കേരളത്തില്‍ അഴിമതിക്ക് വഴങ്ങാത്ത സംസ്ക്കാരം വളര്‍ത്തണം : മുഖ്യമന്ത്രി
കേരളത്തില്‍ അഴിമതിക്കു വഴങ്ങാത്ത സംസ്കാരം വളര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പലവിധ ജീവിത പ്രശ്നങ്ങളുമായി സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്ന പൊതുജനങ്ങളെ പിഴിയുന്ന സമീപനം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാവരുത്.അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം.
അഗളി പഞ്ചായത്ത് സ്റ്റേഡിയം ഗ്രൗണ്ടില്‍ അഗളി മിനി സിവില്‍ സ്റ്റേഷന് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നുളള സമീപത്തില്‍ ദുരനുഭവമുണ്ടായാല്‍ പരാതിപ്പെടണം. പൊതു ജനങ്ങള്‍ അതില്‍ കരുവാക്കപ്പെടരുത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് അഴിമതി ബോധ്യപ്പെട്ടാല്‍ അന്വേഷണവും തുടര്‍ന്ന് നിയമനടപടിയുമുണ്ടാവും.ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണമായും ജനസൗഹൃദമാവണം. ഓഫീസുകളില്‍ വിവിധ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ സഹപ്രവര്‍ത്തകരില്‍ ഇത്തരം പ്രവണത കണ്ടാല്‍ അത് വിലക്കുകയൊ തിരുത്തുകയോ വേണം. ഇത്തരം സംസ്കാരത്തിലൂടെ മാത്രമേ ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യം ലഭിക്കു. സംസ്ഥാനത്ത് ഏറെക്കുറെ അഴിമതി ഇല്ലാതായി . എന്നാല്‍ പൂര്‍ണമായി അഴിമതിരഹിത സംസ്ഥാനമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.അട്ടപ്പാടിയിലെ ജനങ്ങള്‍ ഒരിക്കലും അഴിമതി പ്രോത്സാഹിപ്പിക്കരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ഒരു ഫയല്‍ ഒരു ഉദ്യാഗസ്ഥന്റെ കൈവശം എത്രനാള്‍ ഇരിക്കുന്നുവെന്നറിയുന്ന സംവിധാനം ഉടന്‍ നിലവില്‍ വരും.ഉദ്യോഗസ്ഥര്‍ കൈയില്‍ എത്തുന്ന ഫയല്‍ നീക്കുന്നതില്‍ കാലതാമസം വരുത്താന്‍ പാടില്ല.ഇത്തരത്തില്‍ ജനസൗഹാര്‍ദ്ദപരമായി സേവനം നടത്തണം.
ഉദ്യോഗസ്ഥര്‍ക്ക് മുന്നിലെത്തുന്ന ഫയലുകളില്‍ ഓരോ ജീവിതങ്ങള്‍ തുടിക്കുന്നുണ്ട്. ഫയല്‍ നീക്കത്തില്‍ കാലതാമസം ഒഴിവാക്കാന്‍ നാം ഇ-ഗവേണന്‍സ് ഉപയോഗിച്ചു വരുന്നു. അതിനാല്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് സര്‍ക്കാര്‍ ഓഫീസുകളില്‍ പോകാതെ കാര്യം നടത്താം. ഇത്തരത്തില്‍ നാം സാങ്കേതികതയിലേക്ക് മാറുമ്പോള്‍ സര്‍വീസ് മേഖലയും മാറണം.സാങ്കേതിക വിദ്യ അറിയാവുന്നവര്‍ നാട്ടിലുണ്ട്. അറിയാത്തവര്‍ക്കായി പൊതു സംവിധാനങ്ങളും നിലവിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ദേവസ്വം ബോര്‍ഡ് നിയമനത്തിന് സംവരണവ്യവസ്ഥയില്‍ 10 ശതമാനം മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി നീക്കി വെച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. നിലവില്‍ സംവരണം ലഭിച്ചുപോരുന്ന പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കവിഭാഗക്കാരുടെ സംവരണം നിലനിര്‍ത്തിക്കൊണ്ടാണ് സര്‍ക്കാര്‍ തീരുമാനം.
പരിപാടിയില്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് അധ്യക്ഷനായി.അട്ടപ്പാടിയില്‍ ഈയടുത്തുണ്ടായ ഉരുള്‍പൊട്ടലുണ്ടായ നാശനഷ്ട കണക്കുകള്‍ സംബന്ധിച്ച് വില്ലേജ്-താലൂക്ക്തല റിപ്പോര്‍ട്ടുകള്‍ കിട്ടിയാലുടന്‍ നിയമങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി ഇ.ചന്ദ്രശഖരന്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. വനം-റവന്യൂ ഭൂമിപ്രശ്നത്തെ തുടര്‍ന്ന് കരമടയ്ക്കാന്‍ കഴിയാതെ വരുന്ന പ്രശ്നം പരിഹരിക്കാന്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. എം.എല്‍.എമാരായ എന്‍.ഷംസുദ്ദീന്, പി.കെ ശശി, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരിരേശന്‍,അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാര്‍,ജില്ലാ പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, എ.ഡി.എം എസ്.വിജയന് , സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
2085 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുളള മൂന്ന് നിലകെട്ടിടമാണ് നിര്‍മിച്ചിരിക്കുന്നത്. ഇതില്‍ 12 ഓഫീസുകള്് പ്രവര്‍ത്തിക്കും.പൊതുമരാമത്ത്കെട്ടിട വിഭാഗം 3, 78,28,784 കോടിയാണ് ചെലവിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
- Log in to post comments