Skip to main content

സാങ്കേതിക വളര്‍ച്ചയ്ക്കനുസരിച്ച് ചിത്രാഞ്ജലിയെ സജ്ജമാക്കും -മന്ത്രി എ.കെ. ബാലന്‍ * പുതിയ ഡബ്ബിംഗ് സ്യൂട്ടും പ്രിവ്യൂ തീയറ്ററും ഉദ്ഘാടനം ചെയ്തു

സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്കനുസരിച്ച് ചിത്രാഞ്ജലിയെ സജ്ജമാക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് സാംസ്‌കാരികമന്ത്രി എ.കെ. ബാലന്‍ അറിയിച്ചു. ചലച്ചിത്ര വികസന കോര്‍പറേഷന്റെ തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ പുതിയ ഡബ്ബിംഗ് സ്യൂട്ടിന്റെയും പ്രിവ്യൂ തീയറ്ററിന്റെയും ജീവനക്കാരുടെ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കാര്‍ഡ് വിതരണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.
    നവോത്ഥാന മൂല്യങ്ങള്‍ വെല്ലുവിളി നേരിടുന്ന കാലത്ത് സാംസ്‌കാരിക സ്ഥാപനങ്ങളെ സര്‍ഗാത്മകമായി കരുത്തുറ്റതാക്കുന്നതില്‍ മുമ്പത്തെക്കാള്‍ പ്രാധാന്യമുണ്ട്. നമ്മുടെ സിനിമയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നമ്മുടെ നാട്ടില്‍തന്നെ നിലനിര്‍ത്താനുള്ള വലിയ ഇടപെടലാണ് നടത്തുന്നത്. ചലച്ചിത്രമേഖലയ്ക്ക് ഒട്ടേറെ സംഭാവനകള്‍ നല്‍കിയ മലയാളം സിനിമയിലേക്ക് പുതുതലമുറ ആവേശത്തോടെ കടന്നുവരുന്നുണ്ട്. രണ്ടുവര്‍ഷം ലഭിച്ച ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചവരുടെ പട്ടിക പരിശോധിച്ചാല്‍ പലരും യുവാക്കളാണ്. ചിത്രാഞ്ജലിയില്‍ നിലവില്‍ രണ്ട് ഡബ്ബിംഗ് സ്യൂട്ട് ഉണ്ടായിരുന്നത് ഇപ്പോള്‍ മൂന്നായി. ആധുനിക പ്രിവ്യൂ തീയറ്ററും സജ്ജമാക്കിയിട്ടുണ്ട്.
    ചിത്രാഞ്ജലിയില്‍ 150 കോടിയുടെ ഫിലിംസിറ്റി പദ്ധതിയാണ് വരുന്നത്. കൂടാതെ 100 കോടിയുടെ ചലച്ചിത്രമേളയുടെ സ്ഥിരംവേദിയും പരിഗണിക്കുന്നുണ്ട്. എന്നാല്‍ അഭിപ്രായങ്ങള്‍ പരിഗണിച്ച് നഗരത്തില്‍ സ്ഥലം ലഭ്യമായാല്‍ ഇത് നഗരത്തില്‍ തന്നെ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
    കെ.എസ്.എഫ്.ഡി.സിയുടെ 100 തീയറ്റര്‍ ശൃംഖല നിര്‍മിക്കുന്നതില്‍ 17 എണ്ണം നിര്‍മാണം ആരംഭിക്കാന്‍ നടപടിയായി. കോഴിക്കോട്ട് നിലിവിലുള്ള തീയറ്ററുകള്‍ക്കൊപ്പം ഒന്നുകൂടി നിര്‍മിക്കുന്നുണ്ട്. മലയാളസിനിമയുടെ നവതിയുടെ ഭാഗമായി ഒരുവര്‍ഷം നീളുന്ന പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
    ചിത്രാഞ്ജലിയിലെ സൗകര്യങ്ങള്‍ ഉപയോഗിച്ച് സിനിമ നിര്‍മിച്ച് കേന്ദ്ര-സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ചലച്ചിത്രപ്രതിഭകളെ ചടങ്ങില്‍ ആദരിച്ചു.
    ഒ. രാജഗോപാല്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. നടന്‍ മധു മുഖ്യാതിഥിയായിരുന്നു. കെ.ടി.ഡി.സി ചെയര്‍മാന്‍ എം.വിജയകുമാര്‍, സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി. ശ്രീകുമാര്‍, ഇന്ദ്രന്‍സ്, നെടുമുടി വേണു, ജലജ, ഡോ. പി.എസ്. ശ്രീകല തുടങ്ങിയവര്‍ സംബന്ധിച്ചു. ചലച്ചിത്ര വികസന കോര്‍പറേഷന്‍ എം.ഡി ദീപാ ഡി. നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ സ്വാഗതവും സ്റ്റുഡിയോ മാനേജര്‍ കെ. വിജയന്‍ നന്ദിയും പറഞ്ഞു.
പി.എന്‍.എക്‌സ്.2074/18

date