Skip to main content

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി മള്‍ട്ടി പര്‍പ്പസ് ആര്‍ട്ട് സെന്റര്‍ ആരംഭിക്കും: മന്ത്രി

ഭിന്നശേഷിക്കാരായ കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്ക് മള്‍ട്ടി പര്‍പ്പസ് ആര്‍ട്ട് സെന്റര്‍ ആരംഭിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കാന്‍ കഴിയുന്ന സെന്ററായിരിക്കുമത്. അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇതിലൂടെ കൊണ്ടുവരാന്‍ സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.  ബുദ്ധിപരമായ വെല്ലുവിളികള്‍  നേരിടുന്ന കുട്ടികളില്‍ മാജിക് പരിശീലനത്തിലൂടെ ഉണ്ടായ വ്യതിയാനങ്ങളെക്കുറിച്ച് മെഡിക്കല്‍ കോളേജ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ നടത്തിയ പഠന റിപ്പോര്‍ട്ട് ഏറ്റുവാങ്ങിയശേഷമാണ് മന്ത്രി പ്രതികരിച്ചത്..
കേരളത്തെ ഭിന്നശേഷി സൗഹൃദമാക്കുക എന്ന ഉദ്ദേശ്യത്തോടെ സാമൂഹ്യ നീതി വകുപ്പിനു കീഴിലുള്ള കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി നടപ്പാക്കുന്ന അനുയാത്രാ കാമ്പയിന്റെ അംബാസിഡര്‍മാരാണ് പഠനവിധേയരായ കുട്ടികള്‍. പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലാണ്  ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന തെരെഞ്ഞെടുത്ത 23 കുട്ടികള്‍ക്ക് 'എംപവര്‍' എന്ന പദ്ധതിയിലൂടെ പരിശീലനം നല്കിയത്.  ഇതില്‍ 5 കുട്ടികള്‍ ഇപ്പോള്‍  മാജിക് പ്ലാനറ്റില്‍ സ്ഥാപിച്ചിട്ടുള്ള എസ്.ഐ.ഡി എം-പവര്‍ ഇന്‍കുബേറ്റര്‍ സെന്ററിലെ മുഴുവന്‍ സമയ മജീഷ്യന്‍മാരാണ്.  അതിലൂടെ അവര്‍ വരുമാനവും കണ്ടെത്തുന്നണ്ടെന്ന് മന്ത്രി പറഞ്ഞു.
മാജിക് പരിശീലനം നേടിയ കുട്ടികളില്‍ ഉണ്ടായിട്ടുള്ള വ്യതിയാനങ്ങളാണ് പഠന വിധേയമാക്കിയത്. പൊതുവിലുണ്ടായിട്ടുള്ള വികാസം ആരോഗ്യ നിലവാരം, ദിനചര്യകള്‍ ചെയ്യുന്നതില്‍ ഉണ്ടായിട്ടുള്ള  പുരോഗതി,  ബുദ്ധിപരമായ വികാസം, സ്വഭാവ വ്യതിയാനം മുതലായ സൂചികകളെ സംബന്ധിച്ച വലിയ മാറ്റമാണ് റിപ്പോര്‍ട്ടിലുള്ളത്.
സി.ഡി.സി.യില്‍ നടന്ന ചടങ്ങില്‍ സി.ഡി.സി ഡയറക്ടര്‍ ഡോ. ബാബു ജോര്‍ജ്  മന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറി.  ചടങ്ങില്‍ പ്രൊഫ. ഗോപിനാഥ് മുതുകാട്, കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ബി. മുഹമ്മദ് അഷീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പി.എന്‍.എക്‌സ്.2297/18

date