ജനപങ്കാളിത്തത്തോടെ മന്ത്രിസഭാ വാര്‍ഷികം ആഘോഷിക്കാനായത് സര്‍ക്കാരിന്റെ നേട്ടം: അഡ്വ. കെ. സുരേഷ് കുറുപ്പ് എം. എല്‍. എ
സംസ്ഥാന മന്ത്രിസഭാ വാര്‍ഷികം ജനപങ്കാളിത്തത്തോടെ ആഘോഷിക്കാനായത് സര്‍ക്കാരിന്റെ മികച്ച നേട്ടങ്ങളില്‍ ഒന്നാണെന്ന് കെ. സുരേഷ് കുറുപ്പ് എം. എല്‍. എ പറഞ്ഞു. മന്ത്രിസഭാ വാര്‍ഷികത്തിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരാഴ്ചയായി നാഗമ്പടം മൈതാനത്ത് നടക്കുന്ന ദിശ സേവന ഉല്പന്ന വിപണന പ്രദര്‍ശന വിപണന മേള യുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ സേവനം മെച്ചപ്പെടുത്തിയതും 5000 ത്തോളം ഡോക്ടര്‍മാരെ പുതിയതായി നിര്‍മ്മിച്ചതും സര്‍ക്കാര്‍ സ്‌കൂളുകള്‍ സേവനം മെച്ചപ്പെടുത്തിയതും ലൈഫ് പദ്ധതിയില്‍ വീട് നല്‍കിയതും ഹരിതം കേരളം പദ്ധതിയിലൂടെ വൃത്തിയുടെ വലിയ സന്ദേശം നടപ്പാക്കി വരുന്നതും കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ കൊണ്ടുതന്നെ ജനമനസില്‍ ഇടം പിടിച്ചുകഴിഞ്ഞു. മലയോര - തീരദേശ ഹൈവേകളുടെ നിര്‍മ്മാണം ആരംഭിക്കുന്നതോടെ ചരിത്രത്തില്‍ പുതിയൊരു ഏടുകൂടി കൂട്ടിച്ചേര്‍ക്കാന്‍ സര്‍ക്കാരിനു കഴിയും. വിവിധ വകുപ്പുകളുടെ സേവനവും ഉല്പന്ന വിപണന സാദ്ധ്യതകളും ജനങ്ങള്‍ക്കു മുന്നില്‍ തുറന്നിടുന്നതിന് ദിശ എന്ന പേരില്‍ ജില്ലയില്‍ നടത്തിയ സേവന ഉല്പന്ന വിപണന പ്രദര്‍ശന മേളയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ജനങ്ങളും സര്‍ക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇത്തരം മേളകള്‍ക്ക് കഴിയും. - അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്ലാന്‍ ഫണ്ട് വിനിയോഗത്തില്‍ സംസ്ഥാന തലത്തില്‍ മികവു പുലര്‍ത്തിയ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സലിം ഗോപാല്‍, ഗ്രാമവികസന വകുപ്പ് അസി. ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ (ജനറല്‍) പി.എസ്. ഷിനോ എന്നിവരെ എംഎല്‍എ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അദ്ധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ വി.എന്‍. വാസവന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീക്ക്, ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബെറ്റി റോയ് മണിയങ്ങാട്ട്, നഗരസഭാ കൗണ്‍സിലര്‍ സി.എന്‍. സത്യനേശന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ് പി. മാത്യു, പിആര്‍ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അബ്ദുല്‍ റഷീദ്, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ. എം. ദിലീപ്, ഡിവൈഎസ്പി അഡ്മിനിസ്‌ട്രേഷന്‍ വിനോദ് പിള്ള തുടങ്ങിയവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ബി.എസ്. തിരുമേനി സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ കൂടിയായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ. തോമസ് നന്ദിയും പറഞ്ഞു.
മികച്ച സിംഗിള്‍ യൂണിറ്റ് സ്റ്റാളായി (60 ച. അടി) ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിനെയും മികച്ച മള്‍ട്ടി യൂണിറ്റ് സ്റ്റാളായി എക്‌സൈസ് വകുപ്പിനെയും തെരഞ്ഞെടുത്തു. കൃഷി വകുപ്പിന്റെ കീഴില്‍ ആത്മ അവതരിപ്പിച്ച ചക്കയില്‍ തീര്‍ത്ത കലാരൂപങ്ങളും ചക്ക വിഭവങ്ങളും മികച്ച ആശയാവിഷ്‌കാരത്തിനുള്ള സമ്മാനം നേടി. മേളയുടെ അവസാന ദിവസം നടന്ന ലക്കി ഡ്രോയില്‍ ആയിരത്തിലേറെ പേര്‍ പങ്കെടുത്തു. സിജോ വിവി, വരക്കുകാലയില്‍ ഒന്നാം സ്ഥാനവും സബീന എസ്, കുന്നുംപുറത്ത് വീട് രണ്ടാം സ്ഥാനവും ജേക്കബ് സണ്ണി, കുട്ടന്‍ചാല്‍ മൂന്നാം സ്ഥാനവും നേടി. തുടര്‍ന്ന് പോലീസ് ഓര്‍ക്കസ്ട്ര, ഫ്‌ളവേഴ്‌സ് ടിവി കോമഡി ഉത്സവം താരങ്ങളുടെ കോമഡി ഷോ എന്നിവ അരങ്ങേറി.
- Log in to post comments