Skip to main content
ജില്ലാ കലക്ടറേറ്റ് സമ്മേളന ഹാളില്‍ നെഹ്റു യുവകേന്ദ്ര സ്ഥാപക ദിനാഘോഷത്തിന്‍റെ ഉദ്ഘാടനം എം.ബി.രാജേഷ് എം.പി നിര്‍വഹിക്കുന്നു.

നെഹ്റു യുവകേന്ദ്ര സ്ഥാപകദിനാഘോഷം : നെഹ്റു ഉറച്ച മതനിരപേക്ഷവാദി: എം.ബി രാജേഷ് എം.പി

ഭാരതത്തിന്‍റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ഉറച്ച മതനിരപേക്ഷവാദിയും ജീവിതത്തില്‍ ഉടനീളം അടിയുറച്ച ശാസ്ത്രചിന്തയും യുക്തി ബോധവും പുലര്‍ത്തിയിരുന്ന വ്യക്തിയുമായിരുന്നുവെന്ന് എം.ബി രാജേഷ് എം.പി പറഞ്ഞു.  നെഹ്റു യുവകേന്ദ്ര സ്ഥാപക ദിനാഘോഷം ജില്ലാ കലക്ടറേറ്റ് സമ്മേളന ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയപരമായും പ്രത്യയശാസ്ത്രപരമായും താന്‍ എതിര്‍ക്കുന്ന ഒരു വ്യക്തിയാണ് ജവഹര്‍ലാല്‍ നെഹ്റുവെങ്കിലും  ഓര്‍മ്മിക്കപ്പെടേണ്ടതായി അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഒട്ടേറെയുണ്ടെന്ന് എം.പി പറഞ്ഞു. അദ്ദേഹത്തിന്‍റെ ഗ്ലിംസസ്  ഓഫ്  വേള്‍ഡ് ഹിസ്റ്ററി, ഡിസ്ക്കവറി ഓഫ് ഇന്ത്യ, അച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ തുടങ്ങിയവ  വായിച്ചാല്‍ അദ്ദേഹത്തിന്‍റെ യുക്തിബോധം വ്യക്തമാകും. സാമ്പത്തിക ആസൂത്രണത്തിലൂടെ പഞ്ചവത്സര പദ്ധതി നടപ്പാക്കിയതും അദ്ദേഹത്തെ ഓര്‍മ്മിക്കപ്പെടേണ്ട വ്യക്തിയായി മാറ്റുന്നു. പുസ്തവായനും എഴുത്തുമാണ് അദ്ദേഹത്തിന്‍റെ മറ്റൊരു സവിശേഷതയെന്നും എം.പി കൂട്ടിചേര്‍ത്തു. 660 നാട്ടുരാജ്യങ്ങളായി വിവിധ സംസ്കാരങ്ങള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, ഭാഷകള്‍, രുചികള്‍ എന്നിങ്ങനെ വിഭജിച്ചുകിടന്ന ഭാരതത്തെ ഒരൊറ്റ രാഷ്ട്രമായി ഒരുമിപ്പിച്ച സ്വതന്ത്രസമര പ്രമുഖരില്‍ ഒരാളായിരുന്ന നെഹ്റു ദേശീയ പ്രസ്ഥാനത്തിന്‍റെ വക്താവായിരുന്നുവെന്നും എം.ബി രാജേഷ് എംപി പറഞ്ഞു. പരിപാടിയില്‍ ജില്ലാ കലക്ടര്‍ ഡോ.പി.സുരേഷ് ബാബു അധ്യക്ഷനായി
     ജില്ലയിലെ മികച്ച യൂത്ത് ക്ലബ്ബായി തിരഞ്ഞെടുക്കപ്പെട്ട കാരാകുറുശ്ശി എയിംസ് ക്ലബ്ബിനുള്ള 25,000 രൂപയും പ്രശസ്തി പത്രവും ക്ലബ് ഭാരവാഹികള്‍ക്ക് ജില്ലാ കലക്ടര്‍ കൈമാറി.  നെഹ്റു യുവകേന്ദ്ര ജില്ലാ കോഡിനേറ്റര്‍ എന്‍.അനില്‍കുമാര്‍, യൂത്ത്വെല്‍ഫെയര്‍ ബോര്‍ഡ് അംഗം പ്രിയാ രാമചന്ദ്രന്‍ , നെഹ്റു യുവകേന്ദ്ര വോളന്‍റിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
300 പറ നെല്ല് കൊയ്തെടുത്ത് മാതൃകയായി കാരക്കുറുശ്ശി എയിംസ് ക്ലബ്ബ് 
    ഒറ്റ വിളവില്‍ 300 പറ(ഒരു പറ-30 കിലോഗ്രാം) നെല്ല് കൊയ്തെടുത്ത് കാരക്കുറുശ്ശി എയിംസ് യൂത്ത് ക്ലബ്ബ് നാടിന് മാതൃകയായി. കൊയ്തെടുക്കുന്ന നെല്ല് ക്ലബ് അംഗങ്ങളെല്ലാം വീതിച്ചെടുക്കും. പാട്ടത്തിനെടുത്ത മൂന്ന് ഏക്കര്‍ ഭൂമിയിലാണ് കൃഷി നടത്തുന്നത്. ഇനി അത്രയും കിട്ടിയില്ലെങ്കില്‍ ഉളളത് വീതിച്ചെടുക്കും. ഈ വര്‍ഷത്തെ മികച്ച നെഹ്റു യുവകേന്ദ്ര യൂത്ത് ക്ലബ്ബ് അവാര്‍ഡ് നേടിയ കാരക്കുറുശ്ശി എയിംസ് ക്ലബ്ബ് പ്രസിഡന്‍റ് എം.ജി രഘുനാഥും എം.പി മനോജും വ്യക്തമാക്കുന്നു. ഇതിനു പുറമെ കലാ-കായിക സാംസ്കാരിക പ്രവര്‍ത്തനങ്ങളും ക്ലബ് നടത്തുന്നുണ്ട്. ഇക്കഴിഞ്ഞ ജില്ലാ കേരളോത്സവത്തില്‍ 20 ക്ലബ് അംഗങ്ങള്‍ അടങ്ങുന്ന നാടന്‍ പാട്ട് സംഘത്തിന് ഒന്നാം സ്ഥാനം കിട്ടിയിരുന്നു. കൂടാതെ ചെണ്ടമേളത്തിനും ഒന്നാം സ്ഥാനം നേടിയിരുന്നു. കാരക്കുറിശ്ശി പഞ്ചായത്തിലെ കിടപ്പു രോഗികളായവര്‍ക്ക് സാന്ത്വന പരിചരണവും ക്ലബ് നടത്തുന്നുണ്ട്. പഞ്ചായത്ത് പരിധിയിലെ എസ്.എസ്.എല്‍.സി -പ്ലസ്ടു വിജയികള്‍ക്കായി അനുമോദന പരിപാടികളും ക്ലബിന്‍റെ മേല്‍നോട്ടത്തില്‍ നടക്കാറുണ്ട്.
 

date