Skip to main content

അഴീക്കല്‍ തുറമുഖം: പുതിയ മൂന്ന് കടവുകളിലെ  മണല്‍ ബുക്കിംഗ് മന്ത്രി ഉദ്ഘാടനം ചെയ്തു     

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മാന്വല്‍ ഡ്രഡ്ജിംഗ് നയപ്രകാരം അഴീക്കല്‍ തുറമുഖത്ത് പുതുതായി ആരംഭിക്കുന്ന മൂന്ന് കടവുകളിലെ മണല്‍ ബുക്കിംഗ് ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. കല്ല്യാശ്ശേരി പഞ്ചായത്തിലെ കല്ല്യാശ്ശേരി 1, പാപ്പിനിശ്ശേരി പഞ്ചായത്തിലെ ബി.ടി.ഡബ്ല്യു-2, വളപട്ടണം പഞ്ചായത്തിലെ സി.എന്‍ പ്ലൈവുഡ് എന്നിവയാണ് പുതിയ മൂന്ന് കടവുകള്‍. നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഏഴ് കടവുകള്‍ക്ക് പുറമെയാണിത്. 
    ജില്ലയിലെ രൂക്ഷമായ മണല്‍ ക്ഷാമത്താല്‍ പ്രതിസന്ധിയിലായ നിര്‍മാണ മേഖലയ്ക്കും പൊതുജനങ്ങള്‍ക്കും വലിയ ആശ്വാസമാണ് തുറമുഖവകുപ്പിന്റെ മണല്‍ വിതരണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. അഴീക്കോട്, വളപട്ടണം, പാപ്പിനിശ്ശേരി, കല്യാശ്ശേരി, മാട്ടൂല്‍ എന്നീ പഞ്ചായത്തുകളിലാണ് തുറമുഖ കടവുകള്‍ പ്രവര്‍ത്തിക്കുന്നത്. അടുത്ത ജനുവരിയോടെ തുറമുഖത്ത് അനുവദിച്ച 15  കടവുകളും പൂര്‍ണ തോതില്‍ പ്രവര്‍ത്തനസജ്ജമാകും. ഇതോടെ അര ലക്ഷം ടണ്ണിന് മുകളില്‍  മണല്‍ വിതരണം ചെയ്യാനാവുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 
    കൂടാതെ ഇതു വഴി തുറമുഖത്തും അനുബന്ധ മേഖലയിലുമായി 2500ല്‍ അധികം തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാകുകയും ചെയ്യും. ജനങ്ങള്‍ക്ക് ന്യായമായ വിലയില്‍ മണല്‍ ലഭിക്കണമെന്ന ഉദ്ദേശത്തോടടെ സര്‍ക്കാര്‍ 3 ടണ്‍ മണലിന് 4835 രൂപയും 5 ടണ്ണിന് 7912 രൂപയുമാണ് ജി.എസ്.ടി ഉള്‍പ്പെടെ പരമാവധി വില നിശ്ചയിച്ചതിട്ടുള്ളത്. മണല്‍ കൊണ്ടുപോകുന്ന ലോറിക്ക് വാടകയിനത്തില്‍ 3 ടണ്ണിന് 1100 രൂപയും (5 കി.മീ ദൂരം, പിന്നീടുള്ള ഓരോ കിലോമീറ്ററിനും 60 രൂപ), 5 ടണ്‍ ലോറിക്ക്  1450 രൂപയും  (5കി.മീ ദൂരം, പിന്നീടുള്ള ഓരോ കിലോമീറ്ററിനും 95 രൂപ) നിശ്ചയിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ബുക്കിംഗുകള്‍ ദിനം പ്രതി വരുന്നതിനാല്‍ തുടക്കത്തില്‍ മണല്‍ ലഭിക്കാന്‍ കാലതാമസം നേരിടുന്നുണ്ടെങ്കിലും ജനുവരിയോടെ ബുക്ക് ചെയ്ത് ഒരാഴ്ചക്കുള്ളില്‍ മണല്‍ ലഭ്യമാക്കാന്‍ കഴിയുമെന്ന് മന്ത്രി അറിയിച്ചു . 
    ജില്ലാ പഞ്ചായത് ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രിയുടെ മണ്ഡലം പ്രതിനിധി യു ബാബു ഗോപിനാഥ് , മണ്ഡലം വികസന സമിതി കണ്‍വീനര്‍ എന്‍ ചന്ദ്രന്‍, അഴീക്കല്‍ സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ എം സുധീര്‍ കുമാര്‍, അഴീക്കോട് പഞ്ചാത്ത്് പ്രസിഡന്റ് സി പ്രസന്ന, വളപട്ടണം പഞ്ചായത് പ്രസിഡന്റ് എന്‍ പി മനോരമ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ നൗഷാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പി എന്‍ സി/4346/2017

date