Skip to main content

രാത്രികാല രക്തപരിശോധന തുടങ്ങി

    ജില്ലയില്‍ മലേറിയ, മന്ത് എന്നീ കൊതുകുജന്യ രോഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള രാത്രികാല രക്തപരിശോധന തുടങ്ങി. ഇതര സംസ്ഥാന തൊഴിലാളികളുടെ സ്ഥലങ്ങള്‍      കേന്ദ്രീകരിച്ച് രോഗനിര്‍ണയം നടത്തി സൗജന്യ ചികിത്സയും നല്‍കുന്നുണ്ട്. പ്രത്യേക സ്ക്വാഡിന്‍റെ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 89 പേര്‍ക്ക് മന്തും മൂന്ന് പേര്‍ക്ക് മലേറിയയും കണ്ടുപിടിച്ചിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 54 പേര്‍ക്ക് മലേറിയയും 99 പേര്‍ക്ക് മന്തും സ്ഥിരീകരിച്ചിട്ടുണ്ട്. പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, തമിഴ്നാട്, ഉത്തര്‍പ്രദേശ്, ഒറീസ, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരിലാണ് രോഗബാധ കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. ഈ സാഹചര്യം നേരിടുന്നതിന് പ്രത്യേക ടീമിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കി. ഒരു ഡോക്ടര്‍, ഒരു ലാബ് ടെക്നീഷ്യന്‍, രണ്ട് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ഒരു സോഷ്യല്‍ വര്‍ക്കര്‍ എന്നിവരടങ്ങുന്ന സംഘം ജില്ലാ മലേറിയ ഓഫീസര്‍ ഡോ.ഷേര്‍ലി വര്‍ധന്‍റെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങള്‍ പൂര്‍ണമായും സന്ദര്‍ശിച്ച് പരിശോധന നടത്തുന്നതിനുള്ള ആരോഗ്യ വകുപ്പിന്‍റെ ശ്രമങ്ങളില്‍ എല്ലാ ജനപ്രതിനിധികളും സാമൂഹ്യ പ്രവര്‍ത്തകരും പൊതുജനങ്ങളും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അിറയിച്ചു. ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ 0468 2271220, 9447205040 എന്നീ നമ്പരുകളില്‍ അറിയിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍. ഷീജ അഭ്യര്‍ത്ഥിച്ചു.                                (പിഎന്‍പി 3090/17)

date