Skip to main content

നോമ്പു തുറക്കല്‍ ഹരിതചട്ടം പാലിച്ച്  

 

നോമ്പ് കാലത്ത് പള്ളികളിലെ നോമ്പു തുറക്കലിന് ഹരിതചട്ടം പാലിക്കാന്‍ മുസ്‌ളീം സമുദായ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനം. റമസാനോട് അനുബന്ധിച്ച് പള്ളികളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നത് സംബന്ധിച്ച്  ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നോമ്പു തുറക്കലിന്റെ ഭാഗമായി ഉണ്ടാകുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ ശരിയായ രീതിയില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യും. പാത്രങ്ങള്‍ സ്റ്റീല്‍, ചില്ല്, മണ്ണ്, സിറാമിക് എന്നിവയില്‍ നിര്‍മ്മിച്ച പാത്രങ്ങള്‍ മാത്രം ഉപയോഗിക്കും. ഇഫ്താര്‍ വിരുന്നുകളില്‍ ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍, ഗ്ലാസ്സുകള്‍ എന്നിവ ഒഴിവാക്കി സ്റ്റീല്‍ പാത്രങ്ങള്‍, ഗ്ലാസ്സുകള്‍, അലങ്കാരത്തിന് തുണി, ഇല, ചണം തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കും. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട് പള്ളികളിലും മദ്രസകളിലും നിര്‍ദ്ദേശം നല്‍കും. ഇതിനായി വ്യാപക പ്രചരണ പരിപാടികളും സംഘടിപ്പിക്കും. നോമ്പുതുറയുമായി ബന്ധപ്പെട്ട ഹരിതചട്ട പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന്  ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വം നല്‍കും. 

ദക്ഷിണ കേരള ജമായത്തുല്‍ ഉലമ, അഖിലേന്ത്യ സുന്നി ജമായത്തുല്‍ ഉലമ, ജമായത്തെ ഇസ്‌ളാമി ഹിദ് കേരള, സമസ്ത കേരള ജമായത്തുല്‍ ഉലമ, ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍, കേരള മുസ്‌ളിം ജമാ അത്ത് ഫെഡറേഷന്‍, എം.ഇ.എസ്, എം.എസ്.എസ്, കേരള മുസ്‌ളീം ജമാ അത്ത് കൗണ്‍സില്‍, ജമാസ് ഏകോപന സമിതി, വക്കഫ് ബോര്‍ഡ് പ്രതിനിധികള്‍ പങ്കെടുത്തു. 

                                              (കെ.ഐ.ഒ.പി.ആര്‍-1071/18)

date