യൂത്ത് പാര്‍ലമെന്റ് മത്സരങ്ങളിലെ മികച്ച പാര്‍ലമെന്റേറിയന്‍മാര്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു
സംസ്ഥാനത്തെ 14 ജില്ലകളില്‍ 2016-17 അധ്യനവര്‍ഷത്തില്‍ നടന്ന യൂത്ത് പാര്‍ലമെന്റ് മത്സരങ്ങളില്‍ മികച്ച പാര്‍ലമെന്റേറിയന്‍മാരായി ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണം പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിച്ചു. മന്ത്രിയുമായി വിവിധ വിഷയങ്ങളെക്കുറിച്ച് സംശയങ്ങള്‍ ചോദിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിച്ചു.
വയനാട് ജില്ലയിലെ പട്ടികവിഭാഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ തടസങ്ങള്‍, രാഷ്ട്രീയത്തിലെ മൂല്യശോഷണം, കര്‍ണാടകയില്‍ തെരഞ്ഞെടുപ്പിനുശേഷമുണ്ടായ അനിശ്ചിതത്വം, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാത്തതിലുള്ള അതൃപ്തി എന്നിങ്ങനെ സമകാലിക വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ മന്ത്രിയോട് ചോദ്യങ്ങള്‍ ചോദിച്ചു.
എല്‍.എല്‍.ബി പഠിക്കുമ്പോഴും എംപിയായിരിക്കുമ്പോഴും തന്റെ വീട്ടില്‍ വൈദ്യുതി ഉണ്ടായിരുന്നില്ലെന്നും താന്‍ വൈദ്യുതിമന്ത്രിയായിരിക്കുമ്പോള്‍ അനേകം ആദിവാസി സങ്കേതങ്ങളുള്ള പാലക്കാട് ജില്ലയെ സമ്പൂര്‍ണ വൈദ്യുതീകൃത ജില്ലയായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞത് അത്തരം അനുഭവങ്ങള്‍ പകര്‍ന്ന ഊര്‍ജ്ജം കൊണ്ടാണെന്നും മന്ത്രി പറഞ്ഞു.
ആദിവാസി വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് നിയന്ത്രിക്കാന്‍ ആദിവാസി മേഖലകളില്‍ ബിഎഡ് ബിരുദക്കാരായ ആദിവാസി വിഭാഗക്കാരെ മെന്‍ഡര്‍ അധ്യാപകരായി നിയമനം നല്‍കി.
മതനിരപേക്ഷതയും മതേതരത്വവും കാത്തുസൂക്ഷിക്കാന്‍ ഇന്ത്യക്ക് മാതൃകയാണ് കേരളമെന്നും വ്യക്തിത്വ രൂപകല്‍പന സാധ്യമാകുന്ന കാലത്ത് അതു നിര്‍വഹിക്കാന്‍ വിദ്യാര്‍ത്ഥിസമൂഹത്തിനാവണമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ വിവിധ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
പി.എന്‍.എക്‌സ്.1960/18
- Log in to post comments