ജില്ലാ കേരളോത്സവം : പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന് കിരീടം ഗ്രാമീണമേഖലയിലെ യുവകലാകാരന്മാര്ക്ക് ഫെല്ലോഷിപ്പ് നല്‍കും -മന്ത്രി എ.കെ.ബാലന്
ജില്ലാ പഞ്ചായത്തും ജില്ലാ യുവജനക്ഷേമ ബോര്‍ഡും ചേര്‍ന്ന് കുഴല്‍മന്ദത്ത് 11 മുതല്‍ നടത്തിയ ജില്ലാ കേരളോത്സവത്തില്‍ 210 പോയന്റോടെ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് വിജയികളായി. 209 പോയന്റ് നേടിയ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്താണ് രണ്ടാമത്. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിലെ സി.ആര്. രാജീവ് കലാപ്രതിഭയും രഞ്ജിതാ സി. ഗോപന് കലാതിലകവുമായി. പാലക്കാട് ബ്ലോക്ക് പഞ്ചായത്തിലെ രാഹുല്‍ മികച്ച പുരുഷ കായികതാരവും കെ.ദിവ്യ വനിതാ കായികതാരവുമായി തെരഞ്ഞെടുക്കപ്പെട്ടു.
കോട്ടായി ചെമ്പൈ മൈതാനത്ത് നടന്ന സമാപന സമ്മേളനം പട്ടിക-പിന്നാക്കക്ഷേമ-നിയമ-സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന് ഉദ്ഘാടനം ചെയ്തു. നാടിന്റെ സാംസ്കാരിക-കായിക മുന്നേറ്റത്തിന് കേരളോത്സവം സഹായകമാവുമെന്നും യുവാക്കളുടെ സര്‍ഗശേഷിയെ പ്രോത്സാഹിപ്പിക്കുന്നത് രാജ്യത്തിന്റെ സമഗ്ര പുരോഗതിക്ക് കാരണമാകുമെന്നും മന്ത്രി പറഞ്ഞു. ഗ്രാമീണ മേഖലയിലെ ആയിരം യുവകലാകാരന്മാര്ക്ക് പതിനായിരം രൂപ വീതം ഫെലോഷിപ്പ് നല്‍കുമെന്നും മന്ത്രി അറിയിച്ചു.തിരുവനന്തപുരത്തെ 'മാനവീയം വീഥി'യുടെ മാതൃകയില്‍ ഗ്രാമങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങള്‍ നിര്‍മിക്കും. ഇതര സംസ്ഥാനങ്ങളുമായി ചേര്‍ന്ന് സാസ്കാരിക വകുപ്പ് വിവിധയിടങ്ങളില്‍ സാംസ്കാരിക പരിപാടികള്‍ നടത്തും. എല്ലാ ജില്ലകളിലും 40 കോടി ചെലവില്‍ നവോത്ഥാന നായകരുടെ പേരില്‍ സാംസ്കാരിക കേന്ദ്രങ്ങള്‍ നിര്‍മിക്കും. പാലക്കാട് മെഡിക്കല്‍ കോളെജിനോട് ചേര്‍ന്നോ മലമ്പുഴ ഉദ്യാനത്തിലോ ആയിരിക്കും ജില്ലയിലെ സംസ്കാരിക കേന്ദ്രം നിര്‍മിക്കുക. വരും വര്‍ഷങ്ങളില്‍ യൂത്ത് ക്ലബ്ബുകളുടെ സജീവ സാന്നിധ്യം ഉറപ്പാക്കി കേരളോത്സവം കൂടുതല്‍ ജനകീയമാക്കുമെന്നും മന്ത്രി പറഞ്ഞു.
മാനവികതയുടെ സന്ദേശം നല്കാന് ഇത്തരം കലാ-കായികമേളകള്ക്കാവും. വര്‍ഗീയതക്കെതിരെ പോരാടാനുള്ള മികച്ച മാധ്യമമാണ് കലയും സാഹിത്യവും. സാംസ്കാരികരംഗത്ത് ബഹുസ്വരതയെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും മന്ത്രി നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ കലക്റ്റര്‍ ഡോ: പി. സുരേഷ് ബാബു മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം നിതിന്‍ കണിച്ചേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ഷേര്‍ളി, യൂസഫ് പാലയ്ക്കല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ യൂത്ത് കോഡിനേറ്റര്‍ ടി.എം. ശശി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.എസ്. അബ്ദുള്‍ സലീം, ജനപ്രതിനിധികള്‍ പങ്കെടുത്തു.
- Log in to post comments