Skip to main content

ട്രാന്‍സ്‌ജെന്‍ഡര്‍ പ്രശ്‌നങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നതാവണം സ്ത്രീ സംവാദങ്ങള്‍- വനിതാ സെമിനാര്‍

kരളത്തില്‍ ജീവിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ പ്രശ്‌നങ്ങള്‍ കൂടി മുഖ്യധാരാ സമൂഹം കണക്കിലെടുക്കണമെന്ന് വനിതാ സെമിനാര്‍. പൊതു ഇടത്തിലെ സ്ത്രീ എന്ന വിഷയത്തെ ആസ്പദമാക്കി പോലീസ് വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച വനിതാ സെമിനാറിലാണ് ട്രാന്‍ജെന്‍ഡര്‍ പ്രശ്‌നങ്ങളും ചര്‍ച്ചയായത്. ഭിന്നലിംഗമെന്നും മൂന്നാംലിംഗമെന്നുമുള്ള വിശേഷണങ്ങള്‍ ഒഴിവാക്കണമെന്നും അന്താരാഷ്ട്ര തലത്തില്‍ ട്രാന്‍ഡെന്‍ഡര്‍ പ്രശ്‌നങ്ങളെ നിര്‍വചിച്ചിരിക്കന്നത് കേരള സമൂഹം മനസ്സിലാക്കണെമെന്നും കേരള സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ സെല്ലിന്റെ സംസ്ഥാന പ്രോജക്ട് ഓഫീസര്‍ ശ്യാമ എസ്. പ്രഭ പറഞ്ഞു. സമൂഹത്തിന്റെ ലിംഗചിന്തകള്‍ സ്ത്രീയെന്നും പുരുഷനെന്നുമുള്ള ദ്വന്ദങ്ങളില്‍ മാത്രം ചുറ്റിത്തിരിഞ്ഞാല്‍ ഈ രണ്ടു വിഭാഗത്തിലും ഉള്‍പ്പെടാത്ത 25000 ഓളം വരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍  മലയാളികളുടെ പ്രശ്‌നങ്ങള്‍ സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകും. വനിതകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ വനിതകളായി ജനിച്ചതിനു ശേഷം ലിംഗമാറ്റം സംഭവിച്ചിട്ടുള്ളവരുടെയും പുരുഷ•ാരായി ജനിച്ചതിനു ശേഷം ലിംഗമാറ്റം സംഭവിച്ചിട്ടുള്ളവരുടെയും പ്രശ്‌നങ്ങളില്‍ കൂടി ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കില്‍ അത്തരം ചര്‍ച്ചകള്‍ അപൂര്‍ണമാണ്. സ്ത്രീയും പുരുഷനും അല്ലാത്ത വ്യക്തിത്വം തിരിച്ചറിഞ്ഞ് ജീവിക്കുന്ന ആളുകള്‍ സമൂഹത്തിലുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ നയം രൂപീകരിച്ചതിനു ശേഷം കൂടുതല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച സുപ്രീം കോടതി  വിധിക്കുശേഷം ട്രാന്‍ഡ്‌ജെന്‍ഡര്‍ നയം രൂപീകരിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ വെല്‍ഫെയര്‍ ബോര്‍ഡും ട്രാന്‍സ്‌ഡെന്‍ഡര്‍ സെല്ലും രൂപീകരിച്ച ആദ്യ സംസ്ഥാനം നമ്മുടെതാണ്. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ലൈംഗീകതയെക്കുറിച്ച് പഠിപ്പിക്കാതെ പോകുന്നത് മൂല്യച്യുതിക്ക് കാരണമാകുന്നുണ്ട്. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുകയാണെന്നും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ഉള്‍ക്കൊളളുന്ന സമൂഹമായി മാറാന്‍ കേരളത്തിന് കഴിയണമെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിലെ ലിംഗ-സ്വത്വ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ച ശ്യാമ എസ് പ്രഭ അഭിപ്രായപ്പെട്ടു.   

കോട്ടയം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍. സോന വനിതാ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീ സമൂഹത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഇന്ന് കൂടുതലായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. സമൂഹത്തില്‍ കൂടുതല്‍ ഇടപെടാനുള്ള അവസരവും സ്ത്രീയ്ക്കുണ്ട്. പുരാണേതിഹാസങ്ങള്‍ വരച്ചു കാണിക്കുന്ന പുരുഷ കേന്ദ്രീകൃത സ്ത്രീ നിര്‍വചനങ്ങള്‍ക്ക് ഇന്ന് തീരെ പ്രസക്തിയില്ലെന്ന വസ്തുത വിസ്മരിക്കുന്ന ധാരാളം പേര്‍ സമൂഹത്തിലുണ്ട്. സമൂഹത്തില്‍ ക്രിയാത്മകമായി ഇടപെടാന്‍ സ്ത്രീകള്‍ക്ക് സാധിക്കും- അവര്‍ പറഞ്ഞു. 

 

ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി.എന്‍.ശ്രീദേവി വിഷയാവതരണം നടത്തി. പൊതു ഇടത്തിലെ സ്ത്രീകളും മാധ്യമവും എന്ന വിഷയത്തില്‍ മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ ജോളി അടിമത്ര, സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും നിയമസഹായവും എന്ന വിഷയത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയംഗം അഡ്വ. രാജി പി. ജോയി, വനിതാ സെല്‍ സി.ഐ ഫിലോമിന, ദുരിതമനുഭവിക്കുന്ന സ്ത്രീകളും പുനരധിവാസവും എന്ന വിഷയത്തില്‍ സാമൂഹ്യപ്രവര്‍ത്തക ആനി ബാബു എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ. തോമസ് മോഡറേറ്ററായി. പിആര്‍ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അബ്ദുല്‍ റഷീദ് ആമുഖ പ്രഭാഷണം നടത്തി. സെമിനാര്‍ കമ്മറ്റി കണ്‍വീനര്‍ കൂടിയായ അസി. ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ പി.എസ്. ഷിനോ സ്വാഗതവും ഡി.വൈ.എസ്.പി അഡ്മിനിസ്‌ട്രേഷന്‍ വിനോദ് പിളള നന്ദിയും പറഞ്ഞു. 

date