Skip to main content

നല്ല ഭാവിക്കായി നല്ല ശീലങ്ങള്‍ ജില്ലാതല കാമ്പയിന് തുടക്കമായി

കൊച്ചി: കുട്ടികളില്‍ ശാരീരികമായ നിഷ്‌ക്രിയത്വം അവസാനിപ്പിച്ച് നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനായി നടത്തുന്ന നല്ല ഭാവിക്കായി നല്ല ശീലങ്ങള്‍ കാമ്പയിന് തുടക്കമായി. കൊച്ചി നഗരസഭ, ദേശീയ ആരോഗ്യദൗത്യം അമൃത ഇന്‍സ്റ്റിറ്റിയൂട്ട്  ഓഫ്‌മെഡിക്കല്‍ സയന്‍സസ് കമ്മ്യൂണിറ്റി വിഭാഗം, സെന്റ് അഗസ്റ്റിന്‍സ് സ്‌കൂള്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി ഹൈബി ഈഡന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. 

ദിവസവും അരമണിക്കൂര്‍ വ്യായാമം ചെയ്യുന്നവരില്‍ പ്രമേഹം, രക്താതിമര്‍ദ്ദം, ക്യാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ വരാന്‍ സാധ്യത കുറവായതിനാല്‍ ഇത്തരം ശീലങ്ങള്‍ നമ്മുടെ ജീവിതചര്യയാക്കി മാറ്റുകയും കുഞ്ഞുങ്ങളെ ഇത് ശീലിക്കുന്നതിന് പ്രേരിപ്പിക്കുകയുംചെയ്യണമെന്ന് എം എല്‍ എ പറഞ്ഞു. 
കൊച്ചിയില്‍ നാലില്‍ ഒരാള്‍ക്ക് പ്രമേഹ രോഗമുണ്ടെന്നാണ് കണക്ക്. കുഞ്ഞുനാള്‍ മുതല്‍ ശീലിക്കുന്ന ശാരീരിക നിഷ്‌ക്രിയത്വമാണ് വര്‍ദ്ധിച്ചുവരുന്ന പ്രമേഹരോഗനിരക്കിന് കാരണമെന്ന് അമൃത കമ്മ്യൂണിറ്റി മെഡിസിന്‍ മേധാവി ഡോ എസ് അശ്വതി പറഞ്ഞു.
വര്‍ദ്ധിച്ചുവരുന്ന ജീവിതശൈലിരോഗങ്ങളായ പ്രമേഹം, രക്താതിമര്‍ദ്ദം, ഹൃദയാഘാതം, ക്യാന്‍സര്‍ തുടങ്ങിയവയുടെ തുടക്കം കുട്ടികളിലും കൗമാരക്കാരിലും തുടങ്ങുന്ന ശീലങ്ങളാണ്. ദിവസവും ചുരുങ്ങിയത് അര മണിക്കൂര്‍ വ്യായാമം ചെയ്യുകയാണെങ്കില്‍ ഇത്തരം രോഗങ്ങള്‍ വരുന്നത് തടയാനാവും.

കുട്ടികളില്‍ ജീവിതശൈലിരോഗങ്ങളെ കുറിച്ചും അതിനെ തടയുവാനായി സ്വീകരിക്കേണ്ട നല്ല ശീലങ്ങളെകുറിച്ചും അവബോധമുണ്ടാക്കുന്നതിനായി നടത്തുന്ന പരിപാടിയാണ് നല്ല ഭാവിക്കായി നല്ല ശീലങ്ങള്‍. ആരോഗ്യരംഗത്ത് ജനകീയവത്കരണം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ആരോഗ്യമുള്ള എറണാകുളത്തിനായി ഒന്നിക്കാം (Unite for Healthy Ernakulam) കാമ്പയിനിലെ ഒരു പരിപാടിയാണ് നല്ല ഭാവിക്കായി നല്ല ശീലങ്ങള്‍.
ഈ പരിപാടിയുടെ ഭാഗമായി പച്ചക്കറികളും പഴവര്‍ഗങ്ങളും വീടുകളിലും സ്‌കൂളുകളിലും നട്ടു പിടിപ്പിക്കുന്നതും ഭക്ഷണത്തില്‍ പഴവര്‍ഗങ്ങളുടെ ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുമെന്ന് ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ മാത്യൂസ് നമ്പേലി പറഞ്ഞു. പുകവലി, മയക്കുമരുന്നിന്റെ ഉപയോഗം എന്നിവക്കെതിരെ പ്രചരണം സംഘടിപ്പിക്കും.

നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗ്രേസിജോസഫ്, കൗണ്‍സിലര്‍ എം ജി അരിസ്റ്റോട്ടില്‍, അസോസിയേറ്റ് പ്രൊഫസര്‍ ഡോ പി എസ് രാകേഷ്, കെ കെ അന്‍സമ്മ, എം കെ ഇസ്മയില്‍, ബിജു ജോയി, രതീഷ്‌കുമാര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി

date