സന്നിധാനത്തെ സുരക്ഷയ്ക്കായി 1500 പോലീസുകാര്‍
സന്നിധാനത്തെ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ചിട്ടുള്ള ആയിരത്തി അഞ്ഞൂറിലധികം പോലീസ് ഉദ്യോഗസ്ഥര്‍ ചുമതലയേറ്റു. കേരള പോലീസിന്റെ വിവിധ വിഭാഗങ്ങള്‍ക്കൊപ്പം അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് ദ്രുതകര്‍മ്മ സേനാ ബറ്റാലിയനുകളും സേവനമനുഷ്ഠിക്കും. കോയമ്പത്തൂരില്‍ നിന്നുള്ള റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെയും(ആര്.എ.എഫ്.) ചെന്നൈയില്‍ നിന്നുള്ള എന്‍.ഡി.ആര്.എഫിന്റെയും ബറ്റാലിയനുകളും ചുമതലയേറ്റു. രണ്ട് എസ്.പി.മാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും സന്നിധാനത്ത് കേരള പോലീസിന്റെ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുക.
1,448 സിവില്‍ പോലീസ് ഓഫീസര്‍മാര്‍, 128 സബ് ഇന്സെപെക്ടര്മാര്, 33 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, 13 ഡി.വൈ.എസ്.പി.മാര്‍ എന്നിവര്‍ ബുധനാഴ്ച രാവിലെ ചുമതലയേറ്റു. ഇവരുടെ ഷിഫ്റ്റ് കാലാവധി കഴിയുന്നതിനനുസരിച്ച് പുതിയ ഉദ്യോഗസ്ഥര്‍ ചുമതലയേല്‍ക്കും. ഇതിനു പുറമെകേരള പോലീസിന്റെ കമാന്‍ഡോ വിഭാഗം, സ്പെഷ്യല്‍ ബ്രാഞ്ച്, വയര്‍ലസ് സെല്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സേവനമനുഷ്ടിക്കുന്നുണ്ട്. തീര്‍ഥാടകരുടെ തിരക്ക് കൂടുന്നതനുസരിച്ച് വരും ദിവസങ്ങളില്‍ ഡ്യൂട്ടിക്കെത്തുന്ന പോലീസുകാരുടെ എണ്ണത്തിലും വര്‍ധനയുണ്ടാകും.
(പി.ആര്. ശബരി-4)
- Log in to post comments