ഹരിത മാര്‍ഗരേഖ പാലിച്ച് പ്രവേശനോത്സവം
കൊച്ചി: ഹരിത ചട്ടങ്ങള്‍ ബാധകമാക്കി നടപ്പിലാക്കിയ സംസ്ഥാനത്തെ ആദ്യ പ്രവേശനോത്സവം സ്‌കൂളുകള്‍ ആഘോഷമാക്കി. കുരുത്തോല കൊണ്ടുള്ള അലങ്കാരങ്ങളും വാഴയിലയില്‍ സദ്യ നല്‍കിയുമാണ് കുരുന്നുകളെ അധ്യയനത്തിന്റെ ആദ്യ ദിവസം വരവേറ്റത്. മഴ ഒഴിഞ്ഞു നിന്ന ദിനത്തില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ വിദ്യാലയത്തിന്റെ ആദ്യപടി ചവിട്ടി. കുറുമശ്ശേരി ഗവ.യു.പി.സ്‌കൂളില്‍ നടന്ന അങ്കമാലി ഉപജില്ലാ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം റോജി.എം.ജോണ്‍ എം.എല്‍.എ. നിര്‍വഹിച്ചു. രാവിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്ത ഘോഷയാത്രയോടു കൂടിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ പുതിയതായി ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികള്‍ അക്ഷരദീപം തെളിയിച്ചു. ഇവര്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. തുടര്‍ന്ന് സദ്യയും ഒരുക്കിയിരുന്നു. ഹരിത ചട്ടം പാലിക്കണമെന്നതിനാല്‍ സ്റ്റീല്‍ പാത്രങ്ങളും വാഴയിലയുമാണ് സദ്യക്ക് ഉപയോഗിച്ചത്. പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന രാജന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സെബാസ്റ്റ്യന്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജയശ്രീ എന്നിവര്‍ പങ്കെടുത്തു.
പൊയ്ക്കാട്ടുശ്ശേരി ഗവ.എല്‍.പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി എല്‍ദോ ഉദ്ഘാടനം ചെയ്തു. പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ബാഗ് ഉള്‍പ്പടെയുളള സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിവിധ സംഘടനകളാണ് കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത്. പുതുതായി പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും വളരെ കൂടുതലാണെന്ന് അധ്യാപകര്‍ പറഞ്ഞു. ഇപ്പോഴും കുട്ടികള്‍ പ്രവേശനം നേടുന്നതിനാല്‍ ഒരാഴ്ചയ്ക്കു ശേഷം മാത്രമേ കൃത്യമായ കണക്കു ലഭിക്കൂ.
വാര്‍ഡ് അംഗം പി.ടി.എ പ്രസിഡന്റുമായ എല്‍.വി.ബാബു അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സത്യന്‍, പഞ്ചായത്തംഗങ്ങളായ പി.സി. സോമശേഖരന്‍, സുമ സാബുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments