എറണാകുളം അറിയിപ്പുകള്‍ - 2
അടുത്ത 48 മണിക്കൂറില്‍
അതിശക്തമായ മഴയ്ക്ക് സാധ്യത
കാക്കനാട്: അടുത്ത 48 മണിക്കൂറില്‍ സംസ്ഥാനത്ത് ഒന്നു രണ്ടിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 12 മുതല്‍ 20 സെ.മീ.വരെ മഴ ലഭിക്കാനിടയുണ്ട്. ഈ സ്ഥിതി 10ാം തീയതി രാവിലെ വരെ തുടരും. അടുത്ത 24 മണിക്കൂറില്‍ ഏഴു മുതല്‍ 11 സെ.മീ വരെയും മഴ ലഭിക്കും.
പരിസ്ഥിതി ദിനാഘോഷം
കൊച്ചി: എറണാകുളം കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തില്‍ പരിസ്ഥിതി ദിനാഘോഷം നടന്നു. ഇതോടനുബന്ധിച്ച് നടന്ന ചടങ്ങ് മഹാരാജാസ് കോളേജിലെ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ശ്യംകുമാര്‍ ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി ഡയറക്ടര്‍ ഡോ.പി.എസ്.അജിത അദ്ധ്യക്ഷത വഹിച്ചു. രസതന്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.റെജിമോന്‍ പി.കെ ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ പ്രസക്തിയെക്കുറിച്ച് ക്ലാസെടുത്തു. അക്കൗണ്ട്‌സ് ഓഫീസര്‍ ജെ.സുമാമേരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അക്കൗണ്ട്‌സ് ഓഫീസര്‍ ബോസ്‌കുമാര്‍ സംസാരിച്ചു.. ഓഫീസിനെ പരിസ്ഥിതി സൗഹാര്‍ദ്ദ ഓഫീസായി ഡോ.പി.എസ് അജിത പ്രഖ്യാപിച്ചു. സമ്പൂര്‍ണ പ്ലാസ്റ്റിക് രഹിത ഓഫീസായി പ്രവര്‍ത്തിക്കുമെന്നും അറിയിച്ചു. ഇതിന്റെ ഭാഗമായി പേപ്പര്‍ പേനകള്‍ ജീവനക്കാര്‍ക്ക് വിതരണം ചെയ്യുകയും ഓഫീസ് അങ്കണത്തില്‍ വൃക്ഷത്തൈകള്‍ നടുകയും ചെയ്തു.
കളക്ട്രേറ്റിനുളളില്‍ വൃക്ഷത്തെകള്‍ നട്ടുകൊണ്ട് കുടുംബശ്രീ
കാക്കനാട്: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്് കളക്ട്രേറ്റ് വളപ്പിനുളളില്‍ കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ നട്ടു. ജില്ലാകളക്ടര്‍ മുഹമ്മദ്.വൈ.സഫീറുളള ആദ്യത്തെ വൃക്ഷത്തൈ നട്ടു കൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോഓര്‍ഡിനേറ്റര്‍ റ്റി.എം.റെജീന, അസിസ്റ്റന്റ് ജില്ലാമിഷന്‍ കോഓര്‍ഡിനേറ്റര്‍മാരായ കെ.വിജയം കെ.ആര്‍ രാഗേഷ്, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍മാര്‍, ഓഫീസ് സെക്രട്ടേറിയല്‍ ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് കളക്ട്രേറ്റിന്റെ പ്രധാന കവാടത്തിനു മുന്‍പിലുള്ള പൂന്തോട്ടത്തിലും മറ്റു ഭാഗങ്ങളിലായി വിവിധതരം വൃക്ഷത്തെകള്‍ നട്ടു. പേര, ഞാവല്‍, മാവ്, പ്ലാവ്, ചാമ്പ, ആര്യവേപ്പ് തുടങ്ങിയ മരങ്ങളുടെ തൈകളാണ് നട്ടത്.
- Log in to post comments