വര്‍ണാഭമായി പ്രവേശനോത്സവം: പൂമ്പാറ്റകളെപ്പോലെ കുരുന്നുകള്‍
കൊച്ചി: വര്‍ണാഭമായ ചടങ്ങുകളോടെ കൈതാരം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രവേശനോത്സവം. കോട്ടുവളളി ഗവ. യു.പി സ്‌കൂളില്‍ നിന്നും സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളുടെ അകമ്പടിയോടെ ദീപശിഖയുമായി എത്തിയ അക്ഷര ജ്യോതി പ്രയാണത്തെ വരവേറ്റു കൊണ്ടാണ് ആഘോഷ പരിപാടികള്‍ ആരംഭിച്ചത്. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വി.സി റൂബി പതാക ഉയര്‍ത്തി. ഈ വര്‍ഷത്തെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് പ്രദീപ് റോയ് പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കിയാവണം കുട്ടികള്‍ വളരേണ്ടതെന്നും ടിവി, മൊബൈല്‍ ഫോണ്‍ എന്നിവ ഒഴിവാക്കി പഠനത്തിന് മാത്രമായി സമയം ചെലവഴിക്കമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ പി.ടി.എ യും മറ്റ് ഭാരവാഹികളും അദ്ദേഹത്തെ പുരസ്‌കാരം നല്‍കി ആദരിച്ചു. ഒന്നാം ക്ലാസിലേക്ക് ഈ വര്‍ഷം ആദ്യം പ്രവേശനം നേടിയ ദേവിക സനല്‍ ചടങ്ങില്‍ ഭദ്രദീപം തെളിയിച്ചു.
ഒന്നാം ക്ലാസിലേക്ക് 51 പേരാണ് പ്രവേശനം നേടിയിരിക്കുന്നത്. രണ്ട് മുതല്‍ പത്താം ക്ലാസ് വരെ 109 പേരും പുതുതായി പ്രവേശനമെടുത്തവരാണ്. ഒന്നാം ക്ലാസിലേക്ക് ചേര്‍ന്ന എല്ലാ കുട്ടികള്‍ക്കും സൗജന്യമായി ബാഗും കുടയും വിതരണം ചെയ്തു.
മികവിന്റെ കേന്ദ്രമാകുന്ന ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം പറവൂര്‍ എംഎല്‍എ അഡ്വ. വി.ഡി സതീശന്‍ നിര്‍വ്വഹിച്ചു. 8, 9, 10 ക്ലാസ് മുറികളാണ് ഹൈടെക് ആക്കുന്നത്. എല്ലാ ക്ലാസ് മുറികളിലും ലാപ്‌ടോപ്പ്, വൈറ്റ് ബോര്‍ഡ്, മള്‍ട്ടിമീഡിയ പ്രൊജക്ടര്‍, മൗണ്ടിംഗ് കിറ്റ്, യു.എസ്.ബി സ്പീക്കര്‍, അതിവേഗ ഇന്റര്‍നെറ്റ് എന്നീ സൗകര്യങ്ങളാണ് ആദ്യഘട്ടം എന്ന നിലയില്‍ ഒരുക്കിയിട്ടുള്ളത്. അടുത്ത ഘട്ടത്തില്‍ ലാബുകള്‍ക്ക് പുറമെ മള്‍ട്ടി ഫംഗ്ഷന്‍ പ്രിന്റര്‍, എച്ച്.ഡി ക്യാമറ, വെബ്ക്യാം, ടെലിവിഷന്‍ തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാക്കും. അന്താരാഷ്ട്ര നിലവാരത്തിലേക്ക് വിദ്യാലയങ്ങളെ ഉയര്‍ത്തുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി അനുവദിച്ച മൂന്നു കോടി രൂപ ഉപയോഗിച്ച് പണിയുന്ന പ്രൈമറി ബ്ലോക്ക്, വിഎച്ച്എസ്ഇ ബ്ലോക്ക് എന്നീ കെട്ടിട സമുച്ചയങ്ങളുടെ ശിലാസ്ഥാപനവും എംഎല്‍എ നിര്‍വ്വഹിച്ചു.
കൂടാതെ കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്ത എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. തുടര്‍ച്ചയായി അഞ്ചാം തവണയും കൈതാരം സ്‌കൂളിന് എസ്എസ്എല്‍സി പരീക്ഷയില്‍ നൂറുമേനിയാണ് വിജയം. ഈ നേട്ടം കൈവരിച്ച പറവൂരിലെ ഏക സ്‌കൂളുമാണിത്. ചടങ്ങില്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി, ജില്ലാ പഞ്ചായത്ത് അംഗം ഹിമ ഹരീഷ്, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസ്സി റാഫേല്‍, കൈതാരം വിഎച്ച്എസ്ഇ പ്രിന്‍സിപ്പാള്‍ സി. അശോകന്‍ എന്നിവര്‍ പങ്കെടുത്തു.
ക്യാപ്ഷന്‍: 1) കൈതാരം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി ഹെഡ്മിസ്ട്രസ് വി.സി റൂബി പതാക ഉയര്‍ത്തുന്നു.
2) കൈതാരം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവിക സനല്‍ ഭദ്രദീപം തെളിയിക്കുന്നു.
- Log in to post comments