Skip to main content

തദ്ദേശഭരണ സ്ഥാപനങ്ങള്‍ പദ്ധതി തുക വിനിയോഗം ഊര്‍ജിതപ്പെടുത്തണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് 

ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ പദ്ധതി തുക വിനിയോഗം വര്‍ധിപ്പിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ അംഗീകരിക്കുന്നതിനായി കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. 

സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഡിസംബറിനു മുന്‍പ് പദ്ധതി തുകയുടെ 50 ശതമാനം ചെലവഴിക്കേണ്ടതുണ്ട്. നിലവില്‍ തുക വിനിയോഗത്തില്‍ ജില്ല ഏറെ പിന്നിലായതിനാല്‍ ഊര്‍ജിതമായ ശ്രമങ്ങളിലൂടെ മാത്രമേ നിര്‍ദേശ പ്രകാരമുള്ള തുക ചെലവഴിക്കുവാന്‍ കഴിയു. തദ്ദേശസ്ഥാപനങ്ങളില്‍ എന്‍ജിനിയറിംഗ് വിഭാഗങ്ങളിലെ ജീവനക്കാരുടെ കുറവും നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന അധിക ചുമതലകളും പദ്ധതി നടത്തിപ്പിനെ ബാധിക്കുന്നുണ്ട്. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് കൂടുതല്‍ തുക വിനിയോഗിക്കുന്നതിന് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്നും പ്രസിഡന്റ് പറഞ്ഞു. തുക വിനിയോഗത്തില്‍ ജില്ല ഇപ്പോള്‍ സംസ്ഥാനത്ത് പത്താം സ്ഥാനത്താണ്. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വളരെ പിന്നിലാണ്. ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകണമെന്നും പ്രസിഡന്റ് പറഞ്ഞു. 

തദ്ദേശഭരണ സ്ഥാപനങ്ങളുടെ തുക വിനിയോഗത്തില്‍ ഏറെ പ്രാധാന്യമുള്ള വൈദ്യുതി, വാട്ടര്‍ അതോറിറ്റി വകുപ്പുകളിലെ  ഉദ്യോഗസ്ഥര്‍ ആസൂത്രണ സമിതികളില്‍ കൃത്യമായി പങ്കെടുക്കാത്തതില്‍ സമിതി അതൃപ്തി രേഖപ്പെടുത്തി. ഇക്കാര്യം ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി തുടര്‍ന്നു നടക്കുന്ന യോഗങ്ങളില്‍ ഈ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നതിനും തീരുമാനമായി. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതികള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഈമാസം 15ലേക്ക് സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചിട്ടുള്ളതായി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു. 

ഇരുപത് തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതികള്‍ക്കാണ് ആസൂത്രണ സമിതി അംഗീകാരം നല്‍കിയത്. ജില്ലാ പഞ്ചായത്ത്, കോന്നി ബ്ലോക്ക് പഞ്ചായത്ത്, തിരുവല്ല-അടൂര്‍ നഗരസഭകള്‍, അരുവാപ്പുലം, ഏറത്ത്, തുമ്പമണ്‍, നിരണം, കോയിപ്രം, കുളനട, തോട്ടപ്പുഴശേരി, കൊറ്റനാട്, വള്ളിക്കോട്, മെഴുവേലി. മലയാലപ്പുഴ, അയിരൂര്‍. പള്ളിക്കല്‍, പ്രമാടം, തണ്ണിത്തോട്, മൈലപ്ര എന്നീ ഗ്രാമപഞ്ചായത്തുകളിലെയും പദ്ധതി ഭേദഗതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. 

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ആസൂത്രണ സമിതി അംഗങ്ങളായ ലീലാ മോഹന്‍, സാം ഈപ്പന്‍, വിനീത അനില്‍, അഡ്വ.ആര്‍.ബി. രാജീവ് കുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി.ആര്‍. മുരളീധരന്‍ നായര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, തദ്ദേശഭരണ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date