Skip to main content

സംസ്ഥാന ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

 

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ 2017 ലെ ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.  മികച്ച ജൈവവൈവിധ്യ പരിപാലന സമിതിക്കുളള പുരസ്‌കാരത്തിന് വയനാട് ജില്ലയിലെ മീനങ്ങാടി ഗ്രാമപഞ്ചായത്തും പ്രത്യേക ജൂറി പുരസ്‌കാരത്തിന് അടൂര്‍ നഗരസഭാ ബി.എം.സിയും അര്‍ഹരായി.

മികച്ച പരിസ്ഥിതി സംരക്ഷകനുളള പുരസ്‌കാരത്തിന് പത്തനംതിട്ട ജില്ലയിലെ വി.എന്‍.ഗോപിനാഥന്‍ പിളളയും, നാടന്‍ വിളയിനങ്ങളുടെ സംരക്ഷണത്തിന് കണ്ണൂര്‍ ജില്ലയിലെ എന്‍ ഷിംജിത്തും പരമ്പരാഗത നാട്ടറിവുകളുടെ സംരക്ഷണത്തിന് എറണാകുളം ജില്ലയിലെ പോള്‍സണ്‍ താം താന്നിക്കലും മികച്ച ജൈവകര്‍ഷകനായി പാലക്കാട് ജില്ലയിലെ കെ.അരവിന്ദനും തെരഞ്ഞെടുക്കപ്പെട്ടു.

കൊല്ലം ജില്ലയിലെ വയല എന്‍.വി/യുപി.എസ്/.യു.പി വിഭാഗത്തിലും, കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ സെന്റ് മേരീസ് എച്ച്.എസ്.എസ് ഹൈസ്‌കൂള്‍/ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലും, എറണാകുളം ജില്ലയിലെ തേവര സേക്രട്ട് ഹാര്‍ട്ട് കോളേജ് കോളേജു വിഭാഗത്തിലും, ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി.

ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച സംഘടനയ്ക്കുളള പുരസ്‌കാരത്തിന് തിരുവനന്തപുരം ജില്ലയിലെ സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് & സോഷ്യല്‍ ആക്ഷന്‍ (CISSA) നെ തെരഞ്ഞെടുത്തു.

മികച്ച ജൈവവൈവിധ്യ ഗവേഷകനുളള പുരസ്‌കാരത്തിന് എറണാകുളം മാല്യങ്കര എസ്.എന്‍.എം കോളേജ്, ബോട്ടണി ഡിപ്പാര്‍ട്ടുമെന്റിലെ റിട്ട. അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സി.എന്‍. സുനില്‍ അര്‍ഹനായി.

മികച്ച ദൃശ്യ മാധ്യമ പ്രവര്‍ത്തകനായി കൈരളി പിപ്പിള്‍ ടി.വി സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ. രാജേന്ദ്രനെയും, മികച്ച ജൈവവൈവിധ്യ പത്രപ്രവര്‍ത്തകനായി കേരള കൂമുദി കണ്ണൂര്‍ ജില്ല സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ഒ.സി മോഹന്‍രാജിനേയും തെരഞ്ഞെടുത്തു.

മികച്ച ജൈവവൈവിധ്യ പരിപാലന സമിതിക്കുളള പുരസ്‌കാരം ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ്.  മറ്റു വിഭാഗങ്ങള്‍ക്ക് അമ്പതിനായിരം രൂപ, ഫലകം, പ്രശസ്തിപത്രം എന്നിവയാണ് സമ്മാനം.  പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് വളളക്കടവ് ജൈവവൈവിധ്യ മ്യൂസിയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന  ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

പി.എന്‍.എക്‌സ്.2138/18

 

date