പ്രകൃതിയെയും കാലത്തെയും ലോകത്തെയും അറിഞ്ഞു വിദ്യാര്‍ഥികള്‍ വളരണം: മുഖ്യമന്ത്രി
പാഠപുസ്തകങ്ങള്‍ക്ക് അപ്പുറത്ത് നമ്മുടെ പ്രകൃതിയെയും കാലത്തെയും ലോകത്തെയും അറിഞ്ഞുവേണം വിദ്യാര്‍ഥികള്‍ വളരാനെന്ന് ജീവിത പാഠം, പാഠത്തിനപ്പുറം കൈപ്പുസ്തകങ്ങളുടെ ആമുഖമായി ചേര്‍ത്തിട്ടുള്ള കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്. ജീവിതത്തെ പഠിക്കാന്‍ സഹായിക്കുന്ന ചിന്തകളാണ് രണ്ട് കൈപ്പുസ്തകങ്ങളിലൂടെയും അദ്ദേഹം പങ്കുവയ്ക്കുന്നത്. വിദ്യാര്‍ഥികള്‍ കൈപ്പുസ്തകങ്ങള്‍ വായിക്കുകയും അധ്യാപകരും രക്ഷിതാക്കളും കൂട്ടുകാരുമായി ഇതിലെ ആശയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യണം. ഇതിലൂടെ രൂപപ്പെടുന്ന അഭിപ്രായം തന്നെ അറിയിക്കണമെന്നും മുഖ്യമന്ത്രി പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഒരു ഡയറിയില്‍ കുറിച്ചുവയ്ക്കണം. എന്ത് നേട്ടം കൈവരിച്ചുവെന്ന് അറിയിക്കാന്‍ മറക്കരുതെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു.
അറിവും ആരോഗ്യവും ഒരുപോലെ പ്രധാനം, വിളയട്ടെ പച്ചക്കറികള്‍ വളരട്ടെ കേരളം, നമുക്ക് ഉത്പാദിപ്പിക്കാം നമ്മുടെ ഭക്ഷണം, വൃത്തിയാക്കാം വീടും സ്കൂളും പിന്നെ നാടും, നാളേയ്ക്കായി കരുതിവയ്ക്കുക വെള്ളം, എല്ലാ മനുഷ്യരും തുല്യരാണ് മനുഷ്യത്വമാണ് മതം, ആരോഗ്യജീവിതം രാഷ്ട്രത്തിന്റെ സമ്പത്ത്, ശാസ്ത്രപുരോഗതി മാനവപുരോഗതി, നെറ്റില്‍ പോകാം, തെറ്റില്‍ വീഴരുത്, അന്യജീവനുതകി ജീവിക്കുക, ലോകം സ്നേഹസുന്ദരമാക്കുക, നന്നായി പഠിക്കുന്നവര്‍ അന്ധവിശ്വാസികള്‍ ആകില്ലൊരിക്കലും, ലഹരി ആപത്ത്, ലഹരി അരുത്, വായനയിലൂടെ അറിവ്, അറിവുള്ളവര്‍ക്കേ ലോകത്തെ നയിക്കാനാകൂ തുടങ്ങിയ ചിന്തകളാണ് ജീവിതപാഠം എന്ന കൈപ്പുസ്തകത്തിലൂടെ മുഖ്യമന്ത്രി വിദ്യാര്‍ഥികള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത്.
പാഠത്തിനപ്പുറം എന്ന കൈപ്പുസ്തകത്തില്‍ വിദ്യാര്‍ഥികള്‍ ചെയ്യേണ്ട പാഠ്യേതര പ്രവര്‍ത്തനങ്ങളാണ് മുഖ്യമന്ത്രി മുന്നോട്ട് വച്ചിട്ടുള്ളത്. പഠനത്തിനൊപ്പം ഓടിയും ചാടിയും കളിക്കണം. അപ്പോള്‍ ആരോഗ്യമുണ്ടാകും, പഠനം രസകരമാകും. ചക്കപ്പഴം തിന്നാന്‍ പ്ലാവ് നട്ടുവളര്‍ത്തണം. ചോറുണ്ണാന്‍ നെല്‍കൃഷി ചെയ്യണം. വീട്ടിലും സ്കൂളിലും വെണ്ടയും പാവലും കോവലും ചീരയുമൊക്കെ നട്ടുവളര്‍ത്തണം.
പരിസരം വൃത്തിയാക്കിയാല്‍ നമുക്ക് ആരോഗ്യവും സന്തോഷവും കിട്ടും. വീടും വിദ്യാലയവും നാടും നടവഴിയും വൃത്തിയാക്കണം. മുമ്പ് പുഴയിലും കുളത്തിലും ധാരാളം വെള്ളമുണ്ടായിരുന്നു. കിണര്‍ നിറയെ വെള്ളം. ഇഷ്ടംപോലെ മഴയും ഉണ്ടായിരുന്നു. ഇപ്പോള്‍ മഴ കുറയുന്നു, പുഴ വറ്റുന്നു. കുളങ്ങളിലും കിണറുകളിലും മാലിന്യം കലരുന്നു. കുടിക്കാനും കുളിക്കാനും ആഹാരമുണ്ടാക്കാനും വെള്ളം വേണം. വെള്ളമില്ലാതെ ജീവിക്കാനാകില്ല. പ്രകൃതി നല്കുന്ന വെള്ളം നാളേയ്ക്കായി കരുതിവയ്ക്കണം.
മനുഷ്യരെല്ലാവരും തുല്യരാണ്. അവരില്‍ പല മതവിശ്വാസക്കാരുണ്ട്. എല്ലാ മതക്കാരും തുല്യരാണ്. പ്രതിരോധ കുത്തിവയ്പ്പ് എടുക്കുമ്പോള്‍ ഉറുമ്പുകടിക്കുന്ന വേദനയുണ്ടാകും. കുത്തിവയ്പ്പ് എടുക്കാതിരുന്നാല്‍ പോളിയോ പോലെയുള്ള രോഗം വന്നേക്കാം. പണ്ട് വസൂരി രോഗം ഉണ്ടായിരുന്നു. സഹിക്കാന്‍ പറ്റാത്ത വേദനയോടെ രോഗി മരിക്കുന്ന രോഗം. എല്ലാവരും കുത്തിവയ്പ് എടുത്തതോടെ ആ രോഗം ഇല്ലാതായി. റൂബെല്ലാ പോലുള്ള രോഗങ്ങള്‍ ഇല്ലാതാക്കാന്‍ എല്ലാവരും പ്രതിരോധ കുത്തിവയ്പ് എടുക്കണം.
പേന, മൊബൈല്‍ഫോണ്‍, കാര്‍, കമ്പ്യൂട്ടര്‍, കപ്പല്‍, ട്രെയിന്‍, വിമാനം തുടങ്ങി നമുക്ക് ചുറ്റമുള്ള വസ്തുക്കളെല്ലാം ശാസ്ത്രത്തിന്റെ സംഭാവനകളാണ്. അന്വേഷിച്ചും പരീക്ഷിച്ചും നിരീക്ഷിച്ചും പുതിയ സത്യങ്ങള്‍ കണ്ടെത്തുന്നു. അതാണ് ശാസ്ത്രം. നമുക്കും പരീക്ഷണങ്ങള്‍ നടത്താം. പുതിയ കണ്ടുപിടുത്തങ്ങളിലൂടെ പുതിയ തലമുറയും വളരണം.
ഇന്റര്‍നെറ്റില്‍ ഒത്തിരിയൊത്തിരി അറിവുണ്ട്. കമ്പ്യൂട്ടറിലും ഫോണിലും അവ എപ്പോഴും കിട്ടും. പക്ഷെ നല്ലതേ എടുക്കാവൂ. ചീത്തകാര്യങ്ങള്‍ വേണ്ടേവേണ്ട. എപ്പോഴും ഇന്റര്‍നെറ്റില്‍ നോക്കിയിരിക്കേണ്ട. അത് ആരോഗ്യത്തിന് നല്ലതല്ല. മിടുക്കരാവുന്നതിന് കഠിനാധ്വാനം വേണം. പരീക്ഷ ജയിക്കുന്നതിന് നന്നായി പഠിക്കണം. അച്ഛനും അമ്മയ്ക്കും അമ്മൂമ്മയ്ക്കും അപ്പൂപ്പനും കുട്ടികളെ വളരെ ഇഷ്ടമാണ്. അവര്‍ പ്രായമാകുമ്പോഴും കുട്ടികള്‍ സ്നേഹിക്കുകയും സഹായിക്കുകയും വേണം. അറിവും ആനന്ദവും നേടുന്നതിന് വായിക്കണം. കഥയും കവിതകളും വായിക്കണം. കഥകളിലെ നല്ല കഥാപാത്രങ്ങള്‍ നമ്മെ നല്ലവരാക്കും. വായിക്കുന്നവര്‍ വായിക്കാത്തവരേക്കാള്‍ നല്ല മനുഷ്യരാകും. നന്നായി പഠിക്കുകയും വായന വളര്‍ത്തുകയും ചെയ്യണമെന്നും പാഠത്തിനപ്പുറം എന്ന കൈപ്പുസ്തകത്തിലൂടെ മുഖ്യമന്ത്രി ആഹ്വാനം ചെയ്യുന്നു. (പിഎന്‍പി 1434/18)
- Log in to post comments