ഔദ്യോഗിക ഭാഷാസമിതിയില് ഇനി ജനപ്രതിനിധികളും
ഭരണഭാഷയായ മലയാളത്തില്‍ തന്നെയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഫയലുകളെഴുതുന്നതെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ജില്ലാതല ഔദ്യോഗിക ഭാഷാ സമിതിയില്‍ ജനപ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തി. കോട്ടയം എം.എല്‍.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ജില്ലാ പഞ്ചായത്തംഗങ്ങളായ ലിസമ്മബേബി, പെണ്ണമ്മ ജോസഫ് എന്നിവരെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലയിലെ എണ്‍പത്തിയാറോളം വരുന്ന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വയം ഭരണസ്ഥാപനങ്ങളിലെ കഴിഞ്ഞ മൂന്നു മാസത്തെ ഔദ്യോഗിക ഭാഷാ ഉപയോഗം അവലോകനം ചെയ്യുന്നതിന് കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനിയാണ് ഈ വിവരം അറിയിച്ചത്. ഭരണം സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് മലയാളം ഫയലെഴുത്ത് എല്ലാ ഓഫീസുകളിലും നിര്‍ബന്ധമാക്കിയിട്ടുള്ളതെന്ന് കളക്ടര്‍ പറഞ്ഞു. നിയമപരമായി ഇംഗ്ലീഷില്‍ കൈകാര്യം ചെയ്യേണ്ടതൊഴികെയുള്ള എല്ലാ കത്തുകളും ഉത്തരവുകളും നിര്‍ദ്ദേശങ്ങളും നോട്ടീസുകളും മലയാളത്തില്‍ തന്നെ തയ്യാറാക്കണം. ഇതിനായുള്ള നിഘണ്ടു ഓണ്‍ലൈനില്‍ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ഓഫീസുകളിലും മലയാളത്തിലുള്ള സീല്‍ ഉപയോഗിക്കണം. ഫയല്‍ കൈകാര്യം ചെയ്യുന്നവര്‍ക്കെല്ലാം ഐ.എം.ജിയുടെ വിവിധ കേന്ദ്രങ്ങളില്‍ പരിശീലനം നല്കി വരുകയാണ്. മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം നല്‍കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ജില്ലാതല ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മറക്കല്ലേ മലയാളം എന്ന പേരില്‍ വാട്സാപ് ഗ്രൂപ്പ് രൂപീകരിക്കുന്നതിനും ജില്ലയുടെ വെബ്സൈറ്റ് ദ്വിഭാഷയിലാക്കാനുള്ള നടപടികളും നടന്നുവരികയാണെന്ന് കളക്ടര്‍ പറഞ്ഞു. ഭാഷാ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് ജൂനിയര്‍ സൂപ്രണ്ട് എം. ആര്. രഘുദാസ് അവതരിപ്പിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗം ലിസമ്മബേബി, ഔദ്യോഗിക ഭാഷാ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ആര്.എസ് റാണി, എ.ഡി.എം കെ. രാജന് എന്നിവര്‍ സംസാരിച്ചു.
(കെ.ഐ.ഒ.പി.ആര്-1040/18)
- Log in to post comments