'കേരള മോഡല്‍' വികസന പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കും: മന്ത്രി എ.സി. മൊയ്തീന്‍
കാലഘട്ടത്തിനനുസരിച്ച് മുന്നേറാന്‍ ജനപങ്കാളിത്തത്തോടെയുള്ള 'കേരള മോഡല്‍' പദ്ധതി ആവിഷ്കരിച്ച് സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് വ്യവസായ കായിക യുവജനക്ഷേമ വകുപ്പു മന്ത്രി എ.സി. മൊയ്തീന്‍. സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ സമഗ്ര ഉത്പന്ന പ്രദര്‍ശന വിപണന മേളയിലെ സംരംഭകത്വ വ്യാവസായിക സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ എല്ലാ മേഖലയിലും പ്രധാന കാല്‍വയ്പ്പുകളാണു സര്‍ക്കാര്‍ നടത്തിയത്. സര്‍ക്കാരിന്‍റെ എല്ലാ തീരുമാനങ്ങളേയും തുറന്ന മനസോടെയാണ് ജനമധ്യത്തിലേക്ക് എ ത്തിച്ചത്. ഏത് അടിസ്ഥാന ആവശ്യങ്ങള്‍ക്കും പശ്ചാത്തല സൗകര്യം ഒരുക്കുന്ന സമീപനമാണ് ഇനിയും തുടരുക. കേരളത്തില്‍ ഇനിയും തൊഴില്‍ അവസരങ്ങളുണ്ടാകണം. പരിമിതമായ തൊഴില്‍ അവസര ങ്ങളായിരുന്നു നിലവിലുണ്ടായിരുന്നത്. എന്നാല്‍ രൂക്ഷമായ തൊഴിലില്ലായ്മ എന്ന പതിവു പല്ലവി കഴി ഞ്ഞ രണ്ടുവര്‍ഷത്തോടെ ഇല്ലാതായി. എല്ലാമേഖലയിലും ഒരേനിലയില്‍തന്നെ വികസന പ്രവര്‍ത്തനങ്ങ ള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിച്ചു. ഏറെ പ്രതിസന്ധിയിലായിരുന്ന മലയോര, തീരദേശ, ദേശീയ പാതകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ യഥാസമയം നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവരികയാണ്. ഇതോടൊപ്പം പരമ്പരാഗത വ്യവസായമായ റബറിനെ പരിപോഷിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചു വരുന്നു. റബര്‍ മൂല്യവര്‍ധിത ഉത്പന്നമാക്കാനാണ് ശ്രമിക്കുന്നത്. കേരളത്തിന്‍റെ ശാസ്ത്രസാങ്കേതിക വിദ്യ, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നിവയെ മികച്ചരീതിയില്‍ പ്രവര്‍ത്തനസജ്ജമാക്കി മുന്നോട്ടു കൊണ്ടുപോകും. ജൂണില്‍ സംസ്ഥാനത്ത് വ്യവസായ അദാലത്ത് സംഘടിപ്പിക്കും. ഇതിലൂടെ വ്യാവസായിക രംഗത്തെ പുത്തന്‍ പ്രവര്‍ത്തനങ്ങളെ വിലയിരുത്താനും പ്രതിസന്ധികളെ പഠിക്കാനും വഴിയൊരുക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ അഡ്വ. കെ. രാജന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടര്‍ ഡോ. എം. ബീന, ആസൂത്രണ ബോര്‍ഡംഗം ഡോ. രവിരാമന്‍, ജില്ലാപഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ ജെന്നി ടീച്ചര്‍, എന്‍ഐപിഎംആര്‍ ജോയിന്‍റ് ഡയറക്ടര്‍ സി. ചന്ദ്രബാബു, ചെറുകിട വ്യവസായ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ദാമോദര്‍ അവണൂര്‍, ചേംബര്‍ ഓഫ് കോമേഴ്സ് ജില്ലാസെക്രട്ടറി സജീവ് മഞ്ഞില, ജോണ്‍ ചിറ്റിലപ്പിള്ളി എന്നിവര്‍ പങ്കെടുത്തു. എഡിഎം സി. ലതിക സ്വാഗതവും ജില്ലാവ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഡോ. കെ.എസ്. കൃപകുമാര്‍ നന്ദിയും പറഞ്ഞു.
- Log in to post comments