സിവില്‍ സ്റ്റേഷനില്‍ ഔഷധോദ്യാനം തയ്യാര്‍ ജില്ലയില്‍ നട്ടത് 70 ലക്ഷം തൈകള്‍
പരിസ്ഥിതി ദിനത്തില്‍ ഔഷധോദ്യാനം ഒരുക്കി മലപ്പുറം സിവില്‍ സ്റ്റേഷന്റെ മാതൃക. കാട് മൂടി കിടന്ന സ്ഥലം വൃത്തിയാക്കിയാണ് ഔഷധ സസ്യങ്ങള്‍ നട്ട് പിടിപ്പിച്ചത്. ഹരിത കേരളം പദ്ധതിയുടെ കീഴില്‍ ജില്ലാ പ്ലാനിങ് ഓഫീസിന്റെയും ഇസാഫ് ലീവബ്ള്‍ സൊസൈറ്റിയുടെയും സഹകരണത്തോടെ ഒരുക്കിയ 'ഹരിതാസൂത്രണം' ഉദ്യാനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്‍, ജില്ലാ കലക്ടര്‍ അമിത് മീണ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, ഹരിതകേരളം കോഡിനേറ്റര്‍ പി രാജു, ജനകീയാസൂത്രണം കോഡിനേറ്റര്‍ എ ശ്രീധരന്‍ എന്നിവര്‍ പങ്കെടുത്തു. വിവിധ ഔഷധ സസ്യങ്ങളായ ആര്യവേപ്പ്, ശംഖ്പുഷ്പം, കരിനെച്ചി, നെല്ലി, ആടലോടകം, തുവര, ആവണക്ക്, കച്ചോലം, കസ്തൂരി മഞ്ഞള്‍, കറിവേപ്പ്, കറുക, രാമച്ചം എിങ്ങനെ നൂറോളം ഔഷധ സസ്യങ്ങളാണ് ഉദ്യാനത്തിലുള്ളത്.
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ജില്ലയില്‍ 70 ലക്ഷം മരങ്ങളാണ് നട്ട് പിടിപ്പിച്ചത്. സര്‍ക്കാര്‍ സ്വാകര്യ ഭൂമികളിലായി വിവിധ സന്നദ്ധ സംഘടനകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് മരങ്ങള്‍ നട്ടത്. സിവില്‍ സ്റ്റേഷനില്‍ ജീവനക്കാരുടെ സംഘടനകളുടെ നേതൃത്വത്തിലും തൈകള്‍ നട്ടു. തൊഴിലുറപ്പ് പദ്ധതിയുടെ കീഴിയിലും കുടുംബശ്രീയുടെ കീഴിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും മരങ്ങളും ഫല വൃക്ഷങ്ങളും നട്ടു. സഹകരണ സംഘങ്ങള്‍ വഴി 1000 പ്ലാവിന്‍ തൈകളും നട്ടു.
- Log in to post comments