Skip to main content

രാജ്യാന്തര വ്യാപാര മേളയ്ക്കു ഡല്‍ഹിയില്‍ തുടക്കം;  സ്റ്റാര്‍ട്ട്അപ്പ് ഔന്നത്യം വിളിച്ചോതി കേരള പവലിയന്‍

ഭാരത അന്താരാഷ്ട്ര വ്യാപാര മേളയ്ക്ക് ന്യൂഡല്‍ഹി പ്രഗതി മൈതാനിയില്‍ തുടക്കമായി. രാജ്യത്തിന്റെ സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയില്‍ സംസ്ഥാനത്തിന്റെ ഔന്നത്യം വിളിച്ചോതുന്ന പവലിയനുമായി കേരളം മേളയില്‍ സജീവ സാന്നിധ്യമായി. ഫിഷറീസ് - ഹാര്‍ബര്‍ എന്‍ജിനിയറിംഗ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ കേരള പവിലിയന്‍ ഉദ്ഘാടനം ചെയ്തു.

സ്റ്റാര്‍ട്ട്അപ്പുകളുടെ വളര്‍ച്ച തൊഴിലില്ലായ്മ കുറയ്ക്കുമെന്നും സ്റ്റാര്‍ട്ട്അപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനും പശ്ചാത്തല സൗകര്യമൊരുക്കുന്നതിനും സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സ്റ്റാര്‍ട്ട്അപ്പ് മേഖലയില്‍ ഏറെ താത്പര്യം കാണിക്കുന്ന യുവ തലമുറയുടെ കൈകളില്‍ കേരളത്തിന്റെ ഭാവി സുരക്ഷിതമാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാറിനായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പാണ് പവലിയന്‍ ഒരുക്കിയിരിക്കുന്നത്. പ്രമുഖ ശില്‍പ്പി സി.ബി ജിനന്റെ നേതൃത്വത്തിലുള്ള കലാകാരന്‍മാരാണു കേരള പവലിയന്‍ തയ്യാറാക്കിയത്. തീം ഏരിയലിലും കൊമേഴ്‌സ്യല്‍ ഏരിയയിലുമായി 28 സ്റ്റാളുകളാണുള്ളത്. സംസ്ഥാന സ്റ്റാര്‍ട്ട്അപ്പ് മിഷന്റെ ഏഴു സ്റ്റാളുകള്‍, വ്യവസായ വകുപ്പിന്റെ മൂന്നു സ്റ്റാളുകള്‍, കേരള പൊലീസിന്റെ രണ്ടു സ്റ്റാളുകള്‍, പഞ്ചായത്ത് വകുപ്പ്, ടെക്‌നോപാര്‍ക്ക്, ഹാന്‍ഡ്‌ലൂം ഡയറക്ടറേറ്റ്, കുടുംബശ്രീ, ടൂറിസം വകുപ്പ്, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ എന്നിവയുടെ ഓരോ സ്റ്റാളുകള്‍ എന്നിങ്ങനെയാണു തീം ഏരിയയിലെ സ്റ്റാളുകള്‍.  വാണിജ്യ വിഭാഗത്തില്‍ ഫിഷറീസ് സാഫ്, ഹാന്‍ടെക്‌സ്, ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ്, കേരള സ്‌റ്റേറ്റ് ബാംബൂ മിഷന്‍, ഫോറസ്റ്റ് ആന്‍ഡ് വനശ്രീ, മാര്‍ക്കറ്റ്‌ഫെഡ്, കൈരളി, പട്ടികവര്‍ഗ വികസന വകുപ്പ്, പഞ്ചായത്ത് വകുപ്പ് എന്നിവയുടെ ഓരോ സ്റ്റാളുകളുണ്ട്. ഓരോ വകുപ്പുമായി ബന്ധപ്പെടുത്തി യുവ സംരംഭകരുടെ സ്റ്റാര്‍ട്ട്അപ്പ് ആശയങ്ങളാണു സ്റ്റാളുകളില്‍ അവതരിപ്പിച്ചിരിക്കുന്നത്. 

മേളയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ കേരളീയ വിഭവങ്ങളൊരുക്കി ഫുഡ് സ്റ്റാളും തുറന്നിട്ടുണ്ട്. ദിവസവും രാവിലെ 9.30 മുതല്‍ വൈകിട്ട് 7.30 വരെ പ്രവര്‍ത്തിക്കുന്ന സ്റ്റാളുകളിലേക്ക് 17 വരെ ബിസിനസ് സന്ദര്‍ശകര്‍ക്കും 18 മുതല്‍ 27 വരെ പൊതുജനങ്ങള്‍ക്കും പ്രവേശനം നല്‍കും.

കേരള ഹൗസ് റസിഡന്റ് കമ്മിഷണറും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ഡോ. വിശ്വാസ് മേത്ത, അഡീഷണല്‍ റസിഡന്റ് കമ്മിഷണര്‍ പുനീത് കുമാര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ഡോ. കെ. അമ്പാടി, കേരള ഹൗസ് കണ്‍ട്രോളര്‍ പി. രാമചന്ദ്രന്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സി. വേണുഗോപാല്‍, ലെയ്‌സണ്‍ ഓഫിസര്‍ എം. ശശിധരന്‍, പൊതുമരാമത്ത് വകുപ്പ് സീനീയര്‍ ആര്‍ക്കിടെക്റ്റ് സി.പി. ബാലമുരുകന്‍, ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാരായ കിരണ്‍ റാം, എസ്. ജയകുമാര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

പി.എന്‍.എക്‌സ്.4887/17

date