അക്ഷയകേന്ദ്രങ്ങള്‍ മികച്ച സേവനം ലഭ്യമാക്കണം
ജില്ലയിലെ അക്ഷയകേന്ദ്രങ്ങള്‍ പരമാവധി സാധ്യതകള്‍ വിനിയോഗിച്ച് പൊതുജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അക്ഷയ പദ്ധതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം പ്രവര്‍ത്തനസജ്ജമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭിന്നശേഷികാര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിന്‍റെ ഭാഗമായി സാമൂഹ്യ സുരക്ഷാ മിഷന്‍റെ നേതൃത്വത്തില്‍ എല്ലാ ഭിന്നശേഷിക്കാര്‍ക്കും തിരിച്ചറിയല്‍കാര്‍ഡ് നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണ്. ഈ പ്രവര്‍ത്തനങ്ങളും അക്ഷയകേന്ദ്രങ്ങളിലൂടെയാണ് നടപ്പാക്കി വരുന്നത്.
ജില്ലയിലെ അക്ഷയകേന്ദ്രങ്ങളില്‍ എഫ്ടിടിഎച്ച് കണക്ഷന്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ച് വരുന്നതായി ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ന്യൂ ഇന്ത്യാ അഷ്വറന്‍സുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ സേവനം ഉറപ്പാക്കിയ സീതത്തോട് അക്ഷയ സംരഭക കെ.ലേഖ, കലഞ്ഞൂര്‍ അക്ഷയ സംരഭകന്‍ ടി.ഡി വിജയന്‍നായര്‍, പന്തളം അക്ഷയാസംരഭകന്‍ രാജേഷ്കുമാര്‍ എന്നിവര്‍ക്കുള്ള ഉപഹാരം ജില്ലാ പ്ലാനിംഗ് ഓഫിസര്‍ സോമസുന്ദരലാല്‍, ന്യൂ ഇന്ത്യാ അഷ്വറന്‍സ് ഡിവിഷണല്‍ മാനേജര്‍ ബാബു ജോണ്‍ എന്നിവര്‍ വിതരണം ചെയ്തു. ജില്ലാ ഇ- ഗവേര്‍ണന്‍സ് പ്രൊജക്ട് മാനേജര്‍ കെ.ധനേഷ്, ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥരായ ലതാ അച്ചാ മാത്യു, ശാന്തി സി കൈമള്‍, ന്യൂ ഇന്ത്യാ ഇന്‍ഷുറന്‍സ് പ്രതിനിധി ധന്യാ ഗോപിനാഥ്, സാമൂഹ്യസുരക്ഷാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ എ.എല്‍ പ്രീതാകുമാരി തുടങ്ങിയവര്‍ ബന്ധപ്പെട്ട വിഷയങ്ങളില്‍ പരിശീലനം നല്‍കി.
(പിഎന്‍പി 1445/18)
- Log in to post comments