വലിയ നദികളുടെ സംരക്ഷണം ഏറ്റെടുക്കും - മുഖ്യമന്ത്രി
സംസ്ഥാനത്തെ ജലസ്രോതസ്സുകള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വലിയ നദികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹരിത മിഷന്റെ ഭാഗമായി രണ്ടാം ഘട്ടത്തിലാണ് നദീ സംരക്ഷണം ഏറ്റെടുക്കാന്‍ ആലോചിച്ചിരുന്നത്. എന്നാല്‍ ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിന് ജനങ്ങള്‍ തന്നെ വലിയതോതില്‍ മുന്നോട്ടിറങ്ങുന്നു. തീര്‍ത്തും ഇല്ലാതായ വരട്ടയാര്‍ സംരക്ഷിക്കുന്നതിന് നാട്ടുകാര്‍ തന്നെ മുന്നോട്ടിറങ്ങി. ചെലവ് വന്ന ഒരു ലക്ഷം രൂപയും നാട്ടുകാര്‍ തന്നെ ശേഖരിച്ച് ചെലവഴിക്കുകയായിരുന്നു. വരട്ടയാര്‍ പൂര്‍ണമായും പുനര്‍ജനിച്ച അവസ്ഥയുണ്ടായി. ഇത്തരം നല്ല ഇടപെടലുകള്‍ പലയിടത്തും കാണാന്‍ കഴിയുന്നു. ഈ സാഹചര്യത്തിലാണ് വലിയ നദികളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി സംഘടിപ്പിച്ച പരിസ്ഥിതി സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് ശുദ്ധമായ ജലം ലഭിക്കണം. കേരളത്തിലെ എല്ലാ വീടുകളിലും പണ്ട് കിണറുകള്‍ ഉണ്ടായിരുന്നു. നാടിന്റെ സംസ്‌കാരം കൂടിയായിരുന്നു അത്. പിന്നീട് പൈപ്പില്‍ കൂടി ജലം കിട്ടിത്തുടങ്ങിയപ്പോള്‍ കിണര്‍ പലരും നികത്തി. ഉത്തരവാദിത്വപ്പെട്ടവര്‍ അതിന് പ്രോത്സാഹനവും നല്‍കി.
യഥാര്‍ത്ഥത്തില്‍ കിണറുകള്‍ ജലസംഭരണികളാണ്. കിണറുകളെ പൂര്‍ണമായും സംരക്ഷിക്കാന്‍ ഹരിത കേരള മിഷന്റെ ഭാഗമായി പരിശ്രമിക്കുന്നുണ്ട്. വീടിനു മുകളില്‍ ലഭിക്കുന്ന മഴവെള്ളം കിണറിലെത്തിക്കാന്‍ ചെറിയ പൈപ്പ് മതി. പുതിയ കെട്ടിടങ്ങളില്‍ മഴവെള്ള സംഭരണത്തിനുള്ള സംവിധാനങ്ങള്‍ ഉണ്ടാകണം. കിണറില്ലെങ്കില്‍ ഒരു മഴക്കുഴിയെങ്കിലും ഉണ്ടാകണം. വന്‍കിട നിര്‍മാണ പദ്ധതികളില്‍ മൂന്നു ശതമാനം സ്ഥലം ജലസംഭരണിക്കായി നീക്കിവയ്ക്കണം.
ഇപ്പോഴുള്ള കുളങ്ങള്‍ നല്ല രിതിയില്‍ പുനര്‍ജീവിപ്പിക്കാനാകണം. നിലവില്‍ നിരവധി കുളങ്ങള്‍ ശുചീകരിക്കുകയും പുനര്‍ജീവിപ്പിക്കുകയും ചെയ്തു കഴിഞ്ഞു. അതും തുടരണം. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് ധാരാളം കുളങ്ങളുണ്ട്. ചിലതൊക്കെ വശങ്ങളിടിഞ്ഞ് തകര്‍ന്നുകിടക്കുകയാണ്. ഇവയൊക്കെ പുനര്‍ജീവിപ്പിക്കാനുള്ള സമഗ്ര പരിപാടി തയ്യാറാക്കണം. കുളം ഇല്ലാത്തിടത്ത് പുതിയവ നിര്‍മ്മിക്കുന്നതിന് മുന്‍കൈയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാക്ഷാരതാ മിഷന്‍ അതോറിറ്റി തയ്യാറാക്കിയ സംസ്ഥാനത്തെ ജലസ്രോതസ്സുകളുടെ സ്ഥിതിവിവരപഠന റിപ്പോര്‍ട്ട് ചടങ്ങില്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഡോ. ടി.എന്‍. സീമ എം.പി ആദ്യപ്രതി ഏറ്റുവാങ്ങി. വി.എസ്. ശിവകുമാര്‍ എം.എല്‍.എ. അധ്യക്ഷനായ ചടങ്ങില്‍ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. മുന്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, സി.പി. നാരായണന്‍ എം.പി., പാലോട് രവി തുടങ്ങിയവര്‍ സംസാരിച്ചു. സാക്ഷരതാ മിഷന്‍ അതോറിറ്റി ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല സ്വാഗതവും അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ജെ. വിജയമ്മ നന്ദിയും പറഞ്ഞു.
രണ്ടു ദിവസങ്ങളായി നടക്കുന്ന സെമിനാറില്‍ മണ്ണ്, ജലം, കാലാവസ്ഥ വ്യതിയാനം, മാലിന്യനിര്‍മാര്‍ജനം, ജൈവവൈവിധ്യങ്ങള്‍, ഹരിതഭവനം എന്നീ മേഖലകളിലെ 24 പ്രബന്ധങ്ങളാണ് അവതരിപ്പിക്കപ്പെടുന്നത്. ഇന്ന് (20/11/2017) ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സമാപന സമ്മേളനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.
പി.എന്‍.എക്‌സ്.4920/17
- Log in to post comments