അടിസ്ഥാന വികസന സൗകര്യത്തിന് ഊന്നല്‍ നല്‍കും : മന്ത്രി എ സി മൊയ്തീന്
അടിസ്ഥാനസൗകര്യ വികസനത്തിന് ഊന്നല്‍ നല്കിയിട്ടുളള കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് വ്യവസായ വകുപ്പു മന്ത്രി എ സി മൊയ്തീന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രിസഭയുടെ രണ്ടാംവാര്‍ഷികാഘോഷ ജില്ലാതല പരിപാടികള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. തീരദ്ദേശ, മലയോര ഹൈവേകള്‍ക്ക് കൂടുതല്‍ പശ്ചാത്തല സൗകര്യമൊരുക്കി വികസിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്കരിച്ചു വരുന്നു. കേരളം നിക്ഷേപ സംസ്ഥാനമാക്കി കൂടുതല്‍ പേര്‍ക്ക് തൊഴില്‍ സൗകര്യമൊരുക്കും. തൊഴില്‍ കമ്പോളം, ഉല്പാദന പ്രക്രിയ എന്നിവ സജ്ജീവമാക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം, ലൈഫ്, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവ ജനകീയാടിത്തറയില്‍ മുന്നോട്ടു കൊണ്ടുപോകും.
പൊതുവിദ്യാഭ്യാസ യജ്ഞത്തില്‍ ഉള്‍പ്പെടുത്തി സ്മാര്‍ട്ട് ക്ലാസ്സുകളും ഹൈടെക് ക്ലാസ്സുകളും ആരംഭിച്ചതോടെ കുട്ടികള്‍ വന്‍തോതില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്കെത്തി. മാലിന്യനിര്‍മ്മാജ്ജനം, ജലസ്രോത്സുകളുടെ സംരക്ഷണം എന്നിവയിലൂടെ ജനങ്ങള്‍ക്ക് കൂടുതല്‍ അവബോധം സൃഷ്ടിക്കാന്‍ കഴിഞ്ഞു. തരിശുനിലകൃഷി വ്യാപകമാക്കി. ആര്‍ദ്രം പദ്ധതിയിലൂടെ സാധാരണക്കാര്‍ക്ക് ചികിത്സാസഹായം കൂടുതല്‍ ലഭ്യമാക്കാന്‍ സാധിച്ചു. സംസ്ഥാനത്തെ 172 ബ്ലോക്ക് പഞ്ചായത്തുകളില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. ഇതുപ്രകാരം ജില്ലയില്‍ 18 കുടുംബാരോഗ്യകേന്ദ്രങ്ങള്‍ നിലവില്‍ വന്നു. ആരോഗ്യമേഖലയില്‍ 4500 തസ്തികകളും സൃഷ്ടിക്കാന്‍ സാധിച്ചിു.
ലൈഫ് മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യഘട്ടം പൂര്‍ത്തിയാക്കാത്ത 3229 വീടുകളുടെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കും. ഭൂമിയുള്ള ഭവനരഹിതര്‍ക്ക് ഈ വര്‍ഷം വീടുനിര്‍മ്മിച്ചു നല്‍കും. ഇതിനായി ഹഡ്കോയില്‍ നിന്ന് 3250 കോടിരൂപ വായ്പയെടുത്തതായും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ ഇതുവരെയില്ലാത്ത വ്യവസായ വികസന പദ്ധതികളാണ് ഇപ്പോള്‍ നടപ്പാക്കി കൊണ്ടിരിക്കുന്നത്. മുളങ്കുന്നത്തുകാവില്‍ പൂട്ടികിടന്നിരുന്ന കെല്‍ട്രോണ്‍ സ്ഥാപനങ്ങള്‍ ഈ വര്‍ഷം തുറന്നു സൗരോര്‍ജപാനല്‍ നിര്‍മ്മാണം തുടങ്ങും. ജില്ലയില്‍ ടൂറിസം രംഗത്ത് മികച്ച മുന്നേറ്റമാണ് നടന്നിട്ടുള്ളത്. ഗുരുവായൂരില്‍ പഴയ ഗസ്റ്റ് ഹൗസിന്റെ സ്ഥാനത്ത് 23 കോടി രൂപ ചെലവില്‍ പുതിയ ഗസ്റ്റ് ഹൗസ് സമുച്ചയം പണിയും. ഇതിന്റെ ശിലാസ്ഥാപനം മെയ് 28 ന് നടത്തും. ഗുരുവായൂരിലെ പ്രസാദം പദ്ധതിക്കായി അനുവദിച്ചിട്ടുള്ള 90 കോടി രൂപയില്‍ നിന്നും ലഭിച്ച 20 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനായിയെന്നും അദ്ദേഹം അറിയിച്ചു.
- Log in to post comments