ബാങ്കുകള്‍ വായ്പാനിക്ഷേപ അനുപാതം വര്‍ദ്ധിപ്പിക്കണം : ജില്ലാ കളക്ടര്‍
ജില്ലയിലെ ബാങ്കുകള്‍ വായ്പാനിക്ഷേപ അനുപാതം വര്‍ദ്ധിപ്പിക്കുന്നതിന് കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം കുമ്പഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ബാങ്ക് നിക്ഷേപത്തിന്റെ 30.04 ശതമാനം മാത്രമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വായ്പയായി ബാങ്കുകള്‍ അനുവദിച്ചത്. ഇതില്‍ വര്‍ദ്ധനവുണ്ടാകണം. കാര്‍ഷിക വായ്പകള്‍, മുദ്ര ഉള്‍പ്പെടെയുള്ള വ്യവസായ വായ്പകള്‍, ഭവന നിര്‍മാണ വായ്പകള്‍, വിദ്യാഭ്യാസ വായ്പകള്‍ തുടങ്ങി മുന്‍ഗണനാ വിഭാഗത്തിലുള്ള വായ്പകള്‍ കൂടുതല്‍ നല്‍കുന്നതിന് ബാങ്കുകള്‍ തയാറാകണം. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കുകൂടി പ്രയോജനപ്പെടുന്ന രീതിയിലുള്ള വായ്പകള്‍ നല്‍കുന്നതിനും ബാങ്കുകള്‍ ശ്രദ്ധിക്കണം. വായ്പകള്‍ കൃത്യമായി തിരിച്ചടയ്ക്കുന്നതിന് ബോധവത്ക്കരണം അനിവാര്യമാണ്. ഇതിനായി വായ്പ എടുക്കുന്നവരെ ബോധവത്ക്കരിക്കണം.
മുന്‍ഗണനാ മേഖലകളില്‍ കൃഷിയും അനുബന്ധ സൗകര്യങ്ങള്‍ക്കുമായി 2244 കോടി രൂപയും കൃഷി ഇതര മേഖലയില്‍ 539 കോടി രൂപയും മറ്റ് മുന്‍ഗണനാ മേഖലയില്‍ 1173 കോടി രൂപയുമാണ് 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം ജില്ലയിലെ ബാങ്കുകള്‍ നല്‍കിയത്. ആകെ നല്‍കുന്നതിന് ലക്ഷ്യമിട്ട വായ്പകളില്‍ കാര്‍ഷിക മേഖലയില്‍ 78.55 ശതമാനവും കൃഷി ഇതരമേഖലയില്‍ 53.85 ശതമാനവും മറ്റ് മുന്‍ഗണനാ മേഖലകളില്‍ 67.92 ശതമാനവും വായ്പകള്‍ നല്കുവാന് കഴിഞ്ഞു. 2018 മാര്‍ച്ച് 31ന് ജില്ലയിലെ ആകെ ബാങ്ക് നിക്ഷേപം 41217 കോടി രൂപയാണ്. 2017 മാര്‍ച്ചില്‍ ഇത് 39209 കോടി രൂപയായിരുന്നു. 2008 കോടി രൂപയുടെ വര്‍ദ്ധനയാണ് നിക്ഷേപത്തിലുണ്ടായിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 12393 കോടി രൂപയാണ് വായ്പ നല്‍കിയത്. 2016-17 സാമ്പത്തിക വര്‍ഷം ഇത് 12953 കോടി രൂപയായിരുന്നു. 570 കോടി രൂപയുടെ കുറവാണ് വായ്പ നല്കുന്നതില് ഉണ്ടായത്. പ്രവാസി നിക്ഷേപം 2018 മാര്‍ച്ച് 31ന് 20447 കോടി രൂപയാണ്. 2017 മാര്‍ച്ചില്‍ ഇത് 18407 കോടി രൂപയായിരുന്നു. 2040 കോടി രൂപയുടെ വര്‍ദ്ധനവാണ് പ്രവാസി നിക്ഷേപത്തില്‍ ഉണ്ടായിട്ടുള്ളത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൂടുതല്‍ വായ്പകള്‍ അനുവദിച്ച ജില്ലാ സഹകരണ ബാങ്ക് തെങ്ങമം ബ്രാഞ്ച് മാനേജര്‍ ബി.മുരളിധരന്, കേരളാ {ഗാമീണ്‍ ബാങ്ക് , ഏനാത്ത് ബ്രാഞ്ച് മാനേജര്‍ കുമാര്‍ ശങ്കര്‍, എസ്.ബി.ഐ പന്തളം ബ്രാഞ്ച് മാനേജര്‍ ജോണി ജോസഫ്, എസ്.ബി.ഐ, വെച്ചൂച്ചിറ മാനേജര്‍ എസ്. ചിത്ര എന്നിവരെ യോഗത്തില്‍ കളക്ടര്‍ ആദരിച്ചു.
ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ വി. വിജയകുമാരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ്.ബി.ഐ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജോയ് .സി.ആര്യക്കര, എസ്.ബി.ഐ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സി.അജയകുമാര്‍., റിസര്‍വ് ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സി.ജോസഫ്, നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ രഘുനാഥന് പിള്ള, വിവിധ ബാങ്കുകളുടെ പ്രതിനിധികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പിഎന്‍പി 1451/18)
- Log in to post comments