Skip to main content

എറണാകുളം അറിയിപ്പുകള്‍

ലഹരിക്കെതിരെ ഹാഫ് മാരത്തണ്‍ ജൂലൈ 15ന്

 

കാക്കനാട്: ജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപഭോഗത്തിനെതിരെ   സംസ്ഥാന ലഹരി വര്‍ജന മിഷന്‍ 'വിമുക്തി'യുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് ജൂലൈ 15ന് ജില്ലയില്‍ പതിനായിരത്തോളം പേര്‍ പങ്കെടുക്കുന്ന ഹാഫ് മാരത്തണ്‍ സംഘടിപ്പിക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് അറിയിച്ചു. മഹാരാജാസ് കോളേജ് പരിസരം മുതല്‍ ഫോര്‍ട്ട് കൊച്ചിവരെയുള്ള ഹാഫ് മാരത്തണാണ് സംഘടിപ്പിക്കുക. കൊച്ചിന്‍ മണ്‍സൂണ്‍ മാരത്തണ്‍ റണ്‍ എഗയ്ന്‍സ്റ്റ് ഡ്രഗ്‌സ് എന്ന ഹാഫ് മാരത്തണ്‍ ജൂലൈ 15 രാവിലെ ആറിന് തുടങ്ങും.  പ്രായ-ലിംഗാടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങളിലായിട്ടായിരിക്കും മത്സരങ്ങള്‍. കളക്ടറേറ്റില്‍ നടന്ന ആലോചനായോഗത്തിലാണ് തീരുമാനം.

ഇതിനു മുന്നോടിയായി ജില്ലയുടെ വിവിധ ഭാഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബഹുജനപങ്കാളിത്തത്തോടെ ബോധവത്കരണ - പ്രചാരണ പരിപാടികള്‍ നടത്തും.  ഹൈസ്‌കൂളുകള്‍, ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍, കോളേജുകള്‍, എന്‍.എസ്.എസ്., എന്‍.സി.സി., വൈ.എം.സി.എ,  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ സാമൂഹ്യ, സന്നദ്ധ സംഘടനകള്‍, മതസംഘടനകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, മറ്റു സര്‍ക്കാര്‍ -സ്വകാര്യ- പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളില്‍നിന്നുമുള്ള പങ്കാളിത്തവും ഉറപ്പാക്കും.  ഹാഫ് മാരത്തണിന്റെ ലോഗോ സ്‌കൂളുകളിലും കോളേജുകളിലും പ്രദര്‍ശിപ്പിക്കും.      'വിമുക്തി' പദ്ധതിയില്‍ ഇതുവരെ നടത്തിയതില്‍വെച്ച് വിപുലമായ പരിപാടി സംഘടിപ്പിക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.          പരിപാടിയില്‍ എല്ലാവരും പങ്കാളികളാകണമെന്ന് ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു.  ഹാഫ് മാരത്തണ്‍ ലോഗോ പി.ടി.തോമസ് എം.എല്‍.എ.യും  എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങും ചേര്‍ന്ന് പ്രകാശനം ചെയ്തു. 

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബി എ അബ്ദുള്‍ മുത്തലിബ്, എഡിഎം എം കെ കബീര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷരായ സി പി ഉഷ,  ഉദയകുമാര്‍, സതി ജയകൃഷ്ണന്‍, എംഎ ഗ്രേസി, ജെസി പീറ്റര്‍, ഉഷ ശശിധരന്‍, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി കെ മിനിമോള്‍,  എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ നെല്‍സണ്‍, തദ്ദേശ സ്വ്‌യംഭരണസ്ഥാപനങ്ങളിലെ മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സാമൂഹ്യസംഘടനകളുടെയും റസിഡന്റ്‌സ് അസോസിയേഷനുകളിലെയും പ്രതിനിധികള്‍, പൗരപ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

 

 

സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ യൂണിറ്റുകള്‍ 

തുടങ്ങുന്നതിനുളള അപേക്ഷ ക്ഷണിച്ചു

കൊച്ചി: ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്‌സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) മുഖേന തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ യൂണിറ്റ് തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു അംഗത്തിന് പരമാവധി 75,000 രൂപ വരെയും നാല് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി മൂന്ന് ലക്ഷം രൂപ വരെയും പദ്ധതിയില്‍ തിരിച്ചടക്കാത്ത ഗ്രാന്റായി ലഭിക്കും. അപേക്ഷാഫോറം അതത് ജില്ലകളിലെ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നിന്നും ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസില്‍ നിന്നും ജൂണ്‍ 10 മുതല്‍ വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷകള്‍ അതത് മത്സ്യഭവന്‍ ഓഫീസുകളില്‍ സ്വീകരിക്കും. അപേക്ഷകര്‍ മത്സ്യഗ്രാമങ്ങളിലെ സ്ഥിരതാമസക്കാരോ യഥാര്‍ത്ഥ മത്സ്യത്തൊഴിലാളിയുടെ ആശ്രിതരോ പരമ്പരാഗതമായി മത്സ്യക്കച്ചവടം അനുവര്‍ത്തിച്ച് വരുന്നവരോ ആയ (20 നും 55 നും ഇടയ്ക്ക് പ്രായമുളള) രണ്ട് മുതല്‍ നാലു പേരില്‍ കൂടാത്ത വനിതകളുടെ ഗ്രൂപ്പായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് നോഡല്‍ ഓഫീസര്‍, എറണാകുളം ഫോണ്‍ 0484-2607643, 1800 425 7643. 

 

ക്വട്ടേഷന്‍ ക്ഷണിച്ചു

കൊച്ചി: കേരള ഹൈക്കോടതിയുടെ ആവശ്യത്തിലേക്ക് 1.5 ടണ്‍ 3 സ്റ്റാര്‍ സ്പ്ലിറ്റ് ടൈപ്പ് എയര്‍ കണ്ടീഷണര്‍ നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂണ്‍ 12-ന് ഉച്ചയ്ക്ക് രണ്ടു വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ ഭരണവിഭാഗം രജിസ്ട്രാര്‍ ഓഫീസില്‍ അറിയാം.

 

ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി: പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ആലുവയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളുകളില്‍ 2018- 19 അദ്ധ്യയന വര്‍ഷത്തില്‍ 6,7,8 ക്ലാസ്സുകളില്‍നിലവിലുള്ള ഒഴിവുകളിലേയ്ക്ക് പ്രവേശനം നേടാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, നിലവില്‍ പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നും കഴിഞ്ഞ വാര്‍ഷിക പരീക്ഷയ്ക്ക് ലഭിച്ച മാര്‍ക്കിന്റെ വിശദ വിവരം എന്നിവ സഹിതം കീഴ്മാട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ അപേക്ഷ നല്‍കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 0484-2623673 നമ്പറില്‍ ബന്ധപ്പെടാം.

 

ആയുര്‍വേദിക് തെറാപ്പി & മാനേജ്‌മെന്റ് കോഴ്‌സിന്

അപേക്ഷ ക്ഷണിച്ചു

കൊച്ചി: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ആയൂര്‍വേദിക് തെറാപ്പി ആന്റ് മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസ് ആണ് യോഗ്യത. വിദൂര വിദ്യാഭ്യാസ രീതിയില്‍ നടത്തുന്ന കോഴ്‌സിന് ഒരു വര്‍ഷമാണ്  കാലാവധി. സ്വയം പഠന സാമഗ്രികള്‍, സമ്പര്‍ക്ക ക്ലാസുകള്‍, പ്രാക്ടിക്കല്‍ ട്രെയിനിംഗ് എന്നിവ കോഴ്‌സില്‍ ചേരുന്നവര്‍ക്ക് ലഭിക്കും. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും 200 രൂപ നിരക്കില്‍ തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നേരിട്ട് ലഭിക്കും. തപാലില്‍ വേണ്ടവര്‍ എസ്.ആര്‍.സി ഡയറക്ടറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 250 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം അപേക്ഷിക്കുക. കോഴ്‌സ് സംബന്ധിച്ച വിശദാംശങ്ങള്‍ www.src.kerala.gov.in/www.srccc.in വെബ് സൈറ്റുകളില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 15.

 

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ

 പ്രവര്‍ത്തനസമയം വര്‍ദ്ധിപ്പിച്ചു

കൊച്ചി: കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ ചികിത്സതേടിയെത്തുന്ന രോഗികളുടെ എണ്ണത്തിലുളള വര്‍ദ്ധനവ് കണക്കിലെടുത്ത് രോഗികളുടെ സൗകര്യാര്‍ഥം ആശുപത്രിയുടെ പ്രവര്‍ത്തന സമയം രാവിലെ 8.30 മുതല്‍ വൈകിട്ട് 4.30 വരെ ആയി വര്‍ദ്ധിപ്പിച്ചു. പരിശോധനാ സമയം ശനിയാഴ്ച ഒഴികെയുളള ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് നാലു വരെയായിരിക്കും. ശനിയാഴ്ചകളില്‍ രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ശേഷം രണ്ടു വരെയായിരിക്കും. മെയ്  15 മുതല്‍ സമയക്രമം പ്രാബല്യത്തില്‍ വന്നു.

ഡോക്ടറെ കാണുന്നതിനു മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്നതിനുളള സൗകര്യവും സെന്ററില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി 0484-2411700 നമ്പരില്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ നാലു വരെ ബന്ധപ്പെടാം.

തെരഞ്ഞെടുക്കപ്പെട്ട കാന്‍സര്‍ രോഗങ്ങള്‍ക്ക് ശസ്ത്രക്രിയാ സൗകര്യവും, തുടര്‍ന്നുളള കിടത്തി ചികിത്സയും സി സി ആര്‍ സി യില്‍ ലഭ്യമാണ്.

 

ശിഖ സുരേന്ദ്രനെ അനുമോദിച്ചു

കാക്കനാട്: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ അഖിലേന്ത്യാതലത്തില്‍ 16ാം റാങ്കും സംസ്ഥാനത്ത് ഒന്നാം റാങ്കും കരസ്ഥമാക്കിയ ശിഖ സുരേന്ദ്രനെ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു.  എറണാകുളം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ മൊമെന്റോ നല്‍കി.  ജില്ലാ പഞ്ചായത്തിനു കീഴിലെ വിദ്യാലയമായ കടയിരുപ്പ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി കൂടിയായ ശിഖയുടെ നേട്ടം പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രചോദനമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.  വൈസ് പ്രസിഡന്റ് അഡ്വ.ബി.എ.അബ്ദു മുത്തലിബ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.കെ.അയ്യപ്പന്‍കുട്ടി, ജാന്‍സി ജോര്‍ജ്ജ്, പി.എസ്.ഷൈല, സെക്രട്ടറി കെ.കെ.അബ്ദു റഷീദ്, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

യുദ്ധസേനാനികളുടെ ആശ്രിതര്‍

 വിവരം നല്‍കണം

 

കാക്കനാട്: ജില്ലയിലെ രണ്ടാം ലോക മഹായുദ്ധ സേനാനികളുടെയോ അവരുടെ വിധവകളുടെയോ ആശ്രിതരായി കഴിഞ്ഞിരുന്ന അവിവാഹിതരോ വിവാഹബന്ധം വേര്‍പെടുത്തിയവരോ വിധവകളോ ആയ പെണ്‍മക്കള്‍ക്ക് സാമ്പത്തികസഹായം അനുവദിക്കുന്നതിന് പരിഗണിക്കുന്നു. ഇതിനായി വിവരം ജൂണ്‍ പത്തിനകം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ രേഖാമൂലം അറിയിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.  ഫോണ്‍: 0484 2422239.

date