സഹകരണ പെന്‍ഷന്‍ ബോര്‍ഡ് തൃശൂര്‍ ഓഫീസ്: തീരുമാനം ഉടന്‍ വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
സഹകരണ സംഘം ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡിന്റെ തൃശൂര്‍ മേഖലാ ഓഫീസ് നിലനിര്‍ത്തുന്നത് സംബന്ധിച്ച് രണ്ടുമാസത്തിനകം തീരുമാനമെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനംഗം കെ. മോഹന്‍കുമാര്‍. പെന്‍ഷന്‍ ബോര്‍ഡിന്റെ തൃശൂര്‍ ഓഫീസ് നിര്‍ത്തലാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് എം ആര്‍ മണിലാല്‍ ഉള്‍പ്പെടെ 13 പേര്‍ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ നടപടി. ഇതു സംബന്ധിച്ച് കമ്മീഷന്‍ സഹകരണവകുപ്പു സെക്രട്ടറി യില്‍നിന്നു വിശദീകരണം തേടിയിരുന്നു. ഭരണചെലവുകള്‍ കുറയ്ക്കുന്നതിനും അപേക്ഷകള്‍ തീര്‍പ്പാ ക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനുംവേണ്ടിയാണ് തൃശൂര്‍ മേഖലാ ഓഫീസ് നിര്‍ത്തലാ ക്കിയതെന്ന് വകുപ്പുസെക്രട്ടറിയുടെ വിശദീകരണത്തില്‍ പറയുന്നു. പെന്‍ഷന്‍ വിതരണം, പരാതി പരിഹാരം എന്നിവ കൃത്യമായി നടപ്പാക്കാന്‍ ഇതുമൂലം കഴിയുമെന്നും വിശദീകരണക്കുറിപ്പിലുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ 40000ല്‍ അധികം പേരുടെ പെന്‍ഷന്‍ ഫയലുകള്‍ കൈകാര്യം ചെയ്യുന്ന ഓഫീസാണ് നിര്‍ത്തലാക്കിയത്. പരാതിക്കാര്‍ക്ക് സഹകരണവകുപ്പ് സെക്രട്ടറിയെ സമീപിക്കാവുന്നതാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.
- Log in to post comments