തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ പൂര്‍ണസജ്ജം - ജില്ലാ കളക്ടര്‍
നാളെ (16ന്) ആരംഭിക്കുന്ന ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്ത് ജില്ലയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് എല്ലാ സര്‍ക്കാര്‍ വകുപ്പുകളും പൂര്‍ണസജ്ജമാണെന്ന് ജില്ലാ കളക്ടര്‍ ആര്.ഗിരിജ പറഞ്ഞു. ഈ വര്‍ഷത്തെ തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍ സംബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
ജൂണ്‍ മാസം മുതല്‍ അവലോകന യോഗങ്ങള്‍ ആരംഭിച്ചു. മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും വിവിധ വകുപ്പ് മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടന്ന അവലോകന യോഗങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കി. ഉന്നതതലങ്ങളില്‍ ഇടപെടല്‍ ആവശ്യമുള്ള കാര്യങ്ങളില്‍ ഇടപെടലുകള്‍ നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും കഴിഞ്ഞതായും കളക്ടര്‍ പറഞ്ഞു.
ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിലുള്ള എമര്‍ജന്‍സി ഓപ്പറേഷന് സെന്ററുകള്‍ നാളെ മുതല്‍ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചുതുടങ്ങും. ദുരന്തനിവാരണത്തില്‍ വൈദഗ്ദ്ധ്യമുള്ളവരെ ഈ സെന്ററുകളിലേക്ക് നിയോഗിച്ചുകഴിഞ്ഞു. കളക്ടറേറ്റ് കേന്ദ്രീകരിച്ച് പ്രത്യേക കണ്ട്രോള് റൂം പ്രവര്‍ത്തനം തുടങ്ങി.
ഹോട്ടലുകളിലെ വിലനിയന്ത്രണത്തിനായി സന്നിധാനം, പമ്പ, നിലയ്ക്കല്‍, ളാഹ, തുലാപ്പള്ളി എന്നീ സ്ഥലങ്ങളില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് ഈടാക്കാവുന്ന വില നിശ്ചയിച്ച് ഉത്തരവായി. വില വിവരം വിവിധ ഭാഷകളില്‍ അച്ചടിച്ച് കടകളില്‍ ഉപഭോക്താക്കള്‍ക്ക് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കുന്നതിന് കടയുടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അമിത വില ഈടാക്കുന്ന കടയുടമകള്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബേക്കറി ഉല്‍പ്പന്നങ്ങള്‍, സ്റ്റീല്‍, പിത്തള, അലൂമിനിയം പാത്രങ്ങള്‍ എന്നിവയുടെയും വില നിശ്ചയിച്ച് നല്കി.
സന്നിധാനം, പമ്പ എന്നിവിടങ്ങളിലേക്ക് ഡ്യൂട്ടി മജിസ്ട്രേറ്റുമാരെയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെയും നിയമിച്ചിട്ടുണ്ട്. ഇവര്‍ 15 മുതല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് തുടങ്ങും. ജില്ലയിലെ റോഡുകളുടെ പണി 90 ശതമാനം പൂര്‍ത്തീകരിച്ചു. മഴ കാരണം റോഡ് പണികള്‍ സമയത്ത് പൂര്‍ത്തീകരിക്കുന്നതില്‍ അല്‍പ്പം ബുദ്ധിമുട്ട് നേരിട്ടുവെങ്കിലും യുദ്ധകാലാടിസ്ഥാനത്തില്‍ പണികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ്.
ഇറിഗേഷന്‍ വകുപ്പ് തീര്‍ഥാടകരുടെ സുരക്ഷയ്ക്കായി ജില്ലയിലെ 147 കടവുകളില്‍ വിവിധ ഭാഷകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മുന്‍വര്‍ഷം 142 കടവുകളിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നത്. ഇത്തവണ അഞ്ച് കടവുകളില്‍ കൂടി അധികമായി ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
മിഷന് ഗ്രീന്‍ ശബരിമല പദ്ധതിയിന്‍കീഴില്‍ പ്ലാസ്റ്റിക് രഹിത തീര്‍ഥാടനം ഉറപ്പാക്കുന്നതിനായി ളാഹ, കണമല, എന്നീ സ്ഥലങ്ങളില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള പ്ലാസ്റ്റിക് എക്സ്ചേഞ്ച് കൗണ്ടറുകള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കും. തീര്‍ഥാടകരില്‍ നിന്നും പ്ലാസ്റ്റിക് ബാഗുകള്‍ വാങ്ങി പകരം തുണിസഞ്ചികള്‍ നല്‍കും. ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലും പ്ലാസ്റ്റിക് എക്സ്ചേഞ്ച് കൗണ്ടര്‍ പ്രവര്‍ത്തിക്കും. ഇരുമുടിക്കെട്ടിലെ പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനും വിപുലമായ പ്രചരണ പരിപാടികള്‍ ഏറ്റെടുത്തിട്ടുണ്ട്.
ഇതിന്റെ ഭാഗമായി മോഹന്‍ലാല്‍ അഭിനയിച്ച വീഡിയോ സന്ദേശം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതോടൊപ്പം വീഡിയോ വാളുകളായി പ്ലാസ്റ്റിക് വിരുദ്ധ സന്ദേശങ്ങള്‍ വിവിധ ഭാഷകളില്‍ പമ്പയിലെ രാമമൂര്‍ത്തി മണ്ഡപത്തില്‍ പ്രദര്‍പ്പിക്കും. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനായി കഴിഞ്ഞ വര്‍ഷം നടത്തിയ പ്രചരണങ്ങള്‍ ഫലം കണ്ടു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവില്‍ കഴിഞ്ഞ തീര്‍ഥാടന കാലത്ത് ഏറെ കുറവുണ്ടായി. ഇത് ഒരു ശുഭസൂചനയാണ്. ഈ വര്‍ഷം പൂര്‍ണമായും പ്ലാസ്റ്റിക് രഹിതമായ ഒരു തീര്‍ഥാടന കാലം പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ പ്രചരണം നല്‍കുന്നതിന് മാധ്യമങ്ങളുടെയും മറ്റുള്ളവരുടെയും സഹകരണം കളക്ടര്‍ അഭ്യര്‍ഥിച്ചു. വാട്ടര്‍ അതോറിറ്റി കിയോസ്കുകളിലൂടെ ചൂടുവെള്ളം ഉള്‍പ്പെടെ നല്‍കുന്നതിന് നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
പമ്പയിലെ ബലിതര്‍പ്പണവുമായി ബന്ധപ്പെട്ട് വനം വകുപ്പുമായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വനം വകുപ്പ് മന്ത്രിയുടെയും ദേവസ്വം വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പരിഹാരമായതായും ഇക്കാര്യങ്ങളില്‍ ഇനിയും എന്തെങ്കിലും പ്രശ്നങ്ങള്‍ നിലനില്ക്കുന്നുണ്ടെങ്കില് ദേവസ്വം വകുപ്പ് മന്ത്രി 16ന് പമ്പയിലെത്തുമ്പോള്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. ഏതെങ്കിലും വിഷയങ്ങളില്‍ ശബരിമല ഉന്നതാധികാരി സമിതിയുടെയോ ഹൈക്കോടതിയുടേയോ ഇടപെടല്‍ ആവശ്യമുള്ളതാണെങ്കില്‍ ഇതിന് വേണ്ട നടപടികളും സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
പമ്പയിലേക്കും തിരിച്ചുമുള്ള കെഎസ്ആര്‍ടിസി ബസുകള്‍ ഹോട്ടലുകളുടെ മുന്നില്‍ ദീര്‍ഘസമയം നിര്ത്തിയിടുന്നുണ്ടോ എന്ന വിഷയം പരിശോധിച്ച് റിപ്പോര്‍ട്ട് നല്കുവാന് ആര്‍ടിഒയ്ക്ക് നിര്‍ദേശം നല്‍കും. പത്തനംതിട്ട നഗരത്തിലെ വഴിവിളക്കുകളുടെ പ്രശ്നം സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ അസൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച് നഗരസഭയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നതാണ്. നഗരസഭ ഇനിയും ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് സെക്രട്ടറിക്ക് അടിയന്തര നിര്‍ദേശം നല്‍കുമെന്നും കളക്ടര്‍ പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ മുന്‍ വര്‍ഷങ്ങളിലേതുപോലെ ഇലവുങ്കല്‍ കേന്ദ്രീകരിച്ച് സേഫ് സോണ്‍ പദ്ധതി നാളെ മുതല്‍ പ്രവര്‍ത്തനം തുടങ്ങും. പമ്പ, സന്നിധാനം, നിലയ്ക്കല്‍, പന്തളം എന്നീ സ്ഥലങ്ങളിലെ ശുചീകരണത്തിനായി 800 വിശുദ്ധി സേനാംഗങ്ങള്‍ എത്തിയിട്ടുണ്ട്. ഇവര്‍ ഇന്ന് (15) മുതല്‍ ശുചീകരണജോലികള്‍ ആരംഭിക്കും. തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പന്തളം നഗരസഭ ഉള്‍പ്പെടെയുള്ള ജില്ലയിലെ 17 തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ 2.2 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും കളക്ട ര്‍ പറഞ്ഞു.
പോലീസ് മുന്‍വര്‍ഷങ്ങളിലേതുപോലെ പമ്പയിലും സന്നിധാനത്തും വിപുലമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളതായി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ജില്ലാ പോലീസ് മേധാവി ഡോ.സതീഷ് ബിനോ പറഞ്ഞു. ഒന്നാം ഘട്ടത്തില്‍ 1400 പോലീസുകാരെയാണ് പമ്പയിലും സന്നിധാനത്തുമായി വിന്യസിച്ചിട്ടുള്ളത്. ഇതില്‍ 950 പേര് പമ്പയിലും 500 പേര് സന്നിധാനത്തും ജോലി ചെയ്യും. രണ്ടിടത്തും എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരായിരിക്കും പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. ഒന്നാം ഘട്ടത്തില്‍ ക്ഷേത്രസുരക്ഷാ വിഭാഗം ഡിസിപി പി.കെ.മധു സന്നിധാനത്തും സി.ബി.സി.ഐ.ഡി എസ്പി സാബു മാത്യു പമ്പയിലും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
ജില്ലയിലെ മറ്റ് സ്ഥലങ്ങളിലെ ക്രമീകരണങ്ങള്‍ക്കായി കെഎപിയില്‍ നിന്നുള്ള 80 പോലീസുകാരെയും 300 സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെയും നിയമിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. പോലീസിന് പുറമേ എന്‍ഡിആര്‍എഫ്, ആര്‍പിഎഫ്, ഐആര്‍ബി എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള സുരക്ഷാ ജീവനക്കാരും പമ്പയിലും സന്നിധാനത്തും തീര്‍ഥാടന കാലത്ത് പ്രവര്‍ത്തിക്കും.ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടര്‍ പി.റ്റി.എബ്രഹാമും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
- Log in to post comments