പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കലാണ് സര്‍ക്കാര്‍ നയം : മന്ത്രി എ സി മൊയ്തീന്
പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കലാണ് സര്‍ക്കാര്‍ നയമെന്ന് വ്യവസായ വകുപ്പു മന്ത്രി എ.സി. മൊയ്തീന് പറഞ്ഞു. ജില്ലാതല സ്കൂള്‍ പ്രവേശനോത്സവം വരവൂര്‍ ഗവ. എല്‍ പി സ്കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തൊട്ടാകെ പൊതുവിദ്യാലയങ്ങളില്‍ ചേരുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. പൊതു വിദ്യാലയങ്ങളെ സംരക്ഷിക്കുകയെന്ന സര്‍ക്കാര്‍ നിലപാട് വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റമാണ് ഉണ്ടാക്കുന്നത്. പൂട്ടാന്‍ തുടങ്ങിയ 4 സ്കൂളുകള്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഏറ്റെടുത്തു. സ്കൂളുകള്‍ പൂട്ടാന്‍ സമ്മതിക്കില്ല എന്ന നിലപാടിന്റെ തെളിവാണിത്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 141 സ്കൂളുകളാണ് ഹൈടെക് ആക്കുന്നത്. 45000 ക്ലാസ്മുറികള് സ്മാര്‍ട്ടാക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കുകയാണെന്നും മന്ത്രി പറഞ്ഞു. ഒരു പുതിയ മാറ്റമാണ് വിദ്യാഭ്യാസ രംഗത്ത് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ പദ്ധതി ജനങ്ങള്‍ ഏറ്റെടുക്കുന്നതിന്റെ മാറ്റമാണിത്. ഭൗതിക സൗകര്യങ്ങളിലെ മാറ്റം മാത്രമല്ല അക്കാദമിക് മികവുയര്ത്തല് കൂടിയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാര്‍ത്ഥി കേന്ദ്രീകൃത പാഠ്യപദ്ധതി വരുന്നതോടെ അധ്യാപകരുടെ മികവും പ്രധാനമാവുകയാണ്. ഏറ്റവും പുറകില്‍ നില്ക്കുന്ന കുട്ടികളെ മുന്‍നിരയില്‍ കൊണ്ടു വരുമ്പോഴാണ് തുല്ല്യമായ വിദ്യാഭ്യാസ പുരോഗതി ഉണ്ടാവുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഏറ്റവും മാത്യകയായി പ്രവര്‍ത്തിക്കുന്ന ജില്ലയിലെ എല്‍.പി. സ്കൂളാണ് വരവൂര്‍ ഗവ: എല്‍.പി. സകൂള്‍ എന്നും സ്കൂളില്‍ പുതിയ കെട്ടിടത്തിന് സൗകര്യമൊരുക്കുമെന്നും ആവശ്യമായ അടിയന്തരമായ ഇടപെടലുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
യു.ആര്. പ്രദീപ് എം എല്‍ എ അധ്യക്ഷത വഹിച്ചു. സ്കൂളിന്റെ 50-ാം വാര്‍ഷികം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിര്‍വഹിച്ചു. ആര്.എല്‍.വി. രാമകൃഷ്ണന് വിശിഷ്ടാതിഥിയായി. വിത്ത് വിതരണോദ്ഘാടനം ഡി ഡി ഇ എന്‍.ആര്. മല്ലികയും നവാഗതര്‍ക്ക് എഴുത്താണി കൈമാറല്‍ ഡി പി ഒ ബിന്ദു പരമേശ്വരനും പ്രീപ്രൈമറി ആദ്യ അഡ്മിഷന് സ്വീകരിക്കല്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍ വി ടി ജയറാമും ഒന്നാം ക്ലാസ് ആദ്യ അഡ്മിഷന് സ്വീകരിക്കല്‍ ആര്.എം.എസ്.എ. എ.പി.ഒ. കമലാ ദേവിയും നിര്‍വഹിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി സുനിത, വരവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ബാബു, വരവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. വിജയലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു. എസ്.എസ്.എ. ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി.ഡി. പ്രകാശ് ബാബു സ്വാഗതവും വരവൂര്‍ ജി.എല്‍.പി.എസ്. പ്രധാന അധ്യാപകന് എം.ബി. പ്രസാദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ സ്കൂളുകളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു.
- Log in to post comments