങ്ങളുടെ വശങ്ങളിൽ വാണിംഗ് ലൈറ്റുകളും റിഫ്ളക്ടീവ് സ്റ്റിക്കറുകളും സ്ഥാപിച്ചു സുരക്ഷ ഉറപ്പു വരുത്തണം. വിവിധ പഞ്ചായത്തുകളിൽ നിന്നും തടി കയറ്റി വരുന്ന വാഹനങ്ങൾ മൂലം പഞ്ചായത്ത് റോഡ് തകരുകയും വൈദ്യുതി കമ്പികൾ പൊട്ടുകയും മറ്റ് നാശ നഷ്ടങ്ങൾ സംഭവിക്കുകയും ചെയ്യുന്നതായി പരാതികൾ ലഭിക്കുന്നു. ഭാര വാഹനങ്ങൾ ചെറിയ റോഡുകൾ ഒഴിവാക്കി സഞ്ചരിക്കണം. ഡ്രൈവർക്ക് പുറമേ ഒരു സഹായി കൂടി ഈ വാഹനങ്ങളിൽ ഉറപ്പാക്കണം. വാഹനങ്ങളുടെ അറ്റകുറ്റ പണികൾ യഥാസമയം നിർവഹിച്ചിട്ടുണ്ടെന്നും ടയറുകൾ നിലവാരമുള്ളതാണെന്നും ഉടമകൾ ഉറപ്പാക്കണം. പരിചയ സമ്പന്നരായ ഡ്രൈവർമാരെ വാഹനങ്ങളിൽ നിയോഗിക്കേണ്ടതും ഇവ൪ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടതുമാണ്. ദൂര സ്ഥലങ്ങളിൽ നിന്നും വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് മതിയായ ഉറക്കം ലഭിച്ചു എന്ന് ഉറപ്പു വരുത്തേണ്ടതും ക്ഷീണം തോന്നുകയാണെങ്കിൽ വാഹനം റോഡിൽ നിന്നും മാറ്റി നിർത്തി ക്ഷീണം ഒഴിവാക്കിയതിനു ശേഷം യാത്ര തുടരേണ്ടതുമാണ്. അമിതഭാരം കയറ്റുന്നത് ഒഴിവാക്കുന്നതിലൂടെ വാഹനത്തിന്റെയും റോഡുകളുടെയും സുരക്ഷയും നിലനിൽപ്പം ഉറപ്പാക്കുന്നുവെന്നും ആ൪ടിഒ അറിയിച്ചു.

date