"മീസിൽസ് റൂബെല്ല കാമ്പയിൻ : മുഴുവൻ കുട്ടികൾക്കും പ്രതിരോധ കുത്തിവെപ്പ് നൽകുവാൻ സ്കൂളധികൃതർ മുൻകൈയെടുക്കണം – ജില്ലാ കളക്ടർ "
ജില്ലയിൽ നടപ്പിലാക്കി വരുന്ന മീസിൽസ് റൂബെല്ല പ്രതിരോധ ദൗത്യം ലക്ഷ്യപ്രാപ്തിയിലെത്തിക്കുന്നതിന് എല്ലാ സ്കൂൾ അധികൃതരും മുൻകൈയെടുക്കണമെന്ന് ജില്ലാ കളക്ടർ ശ്രീ. മുഹമ്മദ് വൈ. സഫിറുള്ള ഐ.എ.എസ് ആവശ്യപ്പെട്ടു. സ്കൂൾതല പ്രതിരോധദൗത്യ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന പ്രധാനാദ്ധ്യാപകരുടെയും, പ്രിൻസിപ്പൽമാരുടെയും, മാനേജർമാരുടെയും പി.ടി.എ പ്രസിഡന്റുമാരുടെയും അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാമ്പയിനിന്റെ പ്രാധാന്യം, സ്കൂളിലെ ഓരോ കുട്ടിയും പ്രതിരോധ കുത്തിവെപ്പെടുക്കേണ്ടതിന്റെ ആവശ്യകത എന്നിവ രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നതിൽ പ്രിൻസിപ്പൽമാർക്കും ഹെഡ് മാസ്റ്റർമാർക്കും പ്രധാന പങ്കാണുള്ളത്.
ഇത് സംബന്ധിച്ച് എല്ലാ രക്ഷിതാക്കൾക്കും സ്കൂളിൽ നിന്നും സന്ദേശം അയക്കണം. കാമ്പയിൻ അവസാനിക്കുന്നതിന് മുൻപ് സ്കൂളുകളിലെ മുഴുവൻ കുട്ടികൾക്കും പ്രതിരോധ കുത്തിവെപ്പ് നൽകുവാനുള്ള പ്രവർത്തനങ്ങൾ സ്കൂളധികൃതർ സ്വീകരിക്കേണ്ടതാണ്. അവലോകന യോഗത്തിൽ സി.ബി.എസ്.ഇ ജോയിന്റ്റ് ഡയറക്ടർ ഡോ. പ്രമോദ് കുമാർ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.ആർ.വിദ്യ, ലോകാരോഗ്യ സംഘടന പ്രതിനിധി ഡോ. പ്രതാപചന്ദ്രൻ, യൂണിസെഫ് പ്രതിനിധി ഡോ. ഹസ്സൻ ഫാഹിം എന്നിവർ സംസാരിച്ചു.
ഇന്ന് 6,051 കുട്ടികൾ കൂടി ജില്ലയിൽ മീസിൽസ് റൂബെല്ല കുത്തിവെപ്പെടുത്തു. ഇതോടെ ജില്ലയിൽ പ്രതിരോധ കുത്തിവെപ്പെടുത്തവരുടെ എണ്ണം 5,64,111 ആയി. ആകെ നേട്ടം (83.44 %). നവംബർ 18 ന് കാമ്പയിൻ അവസാനിക്കും.
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)
- Log in to post comments