കലക്ടറേറ്റില്‍ ഹരിത പെരുമാറ്റച്ചട്ടം പ്രഖ്യാപനം നടത്തി
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ കലക്ട്രേറ്റിലെ എല്ലാ ഓഫീസുകളിലും ഹരിത പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നതിന്റെ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് നിര്‍വഹിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രതിജ്ഞയും അദ്ദേഹം ചൊല്ലിക്കൊടുത്തു. പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ കാംപയിന്റെ ഭാഗമായി വലിയ തോതില്‍ പ്ലാസ്റ്റിക് സഞ്ചികളും ഡിസ്പോസബ്ള്‍ സാധനങ്ങളും നിയന്ത്രിക്കാനും സമൂഹത്തില്‍ അതേക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും സാധിച്ചതായി അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ രണ്ടാം ഘട്ടമെന്ന നിലയില്‍ പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ച് മുതല്‍ ജില്ലയിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും ബോര്‍ഡുകളും ബാനറുകളും തയ്യാറാക്കാന്‍ ഫ്ളക്സിനു പകരം തുണി ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ചത് വലിയ ചുവടുവയ്പ്പാണെന്നും അദ്ദേഹം പറഞ്ഞു. കലക്ടറേറ്റ് വളപ്പില്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി ഹരിതവൃക്ഷം നട്ടു. എ.ഡി.എം ഇ മുഹമ്മദ് യൂസുഫ്, ഡെപ്യൂട്ടി കലക്ടര്‍മാര്‍, വകുപ്പ് മേധാവികള്‍, കലക്ടറേറ്റിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ഭരണകൂടം, ഹരിത കേരളം മിഷന്, ജില്ലാ ശുചിത്വമിഷന് എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.
- Log in to post comments