Skip to main content

ഡിസംബര്‍ ഒന്നിന് ഒന്നര ലക്ഷം പേര്‍ പങ്കെടുക്കുന്ന  സൈക്കിള്‍ റാലികള്‍ സംഘടിപ്പിക്കും     

വിദ്യാര്‍ഥികളിലും യുവജനങ്ങളിലും പുതിയ കായിക സംസ്‌ക്കാരവും പരിസ്ഥിതി അവബോധവും വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത്  ഡിസംബര്‍ ഒന്നിന് ഒന്നര ലക്ഷം പേര്‍ പങ്കെടുക്കുന്ന സൈക്കിള്‍ റാലികള്‍ സംഘടിപ്പിക്കും. ജില്ലാ ഭരണകൂടം, സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ലൈബ്രറി കൗണ്‍സില്‍, എന്‍.എസ്.എസ് എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
    ഇതിന്റെ ഭാഗമായി ഡിസംബര്‍ ഒന്നിന് രാവിലെ 10 മണിക്ക് ജില്ലയിലെ  സ്‌കൂളുകള്‍, കോളേജുകള്‍, ലൈബ്രറികള്‍, ക്ലബ്ബുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികളും മുതിര്‍ന്നവരും സൈക്കിള്‍ റാലികള്‍ നടത്തും. സാധ്യമാവുന്ന എല്ലാ കുട്ടികളും സൈക്കിളില്‍ വിദ്യാലയങ്ങളിലെത്തിയ ശേഷം അവിടെ നിന്ന് റാലിയില്‍ പങ്കാളികളാവുകയാണ് ചെയ്യുക. ജില്ലാതല പരിപാടി കണ്ണൂര്‍ മിനിസിപ്പല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നാരംഭിക്കും. പ്രമുഖ വ്യക്തികള്‍ റാലിയില്‍ അണിനിരക്കും.  
    സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കുട്ടികളില്‍ കായിക ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കി വരുന്നുണ്ട്. അതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സൈക്കിള്‍ റാലി കുറച്ചുകൂടി വിപുലമായി പൊതുജനങ്ങളെ കൂടി പങ്കെടുപ്പിച്ച് നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു. ആരോഗ്യ പരിപാലനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമാക്കിയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. വന്‍നഗരങ്ങളില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വായുമലിനീകരണം കാരണം ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കാത്ത സാഹചര്യം നിലവിലുള്ളപ്പോള്‍ ഇത്തരമരു പരിപാടിക്ക് പ്രസക്തിയേറെയാണ്. മോട്ടോര്‍ വാഹനങ്ങള്‍ പുറന്തള്ളുന്ന പുകയും വാഹനങ്ങളിലേതടക്കമുള്ള ശീതീകരണ സംവിധാനങ്ങള്‍ പുറത്തുവിടുന്ന കാര്‍ബണ്‍ വാതകവുമാണ് വായുമലിനീകരണത്തിന്റെ പ്രധാന കാരണം. 
    ഇതിന്റെ അപകടങ്ങള്‍ മുന്‍കൂട്ടിക്കണ്ട് മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെങ്കില്‍ സമീപഭാവിയില്‍ അത്തരം പ്രശ്‌നങ്ങള്‍ നമ്മുടെ നഗരങ്ങളെയും ബാധിക്കും. ഇതിന് ചെറിയ അളവിലെങ്കിലും പരിഹാരം കാണാന്‍ സൈക്കിള്‍ ഉപയോഗം വ്യാപിപ്പിക്കുന്നതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനു പുറമെ, പൊതുവെ കായിക പ്രവര്‍ത്തനങ്ങള്‍ കുറവായ ഇന്നത്തെ വിദ്യാര്‍ഥികള്‍ക്കിടയില്‍ സൈക്കിള്‍ യാത്ര പ്രോല്‍സാഹിപ്പിക്കാനായാല്‍ അത് വലിയ നേട്ടമാവുമെന്നും അദ്ദേഹം പറഞ്ഞു. 

date