Skip to main content

പുകയില നിയന്ത്രണത്തിന് വ്യാപാരി വ്യവസായി ഏകോപന സമിതി സഹകരിക്കും

പുകയില ഉത്പന്നങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും പാലിക്കുന്നതിനുള്ള പൂര്‍ണ്ണ സഹകരണം ഉറപ്പുവരുത്തുമെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ വ്യാപരിഭവനില്‍ നടന്ന   ജില്ലാതല ലോകപുകയില വിരുദ്ധദിനത്തിന്റെ ഉദ്ഘാടനവേളയില്‍ വ്യാപാരവ്യസായിഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് അറിയിച്ചു. പുകയില നിയന്ത്രണ നിയമപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 വാര ചുറ്റളവില്‍ പുകയില ഉത്പന്നങ്ങളുടെ വില്പന തടയുന്നതിനായി  വ്യാപാരികളുടെ പൂര്‍ണ്ണ സഹകരണം ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. എല്ലാ വര്‍ഷവും മെയ് 31 നു ലോകപുകയില വിരുദ്ധദിനമായി ആചരിച്ചുവരുന്നു. പുകയില ഉപയോഗം   ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് വഴി തെളിക്കുന്നു എന്ന വിഷയത്തിലൂന്നിയാണ് ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.പുകയിലയുടെ ഉപയോഗം  ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍,അര്‍ബുദം തുടങ്ങിയ രോഗങ്ങള്‍ക്ക് പുറമെ ഹൃദ്രോഗങ്ങള്‍ക്കും  കാരണമാകുന്നു. ലോകത്തില്‍ ഹൃദയസംബന്ധമായ രോഗങ്ങളുടെ കാരണങ്ങളുടെ  പട്ടികയില്‍ പുകയില ഉത്പന്നങ്ങളുടെ ഉപയോഗം രണ്ടാം സ്ഥാനത്തു നില്കുന്നു.  ഡെപ്യൂട്ടി ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.ബിന്ദു തോമസ് അധ്യക്ഷത വഹിച്ചു. മേജര്‍ ഡോ.ടി .വി സതീശന്‍ മുഖ്യപ്രഭാഷണം നടത്തി.ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ്  നിര്‍മിച്ച  'കൂട്ടം തെറ്റിയ കുട്ടിക്കൊമ്പന്‍'എന്ന   ഹ്രസ്വചിത്രത്തിന്റെ സി.ഡി .പ്രകാശനം എക്‌സൈസ്  സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍  ജോര്‍ജ്ജ് ടി പി നിര്‍വഹിച്ചു.ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ച  നാട്ടിക പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ  ഷഫീഖ് പറവൂരിനെയും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച വിദ്യാര്‍ത്ഥി നസീഹിനെയും പരിപാടിയില്‍ അനുമോദിച്ചു.     വ്യാപാരവ്യവസായി ഏകോപന സമിതിയുടെ ജില്ലാ  ട്രഷറര്‍  ജോര്‍ജ്ജ്കുറ്റിചാക്കോ, ജനറല്‍ സെക്രട്ടറി ,വിനോദ്കുമാര്‍ എന്‍  ആര്‍,  ,ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഹരിതാദേവി ടി എ, അസിസ്റ്റന്റ് ലെപ്രസിഓഫീസര്‍ സോമസുന്ദരന്‍, ബയോളജിസ്റ്റ് അബ്ദുല്‍ ജബ്ബാര്‍, എം.സി.എച്ച് ഓഫീസര്‍ ഗിരിജ, ജില്ലാ നഴ്‌സിംഗ് ഓഫീസര്‍ സുധ എന്നിവര്‍  പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് പുകയില ഉത്പന്ന നിയന്ത്രണ നിയമത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചു  ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് ആന്‍ഡ്  ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ പി.കെ രാജു  വിശദീകരിച്ചു. 
  
 

date