സര്‍ക്കാര്‍ വകുപ്പുകള്‍ അണിനിരക്കുന്ന അനന്തവിസ്മയം മെഗാ മേള ഇന്ന് (മേയ് 24) മുതല്‍
നൂറിലധികം സര്‍ക്കാര്‍ വകുപ്പുകള്‍ അണിനിരക്കുന്ന മെഗാ പ്രദര്‍ശന വിപണന മേള 'അനന്തവിസ്മയം' ഇന്ന് (മേയ് 24) കനകക്കുന്നില്‍ ആരംഭിക്കും. പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് മേള നടത്തുന്നത്.
മേളയില്‍ 153 സ്റ്റാളുകളാണുള്ളത്. പൊലീസിന്റെ ചരിത്രവും സുരക്ഷാ ഉപകരണങ്ങളുടെ പ്രദര്‍ശനവും കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കും. വിവിധ സുരക്ഷാ സ്‌ക്വാഡുകളുടെ അഭ്യാസപ്രകടനങ്ങളും അരങ്ങേറും. വൈകിട്ട് അഞ്ചിന് സൂര്യകാന്തിയില്‍ സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും. കെ. മുരളീധരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മേയര്‍ വി.കെ. പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു സ്വാഗതം ആശംസിക്കും. എം.പി.മാര്‍, എം.എല്‍.എ.മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
വൈകിട്ട് ആറിന് ശ്രീരഞ്ജിനി കോടംപള്ളിയും റാഫിന്‍ സ്റ്റീഫന്‍ ബാന്‍ഡും അവതരിപ്പിക്കുന്ന ഫ്യൂഷന്‍ ഷോ അരങ്ങേറും. 30 വരെ എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് വിവിധ വിഷയങ്ങളില്‍ സെമിനാറുകളും വൈകിട്ട് കലാപരിപാടികളും നടക്കും. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള മുഴുവന്‍ വകുപ്പുകളും മേളയുടെ ഭാഗമാകും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സ്‌പെഷാലിറ്റി മെഡിക്കല്‍ ക്യാമ്പും കൗണ്‍സിലിങ് സേവനങ്ങളും സൗജന്യമായി മരുന്നും ലഭിക്കും. പട്ടികവര്‍ഗവകുപ്പ് വംശീയവൈദ്യ സേവനങ്ങളും ഒരുക്കിയിട്ടുണ്ട്. രാവിലെ 11 മുതല്‍ വൈകിട്ട് 10 വരെയാണ് പ്രവര്‍ത്തന സമയം.
പി.എന്‍.എക്‌സ്.1961/18
- Log in to post comments